പിഞ്ചോമനയുടെ മുഖം കാണാന്‍ ബാലഭാസ്‌കറിനായില്ല; അമ്മയെ മാത്രം കാണിച്ച് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു

26

തിരുവനന്തപുരം: പിഞ്ചോമനയുടെ മുഖം ഒന്നുകൂടി കാണാന്‍ ബാലഭാസ്‌കറിന് കഴിഞ്ഞില്ല. രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല യാത്രയായി. തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു.

Advertisements

ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്‌കാരച്ചടങ്ങു നടന്നത്.

കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

അതേസമയം, ബാലഭാസ്‌കറിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ഇതുവരെയും ബോധം തെളിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞ ശേഷമേ തുടര്‍ശസ്ത്രക്രിയകള്‍ നടത്താനാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പരിക്കേറ്റു ചികിത്സയില്‍ക്കഴിയുന്ന ബാലഭാസ്‌കറിെന്റ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ മാറ്റമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ പ്രാര്‍ത്ഥനയോടെ മണിക്കൂറുകള്‍ ചെലവിടുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. അതിതീവ്രപരിചരണവിഭാഗത്തിനു മുന്നില്‍ നൂറുകണക്കിനു പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ സുഷുമ്‌നാ നാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്കു ക്ഷതമുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തൃശ്ശൂരില്‍നിന്നു ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുമ്പോള്‍ പള്ളിപ്പുറത്തുവച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും കൂടാതെ ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Advertisement