വൈശാഖ് മമ്മൂട്ടി ചിത്രം ന്യൂയോർക്ക് എന്ന് തുടങ്ങും: വ്യക്തമായ മറുപടി നൽകി അണിയറക്കാർ

91

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ, മധുരരാജാ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ന്യൂയോർക്ക്. പൂർണ്ണമായും അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ ചിത്രീകരിക്കേണ്ട ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ് ചിത്രം.

നിലവിലെ സാഹചര്യത്തിൽ ചിത്രത്തിന്റെ ഭാവിയെപ്പറ്റി വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ യുജിഎം എന്റർടെയിൻമെന്റ്സ്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ, ഫഹദ് ഫാസിൽ നായകനാകുന്ന പാട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിർമ്മാതാക്കളായ യുജിഎം എന്റർടെയിൻമെന്റ്സ് കഴിഞ്ഞ ദിവസം ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു.

ഈ പോസ്റ്ററിന് അടിയിലാണ് ന്യൂയോർക്ക് എന്ന ചിത്രത്തെ സംബന്ധിക്കുന്ന ചോദ്യങ്ങളുമായി മമ്മൂട്ടി ആരാധകരെത്തിയത്. ആരാധകർക്കുള്ള മറുപടിയായ്, കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന ശേഷം, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് ചിത്രത്തിന്റെ ജോലികൾ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ, ഈ അടുത്തൊന്നും ഒരു മലയാള സിനിമ ചിത്രീകരിക്കാൻ സാധിക്കില്ല എന്ന ബോധ്യത്തിൽ, താനിപ്പോഴും കരുതുന്നത് കൊറോണ ഭീതിയെല്ലാം ഒഴിഞ്ഞ്,തിരക്കഥ ആവശ്യപ്പെടുംപോലെ ചിത്രം പൂർണ്ണമായും ന്യൂയോർക്കിൽ ചിത്രീകരിക്കാൻ കഴിയുമെന്ന് തന്നെയാണ്.

ഇനി അഥവാ അതിന് കഴിഞ്ഞില്ലേൽ, കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഉൾപ്പടെയുള്ള സിനിമയിലെ സാങ്കേതിക വിദ്യകൾ ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത്, ഇന്ത്യയിലെ ഏതെങ്കിലും സ്റ്റുഡിയോയിൽ ന്യൂയോർക്ക് നഗരം സെറ്റ് ഇട്ട് സിനിമ ചിത്രീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ടി വരും. മുൻപൊരിക്കൽ ചിത്രത്തെക്കുറിച്ച് സംവിധായകൻ വൈശാഖ് പറഞ്ഞ വാക്കുകളാണ്.

ഇന്ത്യൻ ടെക്നിഷ്യൻസിനൊപ്പം ധാരാളം വിദേശ ടെക്നീഷ്യന്മാരും ഭാഗമാകേണ്ട ചിത്രമാകയാൽ, മമ്മൂട്ടി ചിത്രം ന്യൂയോർക്ക്, ഈ അടുത്ത കാലത്തൊന്നും തുടങ്ങിയേക്കില്ല എന്നാണ് അണിയറയിൽ നിന്നും ലഭിക്കുന്ന സൂചന.

നിലവിൽ, ഉണ്ണി മുകുന്ദനെ നായകനാക്കി, ഉദയകൃഷണയുടെ തിരക്കഥയിൽ ബ്രൂസ്ലീ എന്നൊരു മലയാള ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വൈശാഖ്. ഒരു ആക്ഷൻ ചിത്രമെന്ന നിലയിൽ, പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം നിർമ്മിക്കുന്നതും നായകനാി എത്തുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്.