മെസിയും ബർതോമ്യുവും തമ്മിൽ വീണ്ടും പൊരിഞ്ഞ അടി: ബാഴ്സയിൽ ആഭ്യന്തരതർക്കം രൂക്ഷം

23

മാഡ്രിഡ്: ബാഴ്സലോണയിൽ വീണ്ടും ആഭ്യന്തരതർക്കം. കോവിഡ്19 കാരണം ലീഗ് മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ ശമ്പളം 70 ശതമാനം കുറയ്ക്കാൻ തീരുമാനമായിരുന്നു. കളിക്കാർ സമ്മതിക്കുകയും ചെയ്തു. എന്നാൽ, കളിക്കാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ ബാഴ്സ ബോർഡ് പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് സൂപ്പർ താരം ലയണൽ മെസി രംഗത്തെത്തിയതോടെയാണ് പുതിയ തർക്കം ഉടലെടുത്തത്.

സ്പാനിഷ് ഫുട്ബോൾ ലീഗ് വമ്പന്മാരായ ബാഴ്സയിൽ കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി എന്ന വാർത്തകളുണ്ടായിരുന്നു. ചില കളിക്കാർ എതിർപ്പ് പ്രകടിപ്പിച്ചുവെന്നായിരുന്നു വിശദീകരണം. എന്നാൽ, കഴിഞ്ഞദിവസം മെസി ഉൾപ്പെട്ട കളിക്കാർ 70 ശതമാനം ശമ്പളം കുറയ്ക്കാൻ വിസമ്മതമില്ലെന്ന് വ്യക്തമാക്കി.

Advertisements

പിന്നാലെ മെസി ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടു. ഇതിലായിരുന്നു ബാഴ്സ പ്രസിഡന്റ് ജോസെപ് മരിയ ബർതോമ്യുവിനെ ലക്ഷ്യംവച്ച് മെസി വാക്കുകൾ തൊടുത്തത്. ഞങ്ങൾ ശമ്പളത്തിന്റെ 70 ശതമാനം കുറയ്ക്കാൻ എല്ലാത്തരത്തിലും സന്നദ്ധരാണ്. ഇതുവഴി ക്ലബ്ബിലെ സാധാരണ തൊഴിലാളികൾക്ക് 100 ശതമാനം ശമ്പളം കിട്ടുക എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സ്വമനസ്സാലെ തീരുമാനിച്ചതാണ്.

രാജ്യത്തെ നിലവിലെ അവസ്ഥ കൃത്യമായി അറിയാം. ഏതു സാഹചര്യത്തിലും ക്ലബ് ആവശ്യപ്പെട്ടാൽ ഞങ്ങൾ മുന്നിൽ തന്നെയുണ്ടാകും. ഇതിനുമുമ്പ് പലപ്പോഴും പ്രതിസന്ധിഘട്ടത്തിൽ ഞങ്ങൾതന്നെ മുൻകൈ എടുത്ത് രംഗത്തുവന്നവരാണ്. ആരുടെയും സമ്മർദഫലമല്ല തീരുമാനം. ആ രീതിയിൽ പുറത്തുവരുന്ന കാര്യങ്ങൾ ശരിയില്ല- മെസി കുറിച്ചു. മെസിയുടെ കുറിപ്പ് ബാഴ്സയിലെ മറ്റു താരങ്ങളായ ജെറാർഡ് പിക്വെ, സെർജിയോ ബുസ്‌ക്വെറ്റ്സ്, ലൂയിസ് സുവാരസ്, ജോർഡി ആൽബ, ഒൺടോയ്ൻ ഗ്രീസ്മാൻ, ഫ്രെങ്കി ഡി യോങ്, അർട്യൂറോ വിദാൽ, മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗൻ എന്നിവരും പങ്കുവച്ചു.

ദിവസങ്ങൾക്കുമുമ്പ് ഏകദേശം ഒമ്പതുകോടി രൂപ മെസി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തിരുന്നു. ബാഴ്സലോണയിലെയും അർജന്റീനയിലെ റൊസാരിയോവിലുള്ള ആശുപത്രികൾക്കാണ് സഹായം നൽകിയത്.ബർതോമ്യൂവിനെതിരെ ആദ്യമായല്ല മെസി എതിർപ്പുമായെത്തുന്നത്. താരലേല വിപണിയിൽ നെയ്മറെ കൊണ്ടുവരാത്തതിൽ ബോർഡിനെതിരെ മെസി ആഞ്ഞടിച്ചിരുന്നു.

പരിശീലകൻ ഏണെസ്റ്റോ വാൽവെർദെയെ പുറത്താക്കിയശേഷം ടെക്നിക്കൽ ഡയറക്ടർ എറിക് അബിദാൽ നടത്തിയ പ്രസ്താവനയും മെസിയെ ചൊടിപ്പിച്ചിരുന്നു. കളിക്കാരെ സംശയനിഴലിലാക്കരുതെന്നായിരുന്നു മെസിയുടെ പ്രതികരണം. കളിക്കാരും ബോർഡും തമ്മിലുള്ള തർക്കം തീർന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം തെളിയിക്കുന്നത്.

ലീഗ് മുടങ്ങിയതോടെ ക്ലബ്ബുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ബാഴ്സയ്ക്കു പുറമെ അത്ലറ്റികോ മാഡ്രിഡും കളിക്കാരുടെ വേതനം കുറയ്ക്കാനൊരുങ്ങുകയാണ്. എന്നാൽ, വമ്പന്മാരായ റയൽ മാഡ്രിഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Advertisement