ഇന്ത്യൻ മണ്ണിൽ അഫ്ഗാൻ വിജയഗാഥ, പൊള്ളാർഡിനോയും കൂട്ടരേയും അട്ടിമറിച്ച് ട്വന്റി 20 ക്രിക്കറ്റ് പരമ്പര അഫ്ഗാൻ സ്വന്തമാക്കി

16

ന്യൂഡൽഹി: : കരുത്തരായ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് അഫ്ഗാനിസ്താൻ ട്വന്റി 20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ടു മത്സരങ്ങൾ വിജയിച്ചായിരുന്നു അഫ്ഗാൻ പരമ്പര നേടിയത്.

ഇന്നു നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 29 റൺസിന്റെ ആധികാരിക ജയമാണ് അഫ്ഗാൻ നേടിയത്.

Advertisements

സ്‌കോർ: അഫ്ഗാനിസ്താൻ 20 ഓവറിൽ എട്ട് വിക്കറ്റിന് 156 റൺസ്. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റിന് 127 റൺസ്.

ഉത്തർപ്രദേശിലെ ലഖ്നൗവിലാണു മത്സരം നടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനു തുടക്കം പാളിയെങ്കിലും ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുർബാസിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് (52 പന്തിൽ 79) ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ആറ് ഫോറും അഞ്ച് സിക്സറും അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. ആദ്യ രണ്ട് വിക്കറ്റുകൾ 13 റൺസിനിടെ നഷ്ടപ്പെട്ടെങ്കിലും ചെറിയ ചെറിയ കൂട്ടുകെട്ടുകളുണ്ടാക്കി ഗുർബാസ് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 16.2 ഓവറിൽ സ്‌കോർ 120-ലെത്തി നിൽക്കെ അഞ്ചാമനായാണ് ഗുർബാസ് പുറത്തായത്. അസ്ഗർ അഫ്ഗാൻ (24) മാത്രമാണു കാര്യമായ പിന്തുണ നൽകിയത്.വിൻഡീസിനു വേണ്ടി ഷെൽഡൺ കോട്ട്രൽ, കെസ്രിക് വില്യംസ്, കീമോ പോൾ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെയും തുടക്കം പാളി. 16 റൺസിൽ നിൽക്കെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. പിന്നീട് വിക്കറ്റ് കീപ്പർ ഷായ് ഹോപ്പും (52) എവിൻ ലൂയിസും (24) ചില മിന്നലാട്ടങ്ങൾ നടത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുകൊടുക്കാതെ പിശുക്കു കാണിച്ചും അഫ്ഗാൻ മത്സരം ആധികാരികമായി സ്വന്തമാക്കുകയായിരുന്നു.

ക്യാപ്റ്റനും വെടിക്കെട്ട് വീരനുമായ കീറൻ പൊള്ളാർഡിനു നേടാനായത് 11 റൺസാണ്. അതും 12 പന്തിൽ നിന്ന്. അഫ്ഗാനു വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും മുജീബുർ റഹ്മാൻ, കരിം ജാനത്, ഗുൽബാദിൻ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisement