മറ്റുള്ളവരുടെ മുന്നിൽ മസിലു പിടിച്ചു നിൽക്കും എന്നിട്ട് എന്റെ ഡോക്ടറുടെ മുന്നിലും നല്ല പാതിയുടെ മുന്നിലും നെഞ്ചത്തിടിയും കരച്ചിലും ആയിരുന്നു, കാൻസറിനോട് പോരാടിയ ലക്ഷ്മി ജയന്റെ കുറിപ്പ് വൈറൽ

153

ലക്ഷ്മി ജയൻ

ഒരു ഒക്ടോബറിൽ അവസാനിച്ചു എന്ന് അശ്വസിച്ച സങ്കടപെയ്ത്ത് മറ്റൊരു ഒക്ടോബറിൽ വീണ്ടും വിരുന്നു വരുന്നു.
ആ കറുത്ത ദിനങ്ങളിൽ നിന്നും മോചനം കിട്ടാൻ ബാംഗ്ലൂർ എന്ന കോൺക്രീറ്റ് കാട്ടിൽ നിന്നും സൗഹൃദങ്ങളെ വിട്ട്. ജോലി വിട്ട് എന്തിന് ചികിത്സ ചെയ്തു കൊണ്ടിരുന്ന ഹോസ്പിറ്റലിൽ നിന്ന് പോലും ആരോടും പറയാതെ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞു.

Advertisements

ഒരുപക്ഷെ കാൻസർ എന്ന വില്ലനിൽ നിന്നും അത് സമ്മാനിച്ച എല്ല് നുറങ്ങുന്ന വേദനയിൽ നിന്നും ആയിരിക്കും ഏറ്റവും കൂടുതൽ ഒളിക്കാൻ ശ്രമിച്ചത്. പക്ഷെ ആ ശ്രമങ്ങൾ ഒക്കെ വിഫലമാക്കി വീണ്ടും എന്നെ ആ നരകയതാനയിലേക്ക് വലിച്ചിട്ടു.കഴിഞ്ഞ പ്രാവശ്യം ഇടത്തെ മാറിടവും ഇടത്തെ കൈയും സ്വന്തം ആക്കിയെങ്കിൽ ഇപ്പ്രാവശ്യം രണ്ടും കല്പിച്ചു ആയിരുന്നു.

ശരീരികമായി എന്തോ ബുദ്ധിമുട്ട് തോന്നി തുടങ്ങിയപ്പോൾ വെറുതെ ഒന്ന് നോക്കിയേക്കാം എന്ന് വിചാരിച്ചാണ് ഹോസ്പിറ്റലിൽ പോകുന്നത്. അപ്പോഴും ഒന്നും ഇല്ല എന്ന് ഞാനും എന്റെ ഡോക്ടറും പൂർണമായി വിശ്വസിച്ചു. കാരണം ഏപ്രിലിൽ ചെയ്ത yearly ടെസ്റ്റ്‌ എല്ലാം നെഗറ്റീവ് ആയിരുന്നു.അങ്ങനെ ഒക്ടോബറിലെ ഒരു തിങ്കളാഴ്ച രാവിലെ ഞാൻ കുഞ്ഞി എന്ന് വിളിക്കുന്ന Dr. അനുപമയെ കാണാൻ ഹോസ്പിറ്റലിൽ എത്തി.

ഒരു risk ഒഴിവാക്കാൻ സ്കാൻ ചെയ്തു നോക്കാം അപ്പോൾ ടെൻഷൻ ഉണ്ടാവില്ലല്ലോ എന്ന് കരുതി സ്കാൻ ചെയ്യുന്നു. അവിടെയും പേടിക്കാൻ ഉള്ളതൊന്നും കാണുന്നില്ല. പക്ഷെ ചില കോശങ്ങളുടെ ഘടനയിൽ ചെറിയ വെത്യാസം ഉണ്ടായിരുന്നു. ഒരു breast MRI ചെയ്യുന്നു. അങ്ങനെ മാറിടത്തിന്റെ ഒരു മൂലയിൽ തീരെ ചെറിയ ഒരു ചാരനെ കണ്ടുപിടിക്കുന്നു.

Reoccurrence അതും ഒരേ സ്ഥലത്ത് ആയത് കൊണ്ടും ഒരു mastectomy ഒരു lymphotomy പിന്നെ oophorectomy അങ്ങനെ മൂന്ന് സർജറി പ്ലാൻ ചെയ്തു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുന്നു. വീണ്ടും ഒരു PET CT എടുക്കുന്നു. അത് വരെ എല്ലാം നല്ല രീതിയിൽ പോകുന്നു. പേടി ഒന്നും തോന്നേണ്ട കാര്യം ഇല്ല…കാരണം എനിക്ക് എന്റെ അസുഖത്തെക്കാളും ഞാൻ എന്റെ ഡോക്ടറെ വിശ്വാസിക്കുന്നു. എന്ത് വന്നാലും ഞാൻ ആ കൈകളിൽ സുരക്ഷിത ആയിരിക്കും എന്ന വിശ്വാസം എനിക്കുണ്ട്.

Also Read
കിടിലന്‍ ലുക്കില്‍ ലക്ഷ്മി നക്ഷത്ര, സ്‌നേഹം അറിയിച്ച് ആരാധകരും എത്തി

ബാംഗ്ലൂരിൽ നിന്ന് ഒരു പറിച്ചു നടൽ വേണ്ടി വന്നപ്പോൾ എന്റെ വേരുകൾ ആഴ്ന്നത് എന്റെ ഡോക്ടറിൽ ആയിരുന്നു. മറ്റ് പല ഹോസ്പിറ്റലുകളിലും പോകാൻ ഒരുപാട് അഭിപ്രായങ്ങൾ ഉണ്ടായെങ്കിലും എന്തോ മനസ്സ് ഉടക്കിയത് Dr. അനുപമയിൽ ആയിരുന്നു.

ഗംഗധരൻ ഡോക്ടർ ഒരു അച്ഛന്റെയും ചിത്രധാര ഡോക്ടർ ഒരു അമ്മയുടെയും സ്നേഹവും വാത്സല്യവും തരുമ്പോൾ അനുപമ ഡോക്ടർ ഒരു കൂടെപ്പിറപ്പായിരുന്നു. ഒരു കൂട്ടുകാരി ആയിരുന്നു. ഒന്ന് കാണണം എന്ന് പറഞ്ഞാൽ രാത്രി 11 മണിക്ക് വരെ വന്ന് അശ്വസിപ്പിക്കാൻ തോന്നുന്ന ആ വലിയ മനസ്സിൽ ഞാൻ അടിമപ്പെട്ട് പോയിട്ട് വർഷം കുറച്ചു ആയി .ഡോക്ടറെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവശ്യം ഇല്ല. ഡോക്ടറുടെ ഓരോ രോഗികൾക്കും അറിയാവുന്ന കാര്യങ്ങൾ മാത്രം ആണ് ഇതൊക്കെ.

അങ്ങനെ ഒരുപാട് പേടി ഉണ്ടായിട്ടും മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള ഒറ്റ കാരണം കൊണ്ട് ചിരിച്ചു കൊണ്ട് ഓപ്പറേഷന് തയ്യാറായി നിൽക്കുമ്പോൾ ആണ് ചിത്രധാര ഡോക്ടർ വിളിക്കുന്നത്‌.ബോണിൽ ചെറിയ പ്രശ്നം കാണിക്കുന്നുണ്ട് സർജറി ഒന്ന് മാറ്റി വെക്കണം എന്ന് പറയുന്നു. അപ്പോഴേക്കും ഉണ്ടായിരുന്ന ശക്തി മുഴുവനും ചോർന്നു പോയി. ചിലപ്പോൾ സർജറി ഇല്ലാത്തത് കൊണ്ട് വീട്ടിൽ പോകാം എന്നൊക്ക അശ്വസിച്ച് ഇരിക്കുമ്പോൾ ആണ് റിപ്പോർട്ട്‌ കൈയിൽ കിട്ടുന്നത്. ദൈവം സഹായിച്ചു ഇടത്തെ ഭാഗത്തു ഒന്നിനെയും വില്ലൻ വെറുതെ വിട്ടിട്ടില്ല.

അങ്ങനെ മുയലമ്മ ക്യാരറ്റ് എടുക്കാൻ റൂട്ട് മാപ്‌ വരച്ചത് പോലെ lymphnodes…..അവിടെ നിന്ന് മാറിടം വഴി എല്ലിന്റെ ഇടയിൽ കൂടി ലങ്ക്സിലൂടെ adrenalin gland വരെ എത്തി നമ്മുടെ cancer എന്ന മുയലമ്മ.
സത്യം പറഞ്ഞാൽ എന്റെ ശരീരത്തിൽ Adrenaline gland എന്നൊരു സംഭവം ഉണ്ടെന്നു പത്താം ക്ലാസ്സ്‌ കഴിഞ്ഞു പിന്നെ ഓർക്കുന്നത് ഇപ്പോഴാണ്.

ഇതിനിടക്ക്‌ മുയലമ്മ സ്‌പൈനിൽ ചെറിയൊരു പണി തന്നോ എന്ന സംശയം തീർക്കാൻ നട്ടെല്ല് കുത്തി test ചെയ്യാൻ പറഞ്ഞപ്പോൾ ഇതിലും ഭേദം മരണം ആയിരുന്നു എന്ന് പറഞ്ഞു ഞാൻ വാവിട്ട് കരഞ്ഞത് എന്റെ ഭർത്താവിന്റെ മുന്നിലും ഡോക്ടറുടെ മുന്നിലും മാത്രം ആയിരുന്നു.സ്നേഹിക്കുന്നവരുടെ മുന്നിൽ മാത്രമേ എനിക്ക് കരയാൻ പറ്റുമായിരുന്നുള്ളു. മറ്റുള്ളവരുടെ മുന്നിൽ ഞാൻ ചിരിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോയി.

പക്ഷെ ഒന്നും നമ്മുടെ കൈയിൽ അല്ല. മുകളിൽ ഒരാൾ നേരത്തെ എഴുതി വെച്ചത് അഭിനയിച്ചു തീർക്കുന്നു. ഞാൻ ഇടയ്ക്ക് പറയാറുണ്ട് മുകളിൽ ഉള്ള ആൾ സോമരസം ഒക്കെ കഴിച്ചു ഇരിക്കുമ്പോൾ ആവും എന്റെ തലവര എഴുതിയിട്ടുണ്ടാവുക. എഴുതിയ പുള്ളിക്കും വായിക്കുന്ന എനിക്കും ഒന്നും മനസ്സിൽ ആവാറില്ല.

രണ്ടു മാസം ആയി മുയലമ്മ വിരുന്നു വന്നിട്ട്. ഇനി left സൈഡിൽ പുള്ളികാരത്തിയുടെ റൂട്ട് മാപ്‌ നീണ്ടു പോയാലോ എന്ന് കരുതി ഓവറീസ് എടുത്തു മാറ്റി. ട്രീറ്റ്മെന്റ് തുടങ്ങി വന്നപ്പോഴേക്കും എന്റെ സമയം വളരെ നല്ലത് ആയത് കൊണ്ട് blood clot ആയി വലത്തെ കൈയും ഇടത്തെ കൈക്ക് കൂട്ടായി വർഷോപ്പിൽ കയറി.
അങ്ങനെ കൈകൾ രണ്ടും വെക്കേഷന് പോയി കുത്തുകൾ മുഴുവനും എന്റെ കാലുകൾ ഏറ്റു വാങ്ങി തുടങ്ങി.

അത് കൊണ്ട് തന്നെ ഹോസ്പിറ്റലിൽ പോയാൽ ആദ്യത്തെ കുറച്ചു നേരത്തെ ബുദ്ധിമുട്ട് മാത്രം. കാലിൽ ഒരു ഏഴു എട്ടു കുത്ത് കിട്ടി കഴിയുമ്പോൾ എന്നെ വീൽ ചെയറിലേക്ക് മാറ്റും. പിന്നെ വീട്ടിൽ വരുന്നത് വരെ ആരെങ്കിലും ഉരുട്ടി കൊണ്ട് നടന്നോളും.

Also Read
തിയ്യേറ്ററുകളില്‍ നിറഞ്ഞാടി നേര്, വീണ്ടും അമ്പരപ്പിച്ച് ജീത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ, നന്ദി പറഞ്ഞ് സംവിധായകന്‍

പലരും ചോദിച്ചു സങ്കടം ഇല്ലേ?. എങ്ങനെ ഇത്ര സന്തോഷം ആയി ഇരിക്കാൻ പറ്റുന്നു എന്ന്. സത്യം പറയാലോ നന്ദനത്തിലെ കുമ്പിടിയുടെ അവസ്ഥ ആണ്. മറ്റുള്ളവരുടെ മുന്നിൽ മസിലു പിടിച്ചു നിൽക്കും എന്നിട്ട് എന്റെ ഡോക്ടറുടെ മുന്നിലും നല്ല പാതിയുടെ മുന്നിലും നെഞ്ചത്തിടിയും കരച്ചിലും ആയിരുന്നു

ഇനി മുന്നോട്ട് എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ പണ്ട് സീരിയലിൽ ഒക്കെ കേൾക്കുന്നത് പോലെ “ഇനി എന്താവും ലക്ഷ്മിയുടെ ഭാവി?. ക്യാൻസറിന് കീഴ്പ്പെടുമോ അതോ ക്യാൻസറിനെ കീഴ്പ്പെടുത്തുമോ?.. കാത്തിരുന്നു കാണാം ” എന്നൊക്കെ എവിടെ നിന്നോ അശരീരി കേൾക്കാം.

നെഞ്ച് പിടഞ്ഞിരുന്നു ഒരുപാട് ഇഷ്ടം ഉള്ളതെല്ലാം നഷ്ടപ്പെടും എന്ന തിരിച്ചറിവ് ഭർത്താവ് മക്കൾ സൗഹൃദങ്ങൾ… എന്റെ ജോലി എനിക്ക് ഒരുപാട് പ്രിയപ്പെട്ടത് ആയിരുന്നു അതും കളയേണ്ടി വരും എന്ന് ഓർത്തപ്പോൾ.

പക്ഷെ എന്റെ തോൽവി സമ്മതിച്ചു കൊടുക്കാൻ എന്റെ അനുപമ ഡോക്ടറും രാത്രി..പകൽ എന്ന് നോക്കാതെ തന്റെ സ്നേഹം ഒരു കവചം ആക്കി എന്റെ ഭർത്താവും..പ്രാർത്ഥിക്കാൻ മക്കൾ ഉൾപ്പെടെ ഒരുപാട്
നല്ല മനുഷ്യരും തയ്യാറല്ലായിരുന്നു….

അവരുടെ ഉറപ്പിൽ ഞാനും.

Advertisement