രണ്ടാം തവണയും വീട്ടിൽ പ്രളയമെത്തി: അനുഭവം പങ്കുവെച്ച് ഐഎം വിജയൻ

19

ഫുട്ബോൾ മുത്ത് ഐഎം വിജയന്റെ വീട്ടിൽ രണ്ടാം തവണയും പ്രളയമെത്തി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ് വിജയനും കുടുംബവും. വിജയൻ പ്രളയത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

തൃശൂർ ചെമ്പൂക്കാവിനു സമീപം ചേറൂരിലാണ് വീട്. 24 വർഷങ്ങൾക്കു മുൻപ് ഞാൻ സ്വന്തമായി നിർമിച്ച വീടാണ്. സമീപത്തു കൂടി പുഴ ഒഴുകുന്നുണ്ട്. മുൻപും മഴക്കാലത്ത് റോഡിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും വീടുകളിൽ എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ റോഡ് വരെ വെള്ളമെത്തിയെങ്കിലും ആദ്യം കാര്യമായി എടുത്തില്ല.

Advertisements

പക്ഷേ അടുത്ത ദിവസം പുലർച്ചെ മൂന്നുമണിയോടെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറാൻ തുടങ്ങി. സാധനങ്ങളോ കാറോ മാറ്റാൻ പോലും സാവകാശം കിട്ടിയിട്ടില്ല. ഞങ്ങൾ പെട്ടെന്നുതന്നെ പോലീസ് ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റി. പിന്നീട് വീടിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി.

വെള്ളമിറങ്ങി തിരികെയെത്തിയപ്പോഴുള്ള അവസ്ഥ പരിതാപകരമായിരുന്നു.ഫർണിച്ചറുകളും കാറുമെല്ലാം ചെളി കയറി നശിച്ചു. ദിവസങ്ങൾ എടുത്താണ് എല്ലാം ഒന്നു മാറിയത്. എന്നിട്ടും അതിന്റെ ദുർഗന്ധം മാറാൻ മാസങ്ങളെടുത്തു. പ്രളയത്തിന്റെ ഒരു വർഷത്തിനുശേഷം ശുഭപ്രതീക്ഷകളോടെ ഒരു ഓണം വരവേൽക്കാൻ ഇരുന്നപ്പോഴാണ് പിന്നെയും മഴയുടെ വരവ്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും വീടിനുള്ളിലേക്ക് വെള്ളം കയറിവന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ ഉള്ളതുകൊണ്ട്, വെള്ളം പൊങ്ങാൻ തുടങ്ങിയപ്പോൾത്തന്നെ ഫർണിച്ചറുകളും മറ്റും മുകൾനിലയിലേക്ക് മാറ്റി.
കാർ ഉയർന്ന സ്ഥലത്തേക്ക് മാറ്റിയിട്ടു. അത്യാവശ്യ സാധനങ്ങൾ കയ്യിലെടുത്ത് ഭാര്യയെയും മക്കളെയും കൂട്ടി വീട് പൂട്ടിയിറങ്ങി.

ഇപ്പോൾ ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഇപ്പോൾ മഴ കുറഞ്ഞു. വെള്ളം ഇറങ്ങിത്തുടങ്ങി. കഴിഞ്ഞ ദിവസം വീട്ടിൽ പോയി നോക്കിയിരുന്നു. അകത്ത് ചെറുതായി വെള്ളം കയറിയിട്ടുണ്ട്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടാകരുതേ എന്നാണ് പ്രാർത്ഥനയെന്നും ഐഎം വിജയൻ പറയുന്നു.

Advertisement