പടുകൂറ്റൻ മാമാങ്ക ചന്തയും നിലപാടുതറയും, 350 ലേറെ കച്ചവട സ്ഥാപനങ്ങളും: ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന് കണ്ടിട്ടുളളതിൽവച്ച് ഏറ്റവും വലിയ സെറ്റൊരുക്കി മമ്മൂട്ടിയുടെ മാമാങ്കം

25

ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന് കേരളം കണ്ടിട്ടുളളതിൽവച്ച് ഏറ്റവും വലിയ സെറ്റൊരുക്കി മമ്മൂട്ടിയുടെ മാമാങ്കത്തിന്റെ അവസാനഘട്ട ചിത്രീകരണം കൊച്ചിയിൽ തുടങ്ങി.

നെട്ടൂരിൽ ഇരുപത് ഏക്കർ സ്ഥലത്താണ് നൂറുകണക്കിന് ജോലിക്കാർ ചേർന്ന് പടുകൂറ്റൻ മാമാങ്ക ചന്തയും നിലപാടുതറയും ഉൾപ്പെട്ട സെറ്റ് പടുത്തുയർത്തിയത്.പത്തുകോടി രൂപ മുടക്കിയാണ് നാലുമാസം കൊണ്ട് ഇവിടെ സെറ്റ് രൂപകൽപ്പന ചെയ്തിട്ടുളളത്.

Advertisements

മാമാങ്ക പടയ്ക്ക് വേണ്ടി ആയുധങ്ങൾ നിർമ്മിക്കാൻ ആയുധ നിർമ്മാണശാലയും ഇതിനൊപ്പം പ്രവർത്തിക്കുന്നു. ചിത്രീകരണത്തിനുവേണ്ട തോക്കുൾപ്പെടെയുളള ആയുധങ്ങളും പൗരാണിക ഇരുമ്ബ് ആയുധങ്ങളും ഇവിടെ തന്നെ നിർമ്മിക്കുകയാണ്.

ഉപകരണങ്ങൾക്കാവശ്യമായ മുഴുവൻ മരവും പെരുമ്ബാവൂരിൽ നിന്നാണ് എത്തിച്ചത്.

40 ദിവസത്തോളം ഇവിടെ മുടങ്ങാതെ ചിത്രീകരണമുണ്ടാകും. രാത്രികാല രംഗങ്ങളാണ് പൂർണമായും ചിത്രീകരിക്കുക. പനയോലയിൽ തീർത്ത 350ലേറെ കച്ചവട സ്ഥാപനങ്ങൾ സിനിമയ്ക്ക് വേണ്ടി ഇവിടെ നിർമിച്ചുകഴിഞ്ഞു.

പടനയിക്കാനുളള ആനകളെയും കുതിരകളെയും നെട്ടൂരിലെത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സ്വദേശി രാജീവിന്റേതുൾപ്പെടെ നിരവധി കുതിരകളെ സെറ്റിലെത്തിച്ചു.

മാമാങ്കപട നയിക്കാനുളള 500ഓളം കലാകാരന്മാർ കൊച്ചിയിലും പരിസരത്തുമുളള ഹോട്ടലുകളിൽ തങ്ങിയാണ് ചിത്രീകരണത്തിൽ പങ്കെടുക്കുക.

17ാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥ പറയുമ്‌ബോൾ ഫ്രഞ്ച്, അറബ്, ചൈനീസ് നടന്മാരും ക്യാമറയ്ക്ക് മുന്നിലെത്തും. ലൂസിഫർ സിനിമയുടെ സെറ്റ് ഒരുക്കിയ ആർട്ട് ഡയറക്ടർ മോഹൻദാസാണ് മാമാങ്കത്തിന്റെയും രംഗശിൽപി.

കണ്ണൂർ, അതിരപ്പളളി, വാഗമൺ, ഒറ്റപ്പാലം വരിക്കാശേരിമന, എന്നിവിടങ്ങളിലെ ചിത്രീകരണം പൂർത്തിയാക്കിയാണ് നെട്ടൂരിൽ അവസാനഷെഡ്യൂൾ തീർക്കാൻ സംഘമെത്തിയിട്ടുളളത്

Advertisement