പാവം പ്രവാസികളുടെ ഫോണും സ്വര്‍ണവും പണവുമടക്കം വിലപ്പെട്ടതെല്ലാം മോഷ്ടിക്കുന്ന കരിപ്പൂരിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം

22

കോഴിക്കോട്: പാവം പ്രവാസികളുടെ ഫോണും സ്വര്‍ണവും പണവുമടക്കം വിലപ്പെട്ടതെല്ലാം മോഷ്ടിക്കുന്ന കരിപ്പൂരിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് കരിപ്പൂര്‍ വിമാനതാവളത്തിലെത്തുന്ന യാത്രക്കാരുടെ വസ്തുവകകള്‍ മോഷ്ടിച്ച സംഭവത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസം രാവിലെ ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരുടെ ബാഗേജില്‍നിന്നാണ് കൂട്ടക്കൊള്ള നടന്നത്. നിരവധി യാത്രക്കാരുടെ ബാഗേജുകളില്‍നിന്ന് വിലപിടിപ്പുള്ള ഫോണും സ്വര്‍ണവും പണവുമെല്ലാം നഷ്ടപ്പെട്ടു. പത്തോളം യാത്രക്കാരുടെ ബാഗുകളാണ് കുത്തിത്തുറന്നത്.

ഏഴ് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീന്റെ ബാഗിന്റെ പൂട്ട് മുറിച്ച് സാംസംഗ് ഫോണും മറ്റും കവര്‍ന്നു. ഇദ്ദേഹത്തിനൊപ്പമുള്ള മറ്റൊരു യാത്രക്കാരന്റെ ബാഗില്‍നിന്ന് രണ്ടു പവന്‍ സ്വര്‍ണവും വാച്ചും മൊബൈലും കാണാതായി. നിരവധി ബാഗുകള്‍ പൊട്ടിച്ച നിലയിലാണ്.

Advertisements

ഹാന്റ്ബാഗുകള്‍ വിമാനത്തിന്റെ കാബിനിലേക്ക് കയറ്റാന്‍ അനുവദിക്കാതെ കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റിയാണ് തട്ടിപ്പിന് അരങ്ങൊരുക്കുന്നത്. സാധാരണഗതിയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ യാത്രക്കാര്‍ ഹാന്റ് ബാഗിലാണ് സൂക്ഷിക്കാറുള്ളത്. വിമാനത്തിനകത്തെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ ചിലര്‍ ബാഗേജുകള്‍ കുത്തിത്തുറന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയാണ് ചെയ്യുന്നത്.

കസ്റ്റംസ് എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെ ഉത്തരവാദിത്വബോധമില്ലായ്മയാണ് യാത്രക്കാരെ കൊള്ളയടി നടക്കാന്‍ കാരണമാവുന്നതെന്ന് മലബാര്‍ ഡവലപ്മെന്റ് ഫോറം ചെയര്‍മാന്‍ കെഎം ബഷീര്‍ അഭിപ്രായപ്പെട്ടു. വിമാനക്കൊള്ള അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

പണവും വിലയേറിയ വസ്തുക്കളും കൈവശപ്പെടുത്തിയ ശേഷമാണ് ബാഗേജ് പുറത്തെത്തിച്ചിരിക്കുന്നത്. പല വസ്തുക്കളുടെയും കാലിപ്പെട്ടികള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.മാസങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ തുടര്‍ച്ചയായി യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടമായതിനെത്തുടര്‍ന്ന് കരപ്പൂര്‍ പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെത്തിയ വിമാനത്തിലെ ചെക്ക് ഇന്‍ ബാഗേജുകളിലാണ് മോഷണം നടന്നിരിക്കുന്നത്. യാത്രക്കാര്‍ കൊണ്ടുവന്ന സ്വര്‍ണം, വിദേശ കറന്‍സികള്‍, ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവയാണ് നഷ്ടമായത്. കസ്റ്റംസ് ഹാളില്‍നിന്ന് ബാഗേജ് കൈപ്പറ്റിയ ശേഷമാണ് പലരും അവയുടെ ലോക്കുകള്‍ പൊട്ടിച്ചതായി അറിയുന്നത്. ചില ബാഗേജുകളുടെ സിബ്ബുകള്‍ വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ കസ്റ്റംസ് കമ്മിഷണറേറ്റും കരിപ്പൂര്‍ പോലീസും അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്സ് 344 ദുബായ്-കോഴിക്കോട് വിമാനത്തിലെ ആറ് യാത്രക്കാര്‍ക്ക് നാലുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ പാസ്പോര്‍ട്ടും ഇത്തരത്തില്‍ നഷ്ടമായി.

Advertisement