പുരുഷന് നോക്കി രസിച്ച് കൈക്രിയ കാണിക്കാനുള്ളതല്ല പെൺ ശരീരം; പൂമാല കിട്ടിയവൻ നാളെ മാലയിട്ട് സ്വീകരിച്ചയാളുടെ കുടുംബത്തിലെ പെൺകുട്ടിക്ക് നേരെയാകും; ഭാഗ്യലക്ഷ്മി

2082

ബസിൽ പെൺകുട്ടിക്ക് നേരെ അ തി ക്രമം കാണിച്ച് ജയിലിലായ പ്രതിയെ ഓൾ കേരള മെൻസ് അസോസിയേഷനെന്ന പേരിൽ മാലയിട്ട് സ്വീകരിച്ച സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ ജാമ്യം ലഭിച്ച സവാദിനെ പൂമാലയിട്ടു സ്വീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷന്റെ ലക്ഷ്യമെന്താണെന്നും താരം ചോദ്യം ചെയ്യുന്നു.

ഭാഗ്യ ലക്ഷ്മിയുടെ പ്രസ്താവന ഇങ്ങനെ:

Advertisements

”സ്ത്രീകൾക്കെതിരെ രംഗത്തിറങ്ങുന്ന പുരുഷനെ സപ്പോർട്ട് ചെയ്യുക എന്ന പ്രവണതയാണ് ഞാൻ കൂടുതലായും കേരളത്തിൽ കണ്ടത്. അതാണ് പുരുഷത്വം, അതാണ് ഹീറോയിസം എന്നാണ് ഇവർ വിശ്വസിക്കുന്നത്. അതിനെ ഒരു പരിധി വരെ സമ്മതിച്ചുകൊടുക്കുന്ന സ്ത്രീകളും ഉണ്ട്. വാർത്തയ്ക്ക് ആധാരമായ സംഭവം നടക്കുമ്പോൾ ബസിലുള്ള മറ്റു സ്ത്രീകൾ പ്രതികരിക്കുന്നില്ല. കണ്ടക്ടർ ആണ് പെൺകുട്ടിയോടൊപ്പം നിന്നത്. സമൂഹത്തിൽ ഏതു വിഷയം ഉണ്ടായാലും സ്ത്രീയോടൊപ്പം പൊതുരംഗത്ത് സ്ത്രീകൾ നിൽക്കില്ല. ഇതിനൊരു മാറ്റം വരണമെങ്കിൽ എല്ലാവരും ഒത്തൊരുമിക്കണം.”

”മെൻസ് അസോസിയേഷന്റെ ആവശ്യകതയെന്ത്?

മെൻസ് അസോസിയേഷന്റെ ആവശ്യം എന്താണ്. ഞങ്ങൾ സ്ത്രീകളെ പരിഹസിക്കുകയും തെറിവിളിക്കുകയും ചെയ്യും. ഞങ്ങൾക്കെതിരെ ആരും ഒന്നും പറയരുത്. ഇതാണോ അവരുടെ ആവശ്യം. ഞങ്ങൾ സിപ്പ് തുറന്ന് കാണിക്കും അവൾ കാണണം, ഞങ്ങൾ ബലാത്സംഗം ചെയ്യും അവൾ സഹിക്കണം, ഞങ്ങൾ തെറി വിളിക്കും അവൾ കേൾക്കണം. ഇതാണോ മെൻസ് അസോസിയേഷന്റെ മുദ്രാവാക്യം? ന:സ്ത്രീ സ്വാതന്ത്ര്യമർഹതി. അതാണോ അവരുടെ സ്ലോഗൻ. നഗ്നതാ പ്രദർശന യുദ്ധത്തിൽ വിജയിച്ചു വന്നതിനാണോ മാലയിട്ട് സ്വീകരിച്ചത്.? കേരളം ലജ്ജിക്കും.”

ALSO READ- നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് സാരി ചേരില്ല; ബ്രിട്ടണിൽ സാരിയുടുത്ത താരപുത്രിക്ക് നേരെ അധിക്ഷേപം; നിങ്ങളുടെ സ്വന്തം കാര്യം നോക്കൂവെന്ന് ഭാഗ്യ സുരേഷ്

”അപൂർവമായി പുരുഷന്മാർക്കെതിരെ വീടുകളിൽ ഡൊമസ്റ്റിക് വയലൻസ് ഒരു ശതമാനം നടക്കുന്നുണ്ടായിരിക്കും. അങ്ങനെയുള്ള പുരുഷന്മാർ പുറത്തുവന്ന് പറയണം. അല്ലാതെ ഇങ്ങനെയുള്ള പ്രശ്നം നടക്കുമ്പോൾ അവർക്ക് വേണ്ടിയല്ല മെൻസ് അസോസിയേഷൻ തുടങ്ങേണ്ടതും സംസാരിക്കേണ്ടതും.”

”ഈയിടെ എന്റെ വീട്ടിൽ ഒരു ഭാര്യയും ഭർത്താവും വന്നിരുന്നു. ഭർത്താവിനെ ഭാര്യ വല്ലാതെ ദേഹോപദ്രവം ചെയ്യുന്നുണ്ട്. നിങ്ങൾ കേസ് കൊടുക്കൂ എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കേസ് കൊടുത്താൽ നാണക്കേടല്ലേ എന്നാണ് അയാൾ എന്നോട് ചോദിച്ചത്. ഈ ഉപദ്രവം ഏൽക്കുന്നത് വലിയ അഭിമാനമാണോ?”

”ഒരാൾ കമന്റിൽ പറഞ്ഞത്പോലെ നാളെ ഗോവിന്ദചാമി ജയിലിൽ നിന്നിറങ്ങിയാലും ഇതുപോലെ മാലയിട്ട് സ്വീകരിക്കും. പീഡനകേസിലെ പ്രതികളെല്ലാം ജയിൽ വിട്ട് ഇറങ്ങുമ്പോൾ ഇവർ മാലയിട്ട് സ്വീകരിക്കും. ഇവർക്ക് തന്നെ ഈ പ്രവൃത്തികൾ അപകടകരമാകും എന്ന് ഇവർ തിരിച്ചറിയുന്നില്ല. ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ട കാര്യമല്ല ഇതെന്ന് ഇവർ മനസിലാക്കുന്നില്ല.”

”ലൈംഗീകാവയവം പൊതുസ്ഥലത്ത് പുറത്ത് കാണിക്കുന്നത് വലിയൊരു ഹീറോയിസമാണെന്നോ പുരുഷലക്ഷണമാണെന്നോ കരുതുന്നത് എന്ത് സമൂഹമാണ്? അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യത്തോടെ അവിടെ നിന്ന് തെളിയിക്കാമല്ലോ. ആ വിഷ്വലിൽ തൊട്ടടുത്തിരിക്കുന്ന പെൺകുട്ടി ഒന്നും പ്രതികരിക്കുന്നില്ല. അത് സമൂഹത്തിലെ പലർക്കും രക്ഷയാകുകയാണ്.”

ALSO READ- ആദ്യ സിനിമയിൽ തന്നെ ചുംബനരംഗം; അങ്ങനെയുള്ള സീനുകൾ ചെയ്യാൻ തയ്യാറാണെന്ന് സിനിമാലോകം വിചാരിച്ചു; എന്നാൽ താനത് തിരുത്തി: പ്രിയ വാര്യർ

”എന്തിനാണ് ഒരു പുരുഷൻ രണ്ട് പെൺകുട്ടികളുടെ നടുക്ക് കയറിയിരിക്കുന്നത്. അയാൾക്ക് നിന്നുകൂടെ? അല്ലെങ്കിൽ ആണുങ്ങളുടെ സീറ്റിൽ ഇരുന്നുകൂടേ? പ്രതികരിക്കുന്നു എന്ന് തോന്നിയാൽ എണീറ്റു പോണം. അതിനുപകരം അവിടുന്ന് ഇറങ്ങി ഓടുന്നത് എന്തിന്? പൊലീസ് സ്റ്റേഷനിൽ പോകാമെന്നാണ് അവർ പറഞ്ഞത്. എങ്കിൽ അത് തെളിയിച്ചുകൂടേ? അല്ലാതെ ജയിലിൽ നിന്ന് ഇറങ്ങിവരുമ്പോൾ പൂമാല ഇട്ട് സ്വീകരിക്കുക അല്ല വേണ്ടത്.”

∙നിയമം നൽകുന്ന പരിരക്ഷ

”പുരുഷന് നോക്കി രസിക്കാനോ കൈക്രിയ കാണിക്കാനോ ഉള്ളതല്ല പെണ്ണിന്റെ ശരീരം. അത് ഒരു പെണ്ണിന്റേത് മാത്രമാണ്.”

”എത്ര മോശമായാണ് പ്രതികരിച്ച പെൺകുട്ടിക്കെതിരേ കമന്റുകൾ ഇടുന്നത്. ഒരു പെൺകുട്ടി സമൂഹത്തിന്റെ മുൻപിൽ വന്ന് എനിക്ക് ഇങ്ങനെ സംഭവിച്ചു എന്ന പറയുന്നത് അഭിമാനം ഉള്ള കാര്യമല്ല. സമൂഹത്തിന്റെ മുന്നിൽ എത്ര ലജ്ജയോടുകൂടിയാണ് അവൾ ഇത് പറയുന്നത്. പക്ഷേ അവൻ ഇത് അഭിമാനമായിട്ടാണ് കാണുന്നത്. പണ്ട് ഇടവഴികളിൽ ഇങ്ങനെയുള്ള ആളുകൾ ഉണ്ടായിരുന്നു ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇങ്ങനെയുള്ള കേസുകൾ വീണ്ടും വരുന്നില്ലേ. അത് എന്തുകൊണ്ടാണെന്ന് നിയമപാലകരും കോടതിയും കൂടി മനസ്സിലാക്കണം. ശക്തമായ ശിക്ഷ അവർക്ക് കിട്ടാത്തതുകൊണ്ടാണ്. നിയമം അവർക്ക് കൊടുക്കുന്ന പരിരക്ഷ കൊണ്ടാണ് ഇത്തരം കേസുകൾ വീണ്ടും വർധിക്കുന്നത്. നിയമവും സമൂഹവും അവനെ സഹായിക്കുകയാണ്. പെണ്ണിനെ സഹായിക്കാൻ ഇവിടെ ആരാണ് ഉള്ളത്. എന്നാൽ പെണ്ണ് കൈവയ്ക്കുമ്പോൾ നിയമം കയ്യിലെടുത്തു എന്ന പരാതിയും.”

∙സ്ത്രീയുടെ ചിന്താഗതിയും മാറണം

”സ്ത്രീ സമൂഹത്തിൽ ബഹുമാനിക്കപ്പെടണം എന്ന് സ്ത്രീകൾക്ക് തോന്നലില്ല. സ്ത്രീകൾ തന്നെ വിചാരിക്കുന്നത് സ്ത്രീ ലൈംഗീക വസ്തുവാണ് എന്നാണ്. അയാൾക്ക് പൂമാല ഇടുന്ന രംഗം ഒരുപക്ഷേ സ്ത്രീകൾ അവിടെ കണ്ടുകൊണ്ട് നിൽക്കുന്നുണ്ടാവും. അവിടെ ഒരു പ്രതികരണം പോലും സ്ത്രീയുടെ ഭാഗത്തു നിന്നില്ല. നമ്മുടെ സമൂഹത്തിൽ ഏതു പീഡനക്കേസ് എടുത്തു നോക്കിയാലും അതിനു പുറകിൽ, ആ പെൺകുട്ടിയെ ചതിച്ച, പ്രതികളെ സഹായിച്ച ഒരു സ്ത്രീയുണ്ടാകും. അങ്ങനെയുള്ളിടത്തോളം കാലം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്. നമ്മുടെ നാട് പുറകോട്ടാണ് പോകുന്നത്. കോവിഡ് സമയത്ത് ഒരു സ്ത്രീയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചു എന്ന വാർത്തയുണ്ടായിരുന്നു. ആ സമയത്ത് ആളുകൾ പ്രതികരിച്ചത് അവൾ പ്രകോപനപരമായിട്ട് എന്തോ ചെയ്തുവെന്ന രീതിയിലാണ്. ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം നിയമമോ നീതിയോ ഒന്നുമല്ല, നമ്മൾ ഒരുമിച്ച് നിൽക്കാത്തതാണ്. ഒരു പെൺകുട്ടിക്ക് നേരെ അക്രമം നടക്കുമ്പോൾ അവളുടെ കുടുംബത്തോടൊപ്പം സമൂഹവും നിൽക്കണം. എന്നാൽ അത് ഇവിടെ സംഭവിക്കുന്നില്ല.”

”ചിന്താഗതി മാറേണ്ടത് പുരുഷന്മാരുടെ മാത്രമല്ല സ്ത്രീകളുടേയും കൂടിയാണ്. പല സ്ത്രീകളും വീട്ടിലിരുന്ന് അനീതിയെക്കുറിച്ച് സംസാരിക്കും. പക്ഷേ പുറത്തിറങ്ങി അനീതിക്കെതിരെ എത്രപേർ പോരാടുന്നു? അതുകൊണ്ടാണ് വിരലിലെണ്ണാവുന്നവർ അനീതിക്കെതിരെ സംസാരിക്കുമ്പോൾ നമ്മൾ തെറി കേൾക്കേണ്ടി വരുന്നത്.”

ALSO READ- ഞങ്ങൾ ലെസ്ബിയൻ ആണെന്ന് അയാൾ പറഞ്ഞു; ഞാൻ സെ ക്ഷ്വ ലി ഇമ്മോറലാണെന്ന് പ്രചരിപ്പിച്ചു; ജീവിതത്തിലെ നര ദിനങ്ങളെ കുറിച്ച് ജുവൽമേരി

”എന്നെ സമൂഹത്തിൽ മോശമായി ചിത്രീകരിച്ച ഒരു യൂട്യൂബർക്കെതിരേ ഞാൻ പ്രതികരിച്ചു. അപ്പോൾ പലരും ചോദിച്ചത് ഇവിടെ നിയമം ഇല്ലേ എന്നാണ്. നിയമം ഉണ്ടെങ്കിലും ഒരു പെണ്ണിനോട് മോശമായി പെരുമാറിയ വ്യക്തിക്ക് ജാമ്യമാണ് കൊടുക്കുന്നത്. വാളയാർ കേസ് ഉൾപ്പെടെ ഏത് കേസെടുത്താലും കുറ്റം ചെയ്യുന്നവർക്ക് ജാമ്യം കൊടുക്കുകയാണ് ചെയ്യുന്നത്.”

”നമ്മുടെ സോഷ്യൽ മീഡിയ യാതൊരു നിയമവും ഇല്ലാത്ത ഇടമാണ്. ബ്രിട്ടിഷുകാർ ഭരിച്ചിരുന്നപ്പോൾ ആരും വീടിനകത്ത് മിണ്ടാതിരിക്കുകയല്ലല്ലോ ചെയ്തത്. പുറത്തിറങ്ങി അതിനെതിരെ സമരം ചെയ്യുകയല്ലേ ചെയ്തത്. അത് ഇപ്പോൾ നമ്മൾ ചെയ്യുന്നുണ്ടോ? എല്ലാവരും സ്വന്തം സുരക്ഷിതത്വമാണ് നോക്കുന്നത്. വീടിനുള്ളിൽ സേഫ് ആയിരിക്കുക, നമുക്ക് അപകടം വരാതിരിക്കുക. പക്ഷേ ആ കുട്ടിക്ക് സംഭവിച്ച അപകടം നമ്മുടെ വീട്ടിലേക്കും വന്നുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുമ്പോൾ വൈകിപ്പോകും. മാലയിട്ട് സ്വീകരിച്ചവരുടെ വീട്ടിലുള്ളവർ ഇതൊന്നും അറിയുന്നില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾ മനസ്സിലാക്കിക്കോളൂ, ഇനി നിങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം എല്ലാം അവസാനിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്.”

”ഇന്ന് പൂമാലയിട്ട് സ്വീകരിച്ച ആൾ നാളെ മറ്റൊരു പെൺകുട്ടിയോടും ഇത് കാണിക്കും, ഒരു പക്ഷേ ഇന്ന് മാലയിട്ട് സ്വീകരിച്ചയാളുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു പെൺകുട്ടിക്ക് നേരേ ആകും. ഇതിനൊക്കെയും ഒരു തിരിച്ചടി ഉറപ്പായും ഉണ്ടാകും.”

Advertisement