അയല്‍വാസിയുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടെത്തിയ പ്രവാസിയെ ഭാര്യയുടെ കാമുകന്‍ കൊലപ്പെടുത്തി, സംഭവം ഓച്ചിറയില്‍

51

ഓച്ചിറ: മര്‍ദ്ദനമേറ്റ് ബോധരഹിതനായി റോഡരികില്‍ കാണപ്പെട്ട യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയുടെ കാമുകനുള്‍പ്പെട്ട മൂന്നംഗ സംഘത്തെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ക്ലാപ്പന വടക്ക് കടവത്ത് ജംഗ്ഷന് സമീപം സുനീഷ് ഭവനില്‍ സുനീഷ് (31), വരവിള കടപ്പുറത്തേരില്‍ കിഴക്കതില്‍ കണ്ണന്‍ എന്നു വിളിക്കുന്ന രാജീവ് (32), ക്ലാപ്പന വടക്ക് കരൂര്‍ പടീറ്റതില്‍ സുരേഷ് (28) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

Advertisements

കഴിഞ്ഞ 4ന് രാത്രി 12.30 ഓടെ പ്രയാര്‍ പെട്രോള്‍ പമ്ബിന് സമീപം വഴിയോരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ കല്ലേശേരില്‍ ക്ഷേത്രത്തിന് സമീപം പുത്തന്‍തറയില്‍ രാജേഷിനെ (31) നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ച രാജേഷ് ചൊവ്വാഴ്ചയാണ് മരിച്ചത്.

ബഹ്റിനിലായിരുന്ന രാജേഷിന്റെ ഭാര്യ വിദ്യയും അയല്‍വാസിയായ സുരേഷും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു.

ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ രജേഷ് ഇത് ചോദ്യം ചെയ്യുകയും വിദ്യയെ മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

തുടര്‍ന്ന് വിദ്യ മകനുമായി പുതുപ്പള്ളിയിലെ കുടംബ വീട്ടിലേക്ക് പോയി. വിദ്യയുമായുള്ള ബന്ധം കാരണം സുരേഷിനെ വീട്ടുകാര്‍ നേരത്തേ പുറത്താക്കിയിരുന്നു.

പിന്നീട് ബന്ധുവായ സുനീഷിന്റെ വീട്ടിലായിരുന്നു സുരേഷിന്റെ താമസം. ഒക്ടോബര്‍ 4ന് സുനീഷിന്റെ വീട്ടിലെത്തിയ വിദ്യ തനിക്ക് മര്‍ദ്ദനമേറ്റ വിവരം സുരേഷിനോട് പറഞ്ഞു.

രാജേഷ് ജീവിച്ചിരുന്നാല്‍ തനിക്ക് വിദ്യയുമായി ഒരുമിച്ച്‌ ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കിയ സുരേഷ് സുനീഷുമായി ചേര്‍ന്ന് രാജേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇതിനിടെ വിദ്യ രാജേഷിനെതിരെ ഓച്ചിറ പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തുമെന്ന് ഭയന്ന് രാജേഷ് 4ന് വൈകിട്ട് ബന്ധുവായ പ്രയാര്‍തെക്ക് ശിവാലയത്തില്‍ സനീഷിന്റെ വീട്ടില്‍ അഭയം തേടി.

രാത്രിയില്‍ ഇവിടെയെത്തിയ സുനീഷും സുഹൃത്ത് രാജീവും വീട്ടില്‍ നിന്ന് വിളിച്ചിറക്കി രാജേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു.

തടയാന്‍ ശ്രമിച്ച സനീഷിനെ വടിവാളിന് വെട്ടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. രാത്രി 11 ഓടെ സനീഷിന്റെ സ്‌കൂട്ടറുമായി പുറത്തുപോയ രാജേഷ് പുതുപ്പള്ളിയില്‍ വിദ്യയുടെ അമ്മാവന്റെ വീട്ടിലെത്തി പരാതിപറഞ്ഞ് തിരിച്ച്‌ വരും വഴി രാത്രി 12.30ന് പ്രയാര്‍ സൊസൈറ്റിക്ക് മുന്നിലെ ചപ്പാത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

അടിയേറ്റ് തലയും കഴുത്തും തോളെല്ലുകളും തകര്‍ന്നിരുന്നു. പുറമെയുള്ള പരിക്കുകള്‍ ഗുരുതരമല്ലായിരുന്നെങ്കിലും തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.സി.പി ബി. വിനോദ്. എസ്.ഐമാരായ ജ്യോതികുമാര്‍. അഷറഫ്, എ.എസ്.ഐമാരായ നിസാക്ക്, മണികണ്ഠന്‍, വിജയകുമാര്‍, അബ്ദുള്‍സലാം, റോബി, പ്രമോദ്, എസ്.സി.പി.ഒമാരായ സന്തോഷ്, ഹരികൃഷ്ണന്‍ എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Advertisement