മണികണ്ഠൻ ആചാരി വിവാഹിതനായി, ചെലവ് തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

24

കൊച്ചി: നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയാണ് വധു.

ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു. നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങൾക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം.

Advertisements

നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാൻ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തിൽ അടുത്തുള്ള അമ്പലത്തിൽ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിർവാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കിൽ എങ്കിലും ആഘോഷിക്കണം, നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മണികണ്ഠൻ പറഞ്ഞു.

വിവാഹച്ചെലവുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ അറിയിച്ചിരുന്നു. എംഎൽഎ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങി. കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികൾക്ക് പ്രിയങ്കരനായത്.

പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.

Advertisement