മലങ്കര ഡാമില്‍ നിന്ന് പുറത്തുചാടിയ ഭീമന്‍ മത്സ്യം വലയില്‍; കാണാനെത്തിയവര്‍ക്കും വീതിച്ചു നല്‍കി യുവാക്കള്‍

360

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മലങ്കര ഡാമില്‍ നിന്ന് പുറത്തു ചാടിയ ഭീമന്‍ മത്സ്യത്തെ വലയിലാക്കി യുവാക്കള്‍. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് ഈ മത്സ്യത്തിന്. അരാപൈമ ഇനത്തില്‍പ്പെട്ട മത്സ്യത്തെയാണ് യുവാക്കള്‍ വലക്കുള്ളിലാക്കിയത്.

Advertisements

അജീഷും, സജിയും, ജോമോനുമാണ് കൂറ്റന്‍ മത്സ്യത്തെ വലയിലാക്കിയത്. ഭീമന്‍ മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് കാണാനെത്തിയവര്‍ക്കും യുവാക്കള്‍ മീന്‍ വീതിച്ചു നല്‍കി.

‘ചൂണ്ടയും വലയുമായി മലങ്കര പുഴയിലേക്കിറങ്ങി. മലങ്കര പാലത്തിനു സമീപമാണ് ആദ്യം ഉടക്കുവലയിട്ടത്. പിന്നീട് ചൂണ്ടയെടുത്ത് ചെറുതവളയെ കോര്‍ത്ത് വെള്ളത്തിലിട്ടു. ചൂണ്ടയില്‍ ചെറുമീനുകള്‍ കൊത്തി. അതിനെയെല്ലാം പ്ലാസ്റ്റിക് സഞ്ചിയിലാക്കുമ്പോഴാണ് ഉടക്കുവലയില്‍ വലിയ ബഹളം കേട്ടത്. നോക്കിയപ്പോള്‍ കൂറ്റന്‍ മത്സ്യം. പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങള്‍ ആറ്റിലേക്ക് എടുത്തു ചാടി. മത്സ്യത്തെ വലയില്‍ ഒന്നുകൂടി ചുറ്റി ഭദ്രമാക്കി കരയിലേക്ക് തിരിച്ചു വന്നു’- ഇവര്‍ പറഞ്ഞു.

അരാപൈമ ഇനത്തില്‍പ്പെട്ട മത്സ്യം ലോകത്തിലെ തന്നെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമായാണ് അറിയപ്പെടുന്നത്. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. അരാപൈമ ജിജാസ് എന്നാണ് ഈ മത്സ്യത്തിന്റെ പൂര്‍ണനാമം.

Advertisement