ചാര്‍ലി കണ്ട് വിഷാദരോഗത്തില്‍ നിന്ന് മുക്തനായി; ബംഗ്ലാദേശുകാരന്‍ നന്ദി സൂചകമായി മകന് ‘ദുല്‍ഖര്‍ സല്‍മാന്‍’ എന്ന് പേരിട്ടു

14

സിനിമ അഭിനേതാക്കളോടുള്ള പ്രേക്ഷകരുടെ ആരാധനയും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും നിത്യസംഭവങ്ങളാണ്. അവയില്‍ അന്ധമായ ആരാധനയുടെയും സുദൃഢമായ സ്‌നേഹ ബന്ധങ്ങളുടെയും കഥ പറയാനുണ്ടാകും.

Advertisements

ഇത്തരം വാര്‍ത്തകളെയും വിശേഷങ്ങളെയുമെല്ലാം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഒരു ദുല്‍ഖര്‍ സല്‍മാന്‍ ആരാധകന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. അതും ഒരു ബംഗ്ലാദേശുകാരനായ ആരാധകന്റെ.

ദുല്‍ഖറിന്റെ ചാര്‍ലി സിനിമ കണ്ട് വിഷാദരോഗത്തില്‍ നിന്ന് മുക്തനായ യുവാവ് തന്റെ മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ടു എന്നതാണ് ആ വാര്‍ത്ത. തന്റെ നാട്ടില്‍ നടന്ന സംഭവം ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ എന്നയാളാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

‘ഞങ്ങളുടെ നാട്ടിലൊരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദരോഗത്തില്‍ നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിടുകയും ചെയ്തു. ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്’ എന്നായിരുന്നു സെയ്ഫുദ്ദീന്റെ ട്വീറ്റ്. തന്നെ ടാഗ് ചെയ്തുള്ള ട്വീറ്റ് ശ്രദ്ധയില്‍ പെട്ട ദുല്‍ഖര്‍ ആരാധകന് നന്ദിയറിയിച്ച് രംഗത്ത് വന്നു.

ഒരുപാട് നന്ദി. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം. കോളജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുള്ള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു’ എന്നായിരുന്നു ദുല്‍ഖറിന്റെ റീട്വീറ്റ്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി മേനോന്‍, അപര്‍ണ ഗോപിനാഥ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

Advertisement