കൂറ്റന്‍ ജയം, സിംഹക്കുട്ടികളെ നാണം കെടുത്തി ഇന്ത്യ

19

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ഏകദിനത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ ഏ ടീം. 138 റണ്‍സിനാണ് ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയണ്‍സിനെ തറ പറ്റിച്ചത്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ രഹാനയുടെ കുട്ടികള്‍ തിരുവനന്തപുരത്ത് അനായാസം ജയം രുചിക്കുകയായിരുന്നു.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ എ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍: ഇന്ത്യ എ : 303-6 ഇംഗ്ലണ്ട് ലയണ്‍സ് : 165

Advertisements

ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇംഗ്ലണ്ട് ലയണ്‍സ് കേവലം 165 റണ്‍സിന് പുറത്താകുകയായിരുന്നു.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാര്‍കണ്ടേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ താക്കൂറും പട്ടേലുമാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. 48 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിസും 39 റണ്‍സെടുത്ത ജോര്‍ജിയുമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചു നിന്നത്.

തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച അജിന്‍ക്യ രഹാനയുടേയും ഹനുമ വിഹാരിയുടേയും ശ്രേയസ് അയ്യരുടേയും മികവിലാണ് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന് 303 റണ്‍സ് അടിച്ചു കൂട്ടിയത്.

അതെസമയം രഹാനയ്ക്ക് ഒന്‍പത് റണ്‍സ് അകലേയും വിഹാരിയ്ക്ക് എട്ട് റണ്‍സ് അകലേയും സെഞ്ച്വറി നഷ്ടമായി. 117 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 91 റണ്‍സാണ് രഹാന സ്വന്തമാക്കിയത്. വിഹാരി 83 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സും നേടി.

ശ്രേയസ് അയ്യരാകട്ടെ 65 റണ്‍സാണ് എടുത്തത്. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു അയ്യരുടെ ഇന്നിംഗ്‌സ്. അന്‍മോള്‍ പ്രീത് സിംഗ് (7) ബൗനെ (18) ഇശാന്‍ കിഷണ്‍ (3) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. എട്ട് റണ്‍സുമായി പട്ടേലും റണ്‍സൊന്നും എടുക്കാതെ താക്കൂറും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു.

Advertisement