ജഡേജയുടെ ഒറ്റയാൾ പോരാട്ടം പാഴായി; സെമി ദുരന്തമായി, കണ്ണു നിറഞ്ഞ് രോഹിത്

25

ദയദീയ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്ന് ധോണിയെ ഒരറ്റത്ത് നിർത്തി മികച്ച പോരാട്ടം കാഴ്ചവെച്ച രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. ലോകകപ്പിൻറെ ആദ്യ സെമിയിൽ ഇന്ത്യക്കെതിരെ മിന്നുന്ന വിജയവുമായി ന്യൂസിലൻഡ് ഫൈനലിലെത്തുന്ന ആദ്യ ടീമായി.

കിവീസ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ പോരാട്ടം 221 റൺസിൽ അവസാനിച്ചു. ലോകകപ്പിന്റെ ആദ്യ സെമിയിൽ 240 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ തുടക്കത്തിലെ ഞെട്ടിച്ചാണ് ന്യൂസിലൻഡ് തുടങ്ങിയത്.

Advertisements

ടൂർണമെന്റിൽ ഏറ്റവും ഫോമിലുള്ള ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ എന്നിവരെ വീഴ്ത്തി കിവികൾ തിരിച്ചടി തുടങ്ങി. അൽപം നേരം ചെറുത്ത് നിന്നെങ്കിലും ഹെൻറിയുടെ പന്തിൽ ബാറ്റ് വച്ച് കാർത്തിക് (6) ജിമ്മി നീഷാമിൻറെ അത്ഭുത ക്യാച്ചിൽ തിരികെ മടങ്ങി. ശ്രദ്ധയോടെ സ്വയം നിയന്ത്രിച്ച് മുന്നേറിയ പന്തിനെ സാൻറനർ കൃത്യമായി പദ്ധതി ഒരുക്കി വീഴ്ത്തുകയായിരുന്നു.

56 പന്തിൽ 32 റൺസാണ് ഋഷഭ് അടിച്ചത്. പിന്നാലെ റൺസ് കണ്ടെത്താനാകാതെ പോയതോടെ സാൻറനറുടെ പന്തിൽ വില്യംസണ് ക്യാച്ച് നൽകി ഹാർദിക്കും (32) കൂടാരം കയറി. പിന്നീടാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് ചൂടും ചൂരും പകർന്ന രവീന്ദ്ര ജഡേജ – എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. ഒരറ്റത്ത് ധോണി വിക്കറ്റ് കാത്തു സൂക്ഷിച്ച് പിടിച്ച് നിന്നപ്പോൾ ജഡേജ ആക്രമണം ഏറ്റെടുത്തു.

അപ്രാപ്യമെന്ന് വിലയിരുത്തലുണ്ടായ ലക്ഷ്യത്തിലേക്ക് ജഡേജയുടെ കരുത്തിൽ ഇന്ത്യ ശ്രമിച്ച് തുടങ്ങി. അർധ സെഞ്ചുറി നേടി ജഡേജ വിമർശകരെ ഒന്നൊന്നായി ബൗണ്ടറിക്ക് അപ്പുറം കടത്തി. ഇതോടെ ആവേശകരമായ മത്സരത്തിലേക്ക് ഇന്ത്യ തിരികെയെത്തി. നൂറ് റൺസ് കൂട്ടുകെട്ടും കടന്ന് ധോണി ജഡേജ സഖ്യം മുന്നേറിയതോടെ കിവികളുടെ മുഖത്ത് ആശങ്ക നിഴലിച്ചു.

എന്നാൽ, ധോണിക്ക് ബൗണ്ടറികൾ കണ്ടെത്താനാകാതെ പോയ സമ്മർദത്തിൽ വമ്പനടിക്ക് ശ്രമിച്ച ജഡേജയ്ക്ക് പിഴച്ചു. 59 പന്തിൽ 77 റൺസ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്. പിന്നീട് സിക്‌സ് അടിച്ച് പ്രതീക്ഷ വർധിപ്പിച്ച ധോണി 48-ാം ഓവറിൽ അനാവശ്യ റണ്ണിന് വേണ്ടി ഓടി റൺഔട്ടായതോടെ കിവികൾ വിജയം ഉറപ്പിച്ചു.

72 പന്തിൽ 50 റൺസായിരുന്നു ധോണിയുടെ സംഭാവന. നേരത്തെ, മഴയ്ക്ക് ശേഷവും ഒട്ടും ശൗര്യം ചോരാതെ രണ്ടാം ദിനവും പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ന്യൂസിലൻഡ് മുട്ടുമടക്കുകയായിരുന്നു. ഇന്ത്യൻ പേസ് സ്പിൻ കൂട്ടുകെട്ടുകൾ നിറഞ്ഞാടിയപ്പോൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 239 റൺസാണ് ന്യൂസിലൻഡ് സ്‌കോർ ബോർഡിൽ കുറിച്ചത്. ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്ത് നിൽക്കുന്ന സമയത്താണ് മഴ എത്തിയത്.

തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റിയ കളിയിൽ പിന്നീട് 28 റൺസ് മാത്രമാണ് കിവികൾ കൂട്ടിച്ചേർത്തത്. കിവീസിനായി നായകൻ കെയ്ൻ വില്യംസണും (67), റോസ് ടെയ്‌ലറും (74) അർധ സെഞ്ചുറി നേടി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

അതിനിടെ കലങ്ങിയ കണ്ണുകളുമായി രോഹിത്ത് ക്യാമറയില്‍ പതിഞ്ഞത് ക്രി്ക്കറ്റ് പ്രേമികള്‍ക്ക് നോവായി. ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയുമായി റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുമ്പോഴുളള ഈ തോല്‍വി രോഹിത്തിന് അത്ര പെട്ടെന്നൊന്നും ഉള്‍കൊള്ളാനാകില്ല. പ്രത്യേകിച്ച് ഇന്ത്യ ലോകകപ്പ് നേടിയ 2011ല്‍ രോഹിത്ത് ടീമിന് പുറത്തായിരുന്നു. അതിനാല്‍ തന്നെ കരിയറില്‍ ഒരു ലോകകിരീടം വേണമെന്ന് രോഹിത്ത് അതിയായ ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ തകരുന്നത്.

Advertisement