മോള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്തുകൊടുക്കാന്‍ 100 വട്ടം സമ്മതമാണ്, നെഞ്ച് പൊട്ടിക്കരഞ്ഞ് കഴിഞ്ഞ ദിവസം കോതമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവ്

29

സലാല: ഇന്നലെ മുതല്‍ എന്റെ മോളെ നാട്ടില്‍ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാന്‍ ഇവിടെ ഒമാനിലെ കസബിലെ പുറംകടലില്‍ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്.

ഒരു പിതാവിന്റെ കരളലിയിക്കുന്ന ഈ അഭ്യര്‍ഥന കരയില്‍ നിന്നല്ല, കടലില്‍ നിന്നാണ്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമിന്റേതാണ് സങ്കടക്കടലില്‍ നിന്നുള്ള ഈ വാക്കുകള്‍. ഇദ്ദേഹത്തിന്റെ മകളെ തിങ്കളാഴ്ച മുതല്‍ നാട്ടില്‍ കാണാതാവുകയായിരുന്നു.

Advertisements

തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന പെണ്‍കുട്ടിയേയാണ് കാണാതായത്. കോളജിലേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസില്‍ പരാതി നല്‍കി. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ഇതുവരെ പെണ്‍കുട്ടിയെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.

സലീം നേരത്തെ ദുബായില്‍ ചെയ്തിരുന്നു. പിന്നീട് കപ്പല്‍ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പല്‍ തീരത്തടുക്കില്ലെന്നാണ് സലീം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ ആകെ പ്രയാസത്തിലാണ് ഈ പിതാവ്.

നേരത്തെ പെണ്‍കുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതിനെ സലീം ശക്തമായി എതിര്‍ക്കുകയും മകള്‍ ആ ബന്ധത്തില്‍ നിന്ന് പിന്തിരിയുകയുമുണ്ടായി. മറ്റു വിവാഹാലോചനകള്‍ നടന്നുവരികയായിരുന്നു.

സൗദിയില്‍ ജോലി ചെയ്യുന്ന ഒരു യുവാവുമായുള്ള വിവാഹം മകള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും ഇതുറപ്പിക്കാനായി ഇയാള്‍ ഇന്ന്(ബുധന്‍) നാട്ടിലെത്താനിരിക്കെയാണ് കാണാതായതെന്നും സലീം പറയുന്നു.

എന്നാല്‍, മകളുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര്‍ കൃത്യമായി ഒന്നും പറയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മകളെ കൂടാതെ, ഒരു മകന്‍ കൂടിയാണ് സലീമിനുള്ളത്. മകള്‍ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നാണ് ഈ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.

മോള്‍ക്ക് ഇഷ്ടമുള്ളയാള്‍ക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാല്‍ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചില്‍ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ശ്രമിക്കണമെന്നാണ് വിനീതമായ അപേക്ഷ. ബന്ധപ്പെടേണ്ട നമ്പര്‍: 0091 9947112144.

Advertisement