ലാലേട്ടന്‍ അലി ഇമ്രാനായി താണ്ഡവമാടിയ സര്‍വ്വകാല ഹിറ്റ് മൂന്നാംമുറ ഇറങ്ങിയിട്ട് 30 വര്‍ഷം

152

ഹിറ്റ് മേക്കര്‍ കെ മധു മലയാളത്തിന്റെ താരരാജാവ്‌ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് മൂന്നാംമുറ. 1988 നവംബര്‍ 10നായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. സിനിമ റിലീസ് ചെയ്തിട്ട് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.

തുടക്കത്തില്‍ ഈ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ലെങ്കിലും പിന്നീട് സിനിമ മുന്നേറുകയും ആ വര്‍ഷത്തെ ഹൈയസ്റ്റ് ഗ്രോസ് കലക്ഷനും സ്വന്തമാക്കുകയായിരുന്നു. റിലീസ് ദിനത്തിലെ തിരക്ക് കാരണം പ്രേക്ഷകര്‍ മരിച്ച സംഭവവും അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തിന് തെലുങ്ക് പതിപ്പും ഒരുക്കിയിരുന്നു.

Advertisements

അലി ഇമ്രാനെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ലാലു അലക്‌സ്, സുകുമാരന്‍, രേവതി, സുരേഷ് ഗോപി, മുകേഷ്, ബാബു ആന്റണി, ഇന്നസെന്റ്, മാള അരവിന്ദന്‍, കൊല്ലം തുളസി, ടിപി മാധവന്‍, വത്സല മേനോന്‍, കെ മധു തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

എസ് എന്‍ സ്വാമിയായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. മൂന്നാംമുറ പിറന്നിട്ട് 30 വര്‍ഷം പിന്നിടുന്നതിനിടയില്‍ സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച സീരീസ് ചിത്രങ്ങളായ സേതുരാമയ്യര്‍ സിനിമയ്ക്ക് ആദ്യം നല്‍കിയ പേര് അലി ഇമ്രാനെന്നായിരുന്നു. കെ മധു, മമ്മൂട്ടി, എസ് എന്‍ സ്വാമി കൂട്ടുകെട്ടിലായിരുന്നു ചിത്രങ്ങള്‍ ഇറങ്ങിയത്. അലി ഇമ്രാനെന്ന പേരായിരുന്നു ആദ്യം നല്‍കിയത്. എന്നാല്‍ മമ്മൂട്ടിയാണ് ആ പേര് മാറ്റി സേതുരാമയ്യരാക്കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. അതാവട്ടെ മോഹന്‍ലാലിന് ഗുണമായി ഭവിക്കുകയും ചെയ്തു.

മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായാണ് എസ് എന്‍ സ്വാമിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കൂടുംതേടിയിലൂടെയാണ് അദ്ദേഹം മോഹന്‍ലാലിന് വേണ്ടിയും എഴുതാന്‍ തുടങ്ങിയത്.

ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ തുടക്കം കുറിച്ചത് എന്ന് മാത്രമല്ല കരിയറിലെ ആദ്യ മെഗാഹിറ്റ് ചിത്രം മോഹന്‍ലാലിന്റേതായിരുന്നു. ഇരുപതാം നൂറ്റാണ്ടിലൂടെയായിരുന്നു അത്. മൂന്നാംമുറ, നാടുവാഴികള്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കായും ഇരുവരും ഒന്നിച്ചിരുന്നു.

സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ത്തന്നെ വിജയസാധ്യതയെക്കുറിച്ചും താരങ്ങള്‍ ചിന്തിക്കാറുണ്ട്. താരങ്ങളുടെ പ്രതീക്ഷയെ കാറ്റില്‍ പറത്തി എക്കാലത്തെയും മികച്ച വിജയം സമ്മാനിച്ച സിനിമകളുമുണ്ട്. അത്തരത്തിലൊരു ചിത്രമാണ് മൂന്നാംമുറ. സിനിമയുടെ കഥ ഇഷ്ടപ്പെട്ടുവെങ്കിലും ഈ പ്രമേയത്തെ മലയാളികള്‍ സ്വീകരിക്കുമോയെന്ന ആശങ്കയായിരുന്നു മോഹന്‍ലാലിനെ അലട്ടിയത്. തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയോട് അദ്ദേഹം ഇത് പങ്കുവെച്ചിരുന്നു.

സിനിമയ്ക്കായി ഡേറ്റ് നല്‍കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താരത്തിന്റെ ആശങ്കകളെ അസ്ഥാനത്താക്കി എക്കാലത്തെയും ബോക്‌സോഫീസ് വിജയമായി മാറുകയായിരുന്നു സിനിമ.

മലയാളികള്‍ക്ക് പരിചിതമല്ലാത്ത പ്രമേയമാണ് ചിത്രത്തിന്റേതെന്നും ഇത്തരത്തിലുള്ള ഹൈജാക്കിങ് ഇഷ്ടപ്പെടുമൊയെന്നുമായിരുന്നു പലരും ചോദിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ഗംഭീര വിജയത്തിന് ശേഷം മോഹന്‍ലാലും എസ്എന്‍ സ്വാമിയും ഈ ചിത്രത്തിലൂടെയാണ് ഒരുമിച്ചത്. സിനിമ സൂപ്പര്‍ഹിറ്റായി മാറുമെന്ന് സ്വാമിക്ക് വിശ്വാസമുണ്ടായിരുന്നു.

ഒറ്റ കേള്‍വിയില്‍ത്തന്നെ സിനിമ ഇഷ്ടപ്പെട്ടപ്പോഴും മോഹന്‍ലാലിനെ ഇത്തരം ആശങ്കകള്‍ അലട്ടിയിരുന്നു. ആ കൈ ഇങ്ങോട്ട് തന്നാല്‍ മതി ബാക്കി കാര്യം തങ്ങള്‍ നോക്കിക്കോളാമെന്ന് പറഞ്ഞപ്പോള്‍ താരം ചിത്രം ഏറ്റെടുക്കുകയായിരുന്നു.

ആദ്യ ദിനങ്ങളില്‍ നിന്നും വ്യത്യസ്തമായ ക്ലൈമാക്‌സായിരുന്നു പിന്നീട് കാണിച്ചത്. വില്ലനെ കൊന്നതിന് ശേഷം നടന്നുവരുന്ന മോഹന്‍ലാലിനെയായിരുന്നു ആദ്യം കാണിച്ചത്. അതോടെ ചിത്രം അവസാനിക്കുന്നതായിരുന്നു ആദ്യദിനങ്ങളിലെ ക്ലൈമാക്‌സ്. എന്നാല്‍ 2 ദിവസം കഴിഞ്ഞപ്പോള്‍ അലി ഇമ്രാനെ പോലീസ് അഭിനന്ദിക്കുന്ന രംഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ ചിത്രത്തെ.

Advertisement