എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച് മമ്മൂട്ടി

8

തരക്കഥാകൃത്തായി എത്തി പിന്നീട് സംവിധായകനും ഇപ്പോൾ എണ്ണംപറഞ്ഞ നടനുമായി മാറിയിരിക്കുകയാണ് രൺജി പണിക്കർ. എഴുത്തിൽ കഠാരയുടെ മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടുവരുന്നതിൽ എന്നും മിടുക്കനാണ് ഇദ്ദേങം.

ഒരുപക്ഷേ തന്റെ മാനസഗുരുവായ ടി ദാമോദരനേക്കാൾ മിടുക്ക് അക്കാര്യത്തിൽ രൺജി പണിക്കർക്കുണ്ട്.

Advertisements

തലസ്ഥാനം മുതൽ ഏകലവ്യനിലൂടെയും കമ്മീഷണറിലൂടെയും കിംഗിലൂടെയും പത്രത്തിലൂടെയും ലേലത്തിലൂടെയുമെല്ലാം അത് രൺജി പലവട്ടം കാണിച്ചുതന്നിട്ടുമുണ്ട്.

എന്നാൽ രൺജിയുടെ എഴുത്തിൻറെ പരകോടിയെന്ന് പറയാവുന്ന സിനിമ മമ്മൂട്ടി നായകനായ ‘ദി കിംഗ്’ ആണ്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ആ സിനിമ അതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതി.

ആ സിനിമയുടെ പിറവിയെക്കുറിച്ച് രൺജി പണിക്കരുടെ തന്നെ വാക്കുകൾ:

കമ്മീഷണർ കഴിഞ്ഞുള്ള അടുത്ത സിനിമയായിരുന്നു ദി കിംഗ്. ഒരു സിനിമ വലിയ ഹിറ്റായാൽ അടുത്ത സിനിമ എഴുതാൻ ഭയമാണ്.
കാരണം, ആളുകൾ അതിനേക്കാൾ വലിയ ചിത്രം പ്രതീക്ഷിക്കും. കമ്മീഷണർ സെൻസേഷണലായതോടെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഡിമാൻഡ് അധികമായി.

ആയിടെ എറണാകുളത്തുള്ള ഒരു ഫ്രണ്ടിൻറെ വീട്ടിൽ വച്ച് ഷാജി കൈലാസ് എന്നോടുപറഞ്ഞു അടുത്തത് ഒരു കളക്ടറുടെ കഥ ആയാലോ?

ഞാൻ പറഞ്ഞു, പോടാ എന്നേക്കൊണ്ടൊന്നും പറ്റില്ല കമ്മീഷണർ കഴിഞ്ഞയുടൻ കളക്ടർ എല്ലാം ഒന്നുതന്നെയാണെന്ന് എല്ലാവരും പറയും. നീ തന്നെ എഴുതിക്കോ എന്ന് പറഞ്ഞ് ഞാൻ പോയി.

പക്ഷേ, ഷാജി അതിൽ തന്നെ ഉറച്ചുനിന്നു. അങ്ങനെയാണ് ദി കിംഗ് എന്ന സിനിമയുടെ തുടക്കം. ആ സിനിമയുടെ സമയത്ത് ഞാനും ഷാജിയും 24 മണിക്കൂറും ഒരുമിച്ചാണ്.

ഞങ്ങളുടെ ചർച്ചകളും ചിന്തകളും അക്കാലത്തെ രാഷ്ട്രീയവും ഞങ്ങളുടെ ക്ഷോഭവുമെല്ലാം അതിൽ വന്നു.
18 സീൻ ആണ് കിംഗിനായി ആദ്യം എഴുതി പൂർത്തിയാക്കിയത്.

അതിനുശേഷം എഴുത്ത് നിന്നു. പിന്നീട് ഞങ്ങൾ ഷൂട്ടിംഗ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ഷിഫ്റ്റ് ചെയ്യുന്നു.

അത് ഒരു സൂത്രപ്പണിയാണ്. ഒരു ഷിഫ്റ്റിംഗ് വരുമ്പോൾ എഴുത്തിലുള്ള എൻറെ പ്രഷർ ഒന്ന് കുറയും. ഒരു ബ്രേക്ക് കിട്ടും.

കളക്ടറുടെ അധികാരത്തിന് വലിയ വ്യാപ്തിയുണ്ട്. അതേക്കുറിച്ച് ഒരു അവബോധം എത്തിക്കാൻ കിംഗ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞു.

സാധാരണക്കാരന്റെ കണ്ണീരും ദുരിതവും കാണാനുള്ള കണ്ണുകൾ ഒരു സിവിൽ സെർവൻറിന് ഉണ്ടാകണം. ജനങ്ങളുടെ ദാസൻ തന്നെയാകണം ഒരു ഉദ്യോഗസ്ഥൻ.

ജനങ്ങൾക്ക് അതിലേക്ക് ഐഡൻറിഫൈ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചേർന്നപ്പോൾ ചിത്രം വിജയമായി.

ചിത്രീകരണ സമയത്ത് ഞാനും ഷാജിയും തമ്മിൽ ഒരു മത്സരമുണ്ട്. ഞാൻ ഒരു ഡയലോഗ് എഴുതുമ്പോൾ ഇത് ഞാൻ കാണിച്ചുതരാമെടാ എന്നുപറഞ്ഞാണ് ഷാജി കൈയും ചുരുട്ടി ഇറങ്ങുന്നത്.

ആ സീൻ മറ്റൊരു തലത്തിലേക്ക് മികച്ചതാക്കാനാണ് ഷാജിയുടെ അധ്വാനം.

മൊത്തമായി ഒരു സ്‌ക്രിപ്റ്റല്ല, ഡയലോഗിന്റെ ഒന്നോരണ്ടോ പേജാണ് മമ്മൂട്ടിക്ക് ഓരോ സമയത്തും കൊടുക്കുക.

അതെല്ലാം വായിച്ച് മമ്മൂട്ടി എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. ഇതെല്ലാം കൂടി തന്നാൽ ഞാൻ എന്ത് ചെയ്യും എന്നൊക്കെ പറയും.

പക്ഷേ അതെല്ലാം ഒരൊറ്റ നോട്ടം കൊണ്ട് മനസിലുറപ്പിക്കുകയും ഒറ്റ ഷോട്ടിൽ ഒകെയാക്കുകയും ചെയ്യും. ആ നടന്റെ കാലിബർ ആ സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ കാരണമായി.

എങ്കിലും ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമ. ആളുകൾക്ക് ബോറടിച്ചാൽ പിന്നെ നിൽക്കില്ലല്ലോ.

പക്ഷേ, ആദ്യ ഷോയ്ക്ക് കയ്യടി കൊണ്ട് ഡയലോഗ് കേൾക്കാൻ കഴിഞ്ഞില്ല. അമൃത ടിവിയിലെ ജനനായകൻ എന്ന പരിപാടിയിൽ ആണ് രൺജി പണിക്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement