പുറമ്പോക്കിലെ ആകെയുള്ള ആശ്രിതയുടെ കിടപ്പാടം പ്രളയം കൊണ്ടു പോയി; വീടുവക്കാന്‍ തന്റെ നാല് സെന്റുനല്‍കി പെയിന്ററായ പ്രാരാബ്ധക്കാരന്‍ സുനില്‍; കണ്ണുനിറക്കും ഈ കാഴ്ച

66

കൊച്ചി: കലിതുള്ളി പെയ്ത മഴമുലമുണ്ടായ ദുരിതപ്രളയത്തില്‍ മുങ്ങിപ്പോകുമായിരുന്ന കേരളക്കരയെ കൈപിടിച്ചുയര്‍ത്തിയതാരാണ്? കേരളക്കരയിലേക്കൊഴുകിയ അണമുറിയാത്ത സഹായപ്രവാഹവും കരുണയുടെ ഉറവ വറ്റാത്ത ഒരു കൂട്ടം നല്ലമനസിനുടമകളുമാണെന്ന് പറയാതെ വയ്യ.

Advertisements

നഷ്ടങ്ങളുടെ ദുരിതക്കയത്തില്‍ നിന്നും ശുഭ പ്രതീക്ഷകളുടെ വെള്ളിവെളിച്ചത്തിലേക്ക് പ്രളയബാധിതരെ കൈപിടിച്ചു നടത്തിയ എത്രയോ പേര്‍. ഹൃദയം തൊട്ടുള്ള അത്തരം സഹായങ്ങള്‍ക്ക് ജാതിയോ മതമോ സാമ്പത്തിക സ്ഥിതിയോ പരിമിതികളോ ഒന്നും പലര്‍ക്കും പ്രശ്‌നമല്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വൈറ്റില സ്വദേശി എകെ സുനിലിന്റെ നന്മമനസും അത്തരത്തില്‍ ഒഴുകിയെത്തിയ അണമുറിയാത്ത സഹായപ്രവാഹങ്ങളില്‍ ഒന്നാണ്. പറവൂര്‍ ഏഴിക്കരയില്‍ പുറമ്പോക്ക് ഭൂമിയിലെ ഷെഡ് ഒലിച്ചുപോയ ആശ്രിതയ്ക്കും കുടുംബത്തിനും ആശ്രയമായി മാറിയിരിക്കുകയാണ് സുനിലെന്ന സാധാരണ പെയിന്റിങ് തൊഴിലാളി.

മഴവെള്ളത്തില്‍ ഒലിച്ചു പോയ വീടിനെയോര്‍ത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായിരുന്ന ആശ്രിതയ്ക്കു മുന്നിലേക്കാണ് സുനിലിന്റെ സഹായമെത്തിയത്. തന്റെ സാമ്പത്തിക സ്ഥിതിയോ ഭാവി ജീവിതമോ ഒന്നും നോക്കാതെ ഉടമസ്ഥതയിലുള്ള നാലു സെന്റ് ഭൂമി ആശ്രിതയ്ക്ക് വീട് വയ്ക്കാനായി നല്‍കുകയായിരുന്നു സുനിലെന്ന നന്മമനസ്. ആശ്രിതയെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് സുനില്‍ സഹായവുമായെത്തിയത്. തന്നോട് കാട്ടിയ വലിയ കാരുണ്യം കണ്ട് ആശ്രിതയ്ക്ക് കണ്ണുനിറഞ്ഞു.

വീഡിയോ കടപ്പാട് മനോരമ

Advertisement