താൻ മരിച്ചതായി വ്യാജ പ്രചരണം നടത്തുന്നവർക്ക് എതിരെ മധുപാൽ

10

പ്രശസ്ത നടനും സംവിധായകനുമായ മധുപാലൽ മരിച്ചെന്ന് വ്യാജ പ്രചരണം നടന്നിരുന്നു. ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മധുപാലിന്റെ മോർഫ് ചെയ്ത ഫോട്ടോ സഹിതമാണ് വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

അതേസമയം ഇതിന് മറുപടിനൽകി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുകയാണ് മധുപാൽ ഇപ്പോൾ.

Advertisements

ബിജെപി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞിരുന്നതായി വ്യാജവാർത്ത നേരത്തെ പ്രചരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോൽ ഇദ്ദേഹം മരിച്ചുവെന്ന് പ്രചരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചു നടന്ന ഒരു സായാഹ്ന പരിപാടിയിൽ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചാണ് പ്രചരണം നടത്തുന്നത്.

ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇവിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് കണ്ടവരാണ് നാം. എല്ലാവർക്കും സന്തോഷത്തോടെ ഇവിടെ ജീവിക്കാനാകണം.

അഞ്ചുവർഷത്തിനിടയിലാണ് ഏറ്റവും കൂടുതൽ രാജ്യരക്ഷാഭടന്മാർ ഇവിടെ കൊല്ലപ്പെട്ടത്. ദേശീയത പറയുന്നവരുടെ കാലത്താണിത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുണ്ടായതും ഇക്കാലത്താണ്.

നമുക്കു വേണ്ടത് സമത്വത്തോടെ ജനങ്ങളെ കാണുന്ന ഒരു ഭരണകൂടത്തെയാണ്. പുരാതന സംസ്‌കൃതിയിലേക്ക് ഇന്ത്യയെ കൊണ്ടുപോകണമോ എന്ന് നാം ആലോചിക്കണം.

മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്കു വേണ്ടത്. അതിനാൽ ഇടതുപക്ഷത്തോടൊപ്പം നാം നിലകൊള്ളണം’. ഇതിനെ വളച്ചൊടിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഇതിന് ഇദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടിയും നൽകി.

മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ മധുപാൽ ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം സോഷ്യൽ മീഡിയായിൽ കണ്ടു.

ഞാൻ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂർണമായും ഉൾക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാൻ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാൻ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു.

പക്ഷേ നമ്മൾ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തിൽ ഒരു പൗരൻ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്.

ദേശഭക്തിയും രാജ്യസ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.

അതെ, ഞാൻ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങൾ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കിൽ.

ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കിൽ നമ്മൾ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തിൽ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്.

ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാൻ, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാൻ, നമ്മൾ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോൾ ഭരണഘടന മരിക്കുന്നു.

അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങൾ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങൾക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മൾ തുടർന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാൻ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്.

ജനാധിപത്യം നിലനിർത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതിൽ വിജയിക്കേണ്ടത് ജനാധിപത്യമാണ്.

അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്നേഹത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ വർഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താൻ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്,

ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങൾ അവരുടെ രക്തവും വിയർപ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകൾ രേഖപ്പെടുത്താനാവണം.

ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കിൽ നാം മൃതതുല്യരാവുക തന്നെ ചെയ്യും’.
മധുപാൽ

Advertisement