ഇത്തവണത്തെ ലോകകപ്പിൽ മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യമാകും ഇന്ത്യൻ ടീമിന് ഗുണകരമാകുയെന്ന പ്രവചനങ്ങൾ നിലനിൽക്കെ സമാനമായ നിലപാടുമായി സയ്യിദ് കിർമാനി രംഗത്ത്.
ധോണിയുടെ പരിചയസമ്പത്താകും ലോകകപ്പിൽ ടീമിന് നേട്ടമാകുക. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. ലോകകപ്പിൽ ഏറ്റവും സന്തുലിതമായ ടീം ഇന്ത്യയുടേതാണ്.
സർവ്വ മേഖലയിലും ഇന്ത്യക്ക് വ്യക്തമായ ആധിപത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ബാറ്റിംഗ് നിരയും ബോളിംഡ് ഡിപ്പാർട്ട്മെന്റും ഇന്ത്യക്കുണ്ട്.
ഓൾ റൗണ്ട് മികവും വലുതാണ്. എന്നാൽ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ സൂക്ഷിക്കണം. ഈ ടീമുകളാകും സെമിയിലെത്തുക.
പാകിസ്ഥാന്റെ പ്രകടനം എങ്ങനെയാകുമെന്ന് പറയാൻ കഴിയില്ല. ന്യൂസിലൻഡ് അപ്രതീക്ഷിത മുന്നേറ്റങ്ങൾക്ക് കെൽപ്പുള്ള ടീമാണെന്നും കിർമാനി വ്യക്തമാക്കി.
ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ പരിചയ സമ്ബന്നതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. യുവതാരം ഋഷഭ് പന്തിനെ ഒഴിവാക്കി ദിനേഷ് കാർത്തിക്കിനെ ടീമിൽ ഉൾപ്പെടുത്തിയത് ഇക്കാരണത്താലാണ്.
മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുന്ന ശീലം പന്തിനുണ്ട്. ഭാവിയിലെ മികച്ച താരമാണ് അദ്ദേഹമെന്നും ഒരു സ്വകാര്യ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ മുൻ വിക്കറ്റ് കീപ്പറായിരുന്നു സയ്യിദ് കിർമാനി.