രാജ്യത്തിന് വേണ്ടി മരിച്ചതില്‍ അഭിമാനം; വീരമൃതു വരിച്ച മലയാളി സൈനികന്റെ സഹോദരന്‍

24

വയനാട്: സഹോദരന്‍ രാജ്യത്തിനുവേണ്ടി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിവി വസന്തകുമാറിന്റെ സഹോദരന്‍. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍.

ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. വാര്‍ത്ത സ്ഥിരീകരിക്കാന്‍ ഡല്‍ഹിയിലെ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു.

Advertisements

എന്നാല്‍ വി വി വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാത്രമായിരുന്നു അറിയാന്‍ കഴിഞ്ഞത്. വസന്തകുമാറിന്റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ലെന്നും സജീവന്‍ പറഞ്ഞു.

എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകശ്മീരിലേക്ക് പോയതെന്നും വസന്തകുമാറിന്റെ സഹോദരന്‍ സജീവന്‍ പറഞ്ഞു.

പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്.

അഞ്ച് ദിവസത്തെ ലീവിന് നാട്ടിലെത്തി തിരിച്ച് പുതിയ ബറ്റാലിയനില്‍ ചേര്‍ന്നതിന് പുറകേയാണ് ദുരന്തവാര്‍ത്തയെത്തിയത്. വസന്തകുമാറിന്റെ പിതാവ് എട്ടു മാസം മുന്‍പ് മരിച്ചിരുന്നു. വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്.

അവന്തിപോരയില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണു കൊല്ലപ്പെട്ടത്. ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേര്‍ക്ക് ഭീകരന്‍ 350 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഇടിച്ചുകയറ്റുകയായിരുന്നു.

കശ്മീര്‍ താഴ്‌വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്റെ 54ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. 39 പേരാണ് ബസിലുണ്ടായിരുന്നത്.

Advertisement