സന്തോഷത്താലും കൃതജ്ഞതയാലും എൻറെ കണ്ണുനിറഞ്ഞൊഴുകി… അതു ജീവിതത്തിലെ ഒരു വലിയ നിമിഷമായിരുന്നു ; ഋഷിരാജ് സിങ്ങിനെ കുറിച്ച് എഴുത്തുകാരി കെ.ആർ മീര പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

56

36 വർഷം നീണ്ട സർവീസ് ജീവിതം അവസാനിപ്പിച്ച് ഋഷിരാജ് സിംഗ് സേനയിൽ നിന്ന് പടിയിറങ്ങുകയാണ്. വിട്ടുവീഴ്ചയില്ലാത്ത നിലപാടും കർമ്മവഴിയിലെ ആത്മാർത്ഥതയുമാണ് ഋഷിരാജ് സിംഗിനെ കേരളക്കരയുടെ പ്രിയപ്പെട്ട സിങ്കമാക്കിയത്. ഏവരോടും സഹാനുഭൂതിയോടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എഴുത്തുകാരി കെ.ആർ മീര പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ് ഇപ്പോൾ.

സ്ത്രീ എന്ന നിലയിൽ തനിക്കുണ്ടായ ദുരനുഭവം പൊലീസിൽ അറിയിച്ചപ്പോൾ അന്ന് എസ്പിയായിരുന്ന ഋഷിരാജ് സിങ്ങിന്റെ ഇടപെടലിനെ കുറിച്ചാണ് മീര പറയുന്നത്. രാത്രി ജോലികഴിഞ്ഞു മടങ്ങുമ്പോൾ സാമൂഹിക വിരുദ്ധരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചായിരുന്നു അന്ന് മീര പൊലീസിൽ പരാതി നൽകിയത്. പരാതി കേട്ട ഋഷിരാജ് സിങ് നടത്തിയ ശ്രദ്ധേയമായ ഇടപെടലിനെ കുറിച്ചാണ് കുറിപ്പ്.

Advertisements

Also read

ഒരു അമ്മ എന്ന നിലയിൽ എന്റെ കുട്ടികൾക്ക് വേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം ; ആദ്യമായി മൗനം വെടിഞ്ഞ് ശിൽപ ഷെട്ടി

മീരയുടെ കുറിപ്പ് :

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്.

അക്കാലത്ത് എട്ടു മണിക്കേ ഉറങ്ങാൻ പോകുന്ന പട്ടണമായിരുന്നു കോട്ടയം. പത്രം ഓഫിസിൻറെ മുമ്പിലുള്ള കടകളൊക്കെ ഏഴുമണിക്കേ അടയ്ക്കും. അതുകഴിഞ്ഞാൽ, റെയിൽവേ സ്റ്റേഷൻ റോഡ് പൊതുവെ ഇരുട്ടിലാകും. കെ.കെ. റോഡിൽനിന്നുള്ള വണ്ടികൾ ഉണ്ടെങ്കിൽ, അത്യാവശ്യം നടന്നുപോകാം. ഓഫിസിൽനിന്നു രണ്ടു മിനിറ്റ് തികച്ചുവേണ്ട, എൻറെ അന്നത്തെ വാടകവീട്ടിലേക്ക്.

ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോൾ ഒമ്പതര മണി. റോഡ് വിജനമായിരുന്നു. എങ്കിലും വെളിച്ചമുണ്ട്. ഞാൻ വീട്ടിലേക്കു നടന്നു. നാഷനൽ ബുക് സ്റ്റാളും കോൺകോഡ് ട്രാവൽസ് ഓഫിസും കടന്നതേയുള്ളൂ, പിന്നിൽ ഒരു ആഡംബര കാർ. അത് എന്നെ കടന്നു പോയി, പെട്ടെന്നു സ്ലോ ചെയ്ത്, എനിക്കു തിരിയാനുള്ള ഇടവഴിക്കു മുമ്പായി ഇടതുവശം ചേർത്തു നിർത്തി. ഞാൻ റോഡ് മുറിച്ച് എതിർവശത്തെ വെളിച്ചത്തിലേക്കു മാറി. എങ്കിലും കാറിനു നേരെയെത്തിയതും വിൻഡോ ഗ്ലാസുകൾ താഴ്ന്നു. വരുന്നോ വരുന്നോ എന്ന ചോദ്യവും ചിരിയും ബഹളവും കേട്ടു. മൂന്നോ നാലോ പേരുണ്ടായിരുന്നു, വണ്ടിയിൽ.

എൻറെ രക്തം തിളച്ചു. ഞാൻ കേൾക്കാത്ത മട്ടിൽ നടന്നു. അപ്പോൾ കാർ അടുത്തേക്കു നീങ്ങിനീങ്ങി വന്നു. എന്താ എന്താ എന്നു ചോദിച്ചു ഞാൻ നേരിട്ടു. വണ്ടിയുടെ നമ്പർ നോക്കാൻ മുമ്പിലേക്കു നീങ്ങി. വണ്ടി പെട്ടെന്നു മുന്നോട്ടെടുത്തു. എന്നെ തട്ടി തട്ടിയില്ലെന്ന മട്ടിൽ പാഞ്ഞു. എങ്കിലും, മിന്നായം പോലെ നമ്പർ കണ്ടു. വിറയ്ക്കുന്ന കൈകൾ കൊണ്ട് അതു കുറിച്ചെടുത്തു.

ഒറ്റയോട്ടത്തിനു വീട്ടിലെത്തി. മൊബൈൽ ഫോണിനു മുമ്പുള്ള കാലമാണ്. ദിലീപ് തിരുവനന്തപുരത്തായിരുന്നു. ഞാൻ ലാൻഡ് ഫോണിൽ വിളിച്ചു രോഷം പങ്കുവച്ചു. പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു. ക്ഷോഭത്താൽ വിറച്ചുകൊണ്ട്, എസ്.പിയുടെ നമ്പർ കണ്ടെത്തി, ഡയൽ ചെയ്തു.

പക്ഷേ, അപ്പുറത്തു ബെല്ലു കേട്ടതും എൻറെ ആവേശം ചോർന്നു. എസ്.പി. ചോദിക്കാനിടയുള്ള ചോദ്യങ്ങൾ ഊഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ :

എന്തിനാ ഒറ്റയ്ക്കു നടന്നത്?

രാത്രിയിൽ ഒറ്റയ്‌ക്കൊരു സ്ത്രീയെ കണ്ടാൽ ആരായാലും വിളിക്കില്ലേ?

പരാതിപ്പെടാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ? അതൊരു തമാശയായി കണ്ടാൽപ്പോരേ?
നാളെ മുതൽ ആരെയെങ്കിലും കൂട്ടുവിളിക്കണം, കേട്ടോ.

പകലുള്ള ജോലിക്കു വല്ലതും ശ്രമിച്ചു കൂടേ? അതല്ലേ സ്ത്രീകൾക്കും കുടുംബജീവിതത്തിനും നല്ലത്?

പരാതിപ്പെടാൻ പോയിട്ട് അവസാനം പ്രതിയാവില്ലെന്നും ആരു കണ്ടു? എൻറെ മനസ്സു ചാഞ്ചാടി.അപ്പോഴേക്ക് എസ്.പി. ഫോണെടുത്തു. ഹിന്ദിച്ചുവയുള്ള മലയാളത്തിൽ ‘എന്താ പ്രശ്‌നം’ എന്നു ചോദിച്ചു.

ചോദിക്കപ്പെടാനിടയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികൾ സഹിതം ഞാൻ പറഞ്ഞു തുടങ്ങി :”സർ, രാത്രി ഒമ്പതരയേ ആയിട്ടുള്ളൂ എന്നതു കൊണ്ടും റോഡിൽ വെളിച്ചമുണ്ടായിരുന്നതുകൊണ്ടും അപകടമില്ല എന്നു തോന്നിയതു കൊണ്ടും…”

എസ്.പി. എല്ലാം കേട്ടു. ‘വണ്ടിനമ്പർ നോട്ട് ചെയ്തിട്ടുണ്ടോ’ എന്നു ചോദിച്ചു. ഞാൻ കുറിച്ചെടുത്ത നമ്പർ കൊടുത്തു. അത് അദ്ദേഹം എഴുതിയെടുത്തു. എന്നിട്ടു പറഞ്ഞു :

”മാഡം, നമ്പറിൽ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട്. കെ.എൽ. 56 എന്നു വരാൻ ചാൻസ് ഇല്ല. ഇതിൽ ആറിൻറെ സ്ഥാനത്ത് ഏ എന്നായിരിക്കണം. But don’t worry. We will find them. ”

എൻറെ കുറ്റംകൊണ്ടല്ല അവർ അങ്ങനെ പെരുമാറിയത് എന്നു തെളിയിക്കാൻ ഞാൻ ഒന്നുകൂടി ശ്രമിച്ചു :

”സർ ഒമ്പതര മണിയേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണു ഞാൻ ഒറ്റയ്ക്ക്…”

Also read

എന്തുകൊണ്ടാണ് ഇപ്പോഴും കല്യാണം കഴിക്കാത്തത്, കൃത്യമായ മറുപടി നൽകി ചന്ദ്രാ ലക്ഷ്മൺ

എസ്.പി. പറഞ്ഞു :

”മാഡം, You don’t have to explain anything. ഒമ്പതരയല്ല, രാത്രി പന്ത്രണ്ടരയോ രണ്ടു മണിയോ ആണെങ്കിലും നിങ്ങൾക്കു തനിയെ നടന്നു പോകാനുള്ള എല്ലാ റൈറ്റും ഉണ്ട്. It’s our duty to ensure your safety. This happened in the heart of the town. അവിടെ ഒരിക്കലും അങ്ങനെ സംഭവിച്ചുകൂടാ. ”

സന്തോഷത്താലും കൃതജ്ഞതയാലും എൻറെ കണ്ണുനിറഞ്ഞൊഴുകി. അതു ജീവിതത്തിലെ ഒരു വലിയ നിമിഷമായിരുന്നു. പൗരൻ എന്ന നിലയിൽ അത്രയും ഡിഗ്‌നിറ്റി അതിനു മുമ്പോ പിമ്പോ എൻറെ ഈ സ്ത്രീജൻമത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല.

പിറ്റേന്നു പത്തു മണിക്ക് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് എസ്.ഐ. എന്നെ വിളിച്ചു വണ്ടി പിടിച്ചിട്ടുണ്ട്. വന്ന് ഐഡൻറിഫൈ ചെയ്യണം. ഒരു പച്ചക്കറി മൊത്തവ്യാപാരിയുടെ കാർ ആയിരുന്നു അത്. അയാളുടെ മകനും സുഹൃത്തുക്കളുമായിരുന്നു, തലേന്നു വണ്ടിയിൽ.

പയ്യൻറെ അപ്പൻ വന്നു ക്ഷമ ചോദിച്ചു. കേസാക്കരുത് എന്ന് അപേക്ഷിച്ചു. മകനെക്കൊണ്ടായിരുന്നു ക്ഷമ ചോദിപ്പിക്കേണ്ടത്. പക്ഷേ, അന്നെനിക്ക് അത്രയും തിരിച്ചറിവുണ്ടായില്ല. ഇനി അങ്ങനെ സംഭവിക്കുകയില്ലെന്ന് എഴുതി വാങ്ങുകയോ മറ്റോ ചെയ്‌തെന്നാണ് ഓർമ്മ. ഏതായാലും ഞാൻ ക്ഷമിച്ചു.

കാരണം, എൻറെ മനസ്സു ശാന്തമായിക്കഴിഞ്ഞിരുന്നു. എനിക്കു നീതി കിട്ടിക്കഴിഞ്ഞിരുന്നു.

You don’t have to explain anything. ഒമ്പതരയല്ല, രാത്രി പന്ത്രണ്ടരയോ രണ്ടു മണിയോ ആണെങ്കിലും നിങ്ങൾക്കു തനിയെ നടന്നു പോകാനുള്ള എല്ലാ റൈറ്റും ഉണ്ട്. It’s our duty to ensure your safety. എന്നു വളരെ സ്വാഭാവികമായും ഉറപ്പിച്ചും എസ്.പി. പ്രതികരിച്ചപ്പോൾത്തന്നെ എൻറെ പരാതി പരിഹരിക്കപ്പെട്ടിരുന്നു.

ആ സംഭവം കഴിഞ്ഞ് ഏറെക്കഴിയുന്നതിനുമുമ്പ് ആ എസ്.പിക്കു സ്ഥലംമാറ്റമായി. നേരിൽക്കാണാനോ നന്ദി പറയാനോ കഴിഞ്ഞില്ല. പിൽക്കാലത്ത്, ഞാൻ കഥയെഴുതിയതും ശ്രീ പുരുഷോത്തമൻ സംവിധാനം ചെയ്തതുമായ ഒരു സീരിയലിൽ അദ്ദേഹം അഭിനയിച്ചു. അപ്പോഴും അദ്ദേഹത്തെ നേരിൽക്കാണാൻ സന്ദർഭമുണ്ടായില്ല.

ഇക്കഴിഞ്ഞ ദിവസം അദ്ദേഹം ഉദ്യോഗത്തിൽനിന്നു വിരമിച്ചു.

ബഹുമാന്യനായ ശ്രീ ഋഷിരാജ് സിങ്,

ഞാൻ നന്ദി പറയുന്നു.

വിശദീകരണങ്ങളോ ക്ഷമാപണങ്ങളോ ആവശ്യമില്ലാത്ത മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന ശുഭപ്രതീക്ഷ ഒരു ഇരുപത്തിയെട്ടുകാരിക്കു സമ്മാനിച്ചതിനും പൗരൻ എന്ന നിലയിലുള്ള ഡിഗ്‌നിറ്റി ഒരു സ്ത്രീക്ക് എത്ര പ്രധാനമാണെന്നു ബോധ്യപ്പെടുത്തിത്തന്നതിനും ഞാൻ അങ്ങയോടു കടപ്പെട്ടിരിക്കുന്നു.

തുല്യനീതി സംബന്ധിച്ച ഒരു വലിയ പാഠമായിരുന്നു അത്.

അങ്ങയുടെ ജീവിതം തുടർന്നും കർമനിരതവും സന്തോഷകരവുമാകട്ടെ എന്നു സ്‌നേഹത്തോടെ ആശംസിക്കുന്നു.

Advertisement