പേരന്‍പ് തിയേറ്ററുകളില്‍ എത്തുന്നത് അമരം റിലീസ് ചെയ്ത അതേ തിയതിയില്‍ തന്നെ; ഇതിനു പിന്നില്‍ ഒരു കാരണമുണ്ട്!

55

മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ അമരം റിലീസ് ചെയ്ത അതേ തിയതിയില്‍ തന്നെയാണ് പേരന്‍പും റിലീസിനെത്തുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം.

Advertisements

ഫെബ്രുവരി ഒന്നിനാണ് പേരന്‍പ് തിയേറ്ററുകളിലെത്തുക. ലോഹിത ദാസ് എഴുതി ഭരതന്‍ സംവിധാനം ചെയ്ത അമരം 1991 ഫെബ്രുവരി ഒന്നിനാണ് റിലീസ് ചെയ്തത്. രണ്ടു ചിത്രം ഒരേ തിയതിയില്‍ റിലീസ് ചെയ്യാന്‍ ഒരു കാരണമുണ്ട്.

സംവിധായകന്‍ റാം മമ്മൂട്ടിയുടെ ആരാധകന്‍ ആയി മാറുന്നത് അമരം എന്ന മമ്മൂട്ടി ചിത്രം കണ്ടാണ്. അതിനാലാണ് തന്റെ ചിത്രം ഫെബ്രുവരി ഒന്നിന് തന്നെ റാം തിയേറ്ററുകളിലെത്തിക്കുന്നത്.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച ഒരു ചിത്രമാണ് അമരം. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ അച്ചൂട്ടി എന്ന കഥാപാത്രം മമ്മൂട്ടിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടികൊടുത്തു.

28 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ തിയതിയില്‍ മറ്റൊരു മമ്മൂട്ടി ചിത്രമെത്തുമ്പോള്‍ ആരാധകര്‍ ഏറെ ആവേശത്തിലാണ്. പേരന്‍പിന് ചലച്ചിത്ര മേളകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. തങ്കമീന്‍കള്‍, തരമണി, കാട്രത് തമിഴ് എന്നീ ജനപ്രിയ ചിത്രങ്ങള്‍ക്ക് ശേഷം റാം ഒരുക്കിയ ചിത്രമാണ് പേരന്‍പ്.

അമുദന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ്.

മമ്മൂട്ടി അമുദനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്.

സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം.

Advertisement