കോഹ് ലി പടയ്ക്ക് ചരിത്രജയം, ഇഷാന്തിന്റെ വഴിയിൽ ഉമേഷും നിറഞ്ഞാടി, പിങ്കിൽ ബംഗ്ലാദേശ് നാമവശേഷമായി

17

ഇന്ത്യ ആതിഥേയത്വം വഹിച്ച ആദ്യ ഡേനൈറ്റ് ടെസ്റ്റ് മത്സരത്തിൽ കോഹ് ലിപ്പടയ്ക്ക് ചരിത്രജയം. ഈഡൻഗാർഡൻസിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ പേസ് ആക്രമണനിരയ്ക്കും പിങ്ക് പന്തിനും മറുപടിയില്ലാതെ ബംഗ്ലാദേശ് ടീം രണ്ടരദിവസം കൊണ്ട് കീഴടങ്ങി. ഇന്നിങ്‌സിനും 46 റൺസിനുമാണ് ഇന്ത്യ പിങ്ക് ജയം ആഘോഷിച്ചത്. മത്സരത്തിൽ പത്തൊൻപത് വിക്കറ്റുകൾ വീഴ്ത്തിയത് പേസർമാരാണ്.

241 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 41.1 ഓവറിൽ 195 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. ഇൻഡോറിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 130 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ തുടർച്ചയായ ഏഴാം വിജയമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ നാലാം ഇന്നിങ്‌സ് ജയം സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ചരിത്രജയത്തോടൊപ്പം കരസ്ഥമാക്കി.

Advertisements

രണ്ടാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മൂന്നാം ദിനം ബംഗ്ലദേശ് നിരയെ കടപുഴക്കിയത്. ഇന്ന് മൂന്നു വിക്കറ്റുകളും ഉമേഷ് യാദവിന്റെ വകയായിരുന്നു. 14.1 ഓവറിൽ 53 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇഷാന്ത് ശർമ 13 ഓവറിൽ 56 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. അർധസെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹിമാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറർ. റഹിം 96 പന്തിൽ 13 ഫോറുകൾ സഹിതം 74 റൺസെടുത്തു.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശിന് പന്തിന്റെ താളം മനസ്സിലായില്ല. ഇന്ത്യൻ പേസർമാർക്കു മുന്നിൽ ആത്മവിശ്വാസമില്ലാതെയായിരുന്നു കളി. ആദ്യ ഓവറിൽ ഓപ്പണർ ഷദ്മാൻ ഇസ്ലാമിനെ മടക്കി ഇശാന്ത് ശർമ കളി പിടിച്ചു. ഒന്നാം ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടി.

പിങ്ക് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം കോഹ്ലി വിവിധ റെക്കോഡുകൾ പഴങ്കഥയാക്കിയിരുന്നു. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെയും ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായ റിക്കി പോണ്ടിങ്ങിന്റെയും റെക്കോഡുകളാണ് കോഹ്ലി ശനിയാഴ്ച ഉച്ചയ്ക്കു മറികടന്നത്.

ഒരു ക്യാപ്റ്റൻ നേടുന്ന ടെസ്റ്റ് സെഞ്ചുറികളുടെ പട്ടികയിലാണ് പോണ്ടിങ്ങിനെ പിന്തള്ളി കോഹ്ലി രണ്ടാംസ്ഥാനത്തെത്തിയത്. ടെസ്റ്റിൽ രണ്ടാം ദിവസമാണ് തന്റെ 27-ാം സെഞ്ചുറി കോഹ്ലി നേടിയത്. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിൽക്കേ കോഹ്ലി നേടുന്ന 20-ാം സെഞ്ചുറിയാണിത്. 23 ടെസ്റ്റ് സെഞ്ചുറികൾ സ്വന്തമായുള്ള ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ ഗ്രേം സ്മിത്താണ് ഒന്നാം സ്ഥാനത്ത്.
എല്ലാ ഫോർമാറ്റുകളിലുമായി കോഹ്ലി നേടുന്ന 70-ാം സെഞ്ചുറിയാണിത്. എല്ലാ ഫോർമാറ്റുകളിലുമായി ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം ഇതോടെ നേടിയത് 41-ാം സെഞ്ചുറിയാണ്.

അതിനിടെ 27 ടെസ്റ്റ് സെഞ്ചുറികൾ വേഗത്തിൽ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കൊപ്പം കോഹ്ലി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 141 ഇന്നിങ്‌സുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല, ഏറ്റവും വേഗത്തിൽ 70 അന്താരാഷ്ട്ര സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോഡിൽ സച്ചിനെ മറികടക്കാനും അദ്ദേഹത്തിനായി. സച്ചിൻ 505 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടമുണ്ടാക്കിയപ്പോൾ, കോഹ്ലിക്ക് അതിനായി വേണ്ടിവന്നത് 439 ഇന്നിങ്‌സുകളാണ്. പോണ്ടിങ് നേടിയതാകട്ടെ, 649 ഇന്നിങ്‌സുകളിൽ നിന്ന്. വെള്ളിയാഴ്ച ഇതേ ടെസ്റ്റിന്റെ ആദ്യദിനം ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി അയ്യായിരം റൺസ് പിന്നിട്ടിരുന്നു.

Advertisement