ധോണിയും പരിക്കിന്റെ പിടിയില്‍; ആശങ്കയോടെ ചെന്നൈ ആരാധകര്‍

19

ചെന്നൈ: പരിക്ക് മൂലം ഓരോ താരങ്ങളും കളിക്കളത്തിന് പുറത്തേക്ക് പോയി തുടങ്ങിയതോടെ ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ മാറ്റങ്ങള്‍ തുടര്‍ന്ന് വരികയാണ്. തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിച്ച് വന്ന ടീം ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനോട് തോറ്റെങ്കിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയുടെ നായകന്‍ മഹേന്ദ്ര സിങ് ധോണി കാഴ്ചവെച്ചത്. എന്നാല്‍ ധോണി ബാറ്റ് ചെയ്തത് കടുത്ത പുറവേദനയുമായാണെന്ന് മത്സരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ചെന്നൈയുടെ ആരാധകര്‍ ആശങ്കയിലായിരിക്കുന്നത്.

Advertisements

നിലവില്‍ തന്നെ ചെന്നൈ ക്യാമ്പില്‍ പരിക്കിന്റെ പിടിയിലായ നിരവധി താരങ്ങളുണ്ട്. സുരേഷ് റെയ്ന, ഫാഫ് ഡുപ്ലെസിസ് തുടങ്ങിയവര്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. പരിക്കേറ്റ കേദാര്‍ ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ പരിക്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ധോണിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. രാജസ്ഥാനെതിരെ 20ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി ധോണി പൂര്‍ണ്ണമായി കായികക്ഷമത വീണ്ടെടുക്കുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ‘ വലിയ പ്രശ്നമാണോ എന്നറിയില്ല, പക്ഷേ, അത് ഭേദമാവും, ദൈവം ഒരുപാട് കരുത്ത് തന്നു, അത് കൊണ്ട് പുറത്ത് അധികം ഭാരം കൊടുക്കേണ്ടി വന്നില്ല, അതൊന്നും പ്രശ്നമില്ല, പരിക്കുകള്‍ വെച്ച് കളിച്ച് പരിചയമുള്ളതാണെന്നും ധോണി പറയുന്നു.

അതേസമയം, സുരേഷ് റെയ്നയും അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. കളിക്കിടെ നടന്ന അഭിമുഖത്തില്‍ പരിക്ക് ഭേദമാവുന്നുണ്ടെന്നും പെട്ടെന്ന് തന്നെ ടീമില്‍ തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതായും സുരേഷ് റെയ്ന പറഞ്ഞിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സുരേഷ് റെയ്നയ്ക്ക് ചെന്നൈ ജേഴ്സിയിലെ ഒരു മത്സരം നഷ്ടപ്പെടുന്നത്.

Advertisement