ജസ്പ്രീത് ബുമ്ര സഞ്ജന ഗണേശ് വിവാഹം, ചടങ്ങുകൾ എല്ലാം രഹസ്യമായി, അതിഥികൾക്ക് മൊബൈൽ ഉപയോഗിക്കാൻ അനുവാദമില്ല

28

ടീം ഇന്ത്യയുടെ യുവ പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ വിവാഹം ഇന്നാണെന്ന് റിപ്പോർട്ടുകൾ. ഗോവയിൽ നടക്കുന്ന ചടങ്ങുകളിൽ അടുത്ത ബന്ധുക്കളായ 20 പേർക്ക് മാത്രമാണ് പ്രവേശനമുള്ളു. അതിഥികളാരും മൊബൈൽ ഉപയോഗിക്കരുതെന്ന് കർശന നിർദേശമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവിടാൻ ബുമ്രയോ വധു സഞ്ജന ഗണേശനോ തയ്യാറായിട്ടില്ല. ഇരുവരുടെയും കുടുംബങ്ങളുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. ലളിതമായ ചടങ്ങിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വിവാഹം സംബന്ധിച്ച ഒദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹ ചിത്രങ്ങൾ പുറത്താവാതിരിക്കാനാണ് മൊബൈൽ ഫോണിന് ചടങ്ങിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് ബുമ്രയ്ക്ക് നേരത്തെ ബിസിസിഐ ലീവ് അനുവദിച്ചിരുന്നു.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരവും ടി20 പരമ്പരയും ഇതോടെ താരത്തിന് നഷ്ടമായി.
2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് 28കാരിയായ സഞ്ജന ഗണേഷൻ. ഐപിഎല്ലിൽ സ്റ്റാർ സ്‌പോർട്‌സിലെയും പ്രീമിയർ ബാഡ്മിന്റൺ ലീഗിലെയും അവതാരികയുടെ റോളിൽ സഞ്ജന എത്തിയിട്ടുണ്ട്.

റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ്വില്ല-7ലെ മത്സരാർത്ഥിയായിരുന്നു. സ്‌പോർട്‌സ് ഇവന്റുകളുടെ അവതാരികയെന്ന നിലയിലാണ് സഞ്ജന കൂടുതൽ അറിയപ്പെടുന്നത്. കടുത്ത ക്രിക്കറ്റ് ആരാധിക കൂടിയായ സഞ്ജന ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി കൂടിയാണ്.

223000 ഫോളോവേഴ്‌സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിലുള്ളത്. നേരത്തെ ബുമ്രയുടെ വിവാഹ ഒരുക്കങ്ങൾ സംബന്ധിച്ച് വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. മലയാളി നടിയും താരത്തിന്റെ സുഹൃത്തുമായ അനുപമ പരമേശ്വരനാണ് ബുമ്രയുടെ വധുവെന്ന തരത്തിലാണ് വ്യാജ വാർത്തകൾ പുറത്തുവന്നത്.

സംഭവം ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായതോടെ അനുപമയുടെ അമ്മ തന്നെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നു.