പ്രശസ്ത ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു

26

തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

75 വയസായിരുന്നു. മാപ്പിളപ്പാട്ട് ഗായകനും ഒപ്പം തന്നെ മാപ്പിളപ്പാട്ടുകളുടെ രചയിതാവുമായിരുന്നു. മാണിക്യ മലരായ പൂവി അടക്കമുള്ള പ്രസിദ്ധമായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

Advertisements

അഡാർ ലൗ എന്ന സിനിമയിൽ മണിക്യ മലരായ പൂവി ഉപയോഗിച്ചതിനെതിരെ അദ്ദേഹം രംഗത്ത് വന്നത് വിവാദമായിരുന്നു. ഗ്രാമഫോണടക്കമുള്ള മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1940ൽ തലശ്ശേരിയിലെ എരഞ്ഞോളിയിലാണ് അദ്ദേഹത്തിന്റെ ജനനം. കുഞ്ഞാമിയാണ് ഭാര്യ. നസീറ, നിസാർ, സാദിഖ്, സമീം, സാജിദ എന്നിവരാണ് മക്കൾ.

തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ ‘വലിയകത്ത് മൂസ’യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരിൽ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. ‘അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ’ എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം ആരംഭിക്കുന്നത്.

രാഘവൻ മാസ്റ്റരുടെ കൈപിടിച്ച് ആകാശവാണിയിൽ പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്നപേര് പ്രസിദ്ധമാകുന്നത്. അടുത്തകാലത്ത് ഹിറ്റായ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം ആദ്യകാലത്ത് ആലപിച്ചതും ഇദ്ദേഹമായിരുന്നു.

‘മി അ്റാജ് ‘, ‘മൈലാഞ്ചിയരച്ചല്ലോ’, കെട്ടുകൾ മൂന്നും കെട്ടി’ തുടങ്ങി നൂറുകണക്കിന് പ്രശസ്തമായ മാപ്പിളപ്പാട്ടുകളും നിരവധി നാടക ഗാനങ്ങളും ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. മുന്നൂറിലധികം തവണ ഗൾഫ് രാജ്യങ്ങളിലും മൂസ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.

Advertisement