അർജന്റീനയുടെ കണ്ണീർ വീണ്ടും; കോപ്പ സെമിയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ

110

അർജന്റീനയെ വീഴ്ത്തി ബ്രസീൽ കോപാഅമേരിക്ക സെമിയിൽ ഫൈനലിൽ. 2014 ലോകകപ്പിൽ ജർമനി കശക്കി എറിഞ്ഞ അതേ മണ്ണിൽ അർജന്റീനയെ കീഴടക്കി ബ്രസീലിന്റെ കുതിപ്പ്. മിനെയ്‌റോയിലെ ബെലോ ഹൊറിസോന്റിയിൽ അന്ന് മഞ്ഞക്കടൽ കണ്ണീർ വാർത്തെങ്കിൽ ഇന്ന് ആനന്ദകണ്ണീരാണ് പൊഴിഞ്ഞത്. ഇരുപകുതികളിൽ നിന്നായി ഓരോ ഗോൾ വീതം നേടിയ ബ്രസീൽ എല്ലാ അർത്ഥത്തിലും അർജന്റീനയെ അപ്രസക്തരാക്കിയ പ്രകടനമാണ് നടത്തിയത്.കാനറികൾക്കായി ഗബ്രിയേൽ ജീസൂസും റോബർട്ടോ ഫിർമിനോയും വലചലിപ്പിച്ചു. കളിയുടെ തുടക്കത്തിൽ ഒന്ന് പകച്ച് നിന്ന അർജൻറീനയെ ഞെട്ടിച്ചാണ് കാനറികൾ ആദ്യ ഗോൾ നേടിയത്. അർജന്റീനയുടെ മധ്യനിരയും പ്രതിരോധ നിരയും ഒരുപോലെ കീഴടങ്ങിയ മുന്നേറ്റത്തിന്റെ സൂത്രധാരൻ ബ്രസീൽ നായകൻ ഡാനിയേൽ ആൽവസായിരുന്നു. മെസിയുടെ മുൻ സഹതാരത്തിൽ നിന്ന് പന്ത് ലഭിച്ച റോബർട്ടോ ഫിർമിനോ അത് ഗോൾ പോസ്റ്റിന് മുന്നിൽ കാത്ത് നിന്ന ഗബ്രിയേൽ ജിസൂസിന് മറിച്ച് നൽകി.

കാൽപ്പാകത്തിന് വന്ന ക്രോസ് ഗോളിലേക്ക് മറിച്ച് വിടേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ജിസൂസിനുണ്ടായിരുന്നുള്ളൂ. ഒരു ഗോൾ വഴങ്ങിയതോടെ അൽപം കൂടെ ഉണർന്ന് കളിക്കാൻ അർജൻറീനയ്ക്ക് സാധിച്ചു. എന്നാൽ, ഒട്ടും ഒത്തിണക്കവും അനുഭവസമ്പത്തും ഇല്ലാത്ത അർജൻറീനിയൻ നിരയ്ക്ക് ബ്രസീൽ പ്രതിരോധത്തിലെ വിള്ളലുകൾ മുതലാക്കാനായില്ല.

Advertisements

മെസിയുടെ ചില നീക്കങ്ങളും ഒരു ഫ്രീകിക്കും മാത്രമാണ് അർജന്റീനക്കാർക്ക് സന്തോഷിക്കാൻ ബാക്കിയായത്. ആദ്യ പകുതിയിൽ പന്ത് കൂടുതൽ നേരം കൈയിൽ വയ്ക്കാൻ ബ്രസീലിന് സാധിച്ചെങ്കിലും ഗോൾ നേടിയതൊഴിച്ചാൽ കാര്യമായ മികച്ച നീക്കങ്ങൾ ഒന്നും മഞ്ഞപ്പടയുടെ ഭാഗത്തു നിന്നുമുണ്ടായില്ല. രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ അർജന്റീന തിരിച്ച് വരുമെന്ന് കരുതിയെങ്കിലും അതും അസ്ഥാനത്തായി. ഏയ്ഞ്ചൽ ഡി മരിയയെയും ലാ സെൽസോയെയും ഇറക്കി അർജന്റീന പരിശീലകൻ ഒരു പരീക്ഷണം നടത്തിയെങ്കിലും ഗോൾ നേടാനുള്ള ഭാവനാശേഷി കൈവരിക്കാൻ അപ്പോഴും മെസിപ്പടയ്ക്ക് സാധിച്ചില്ല.

ഇതിനിടെ കളി പലപ്പോഴും പരുക്കനായി മാറി. റഫറി ബ്രസീലിനെ കൂടുതലായി പിന്തുണയ്ക്കുന്നു എന്ന ആരോപണം താരങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അർജൻീന രണ്ടാം ഗോൾ വഴങ്ങിയത്. 71-ാം മിനിറ്റിൽ സെർജിയോ അഗ്വേറോയെ കുരുക്കി തുടങ്ങിയ കൗണ്ടറിൽ ജിസൂസ് തന്റെ പ്രതിഭയിൽ അർജന്റീന പ്രതിരോധത്തെ കീഴടക്കി പന്ത് ഫിർമിനോയ്ക്ക് നൽകി.

തകർന്ന് കിടന്ന അർജന്റീന പ്രതിരോധത്തിന് കൂടുതൽ ഒന്നും ചെയ്യാനുണ്ടായില്ല. രണ്ട് ഗോൾ വഴങ്ങിയതോടെ അർജന്റീന പരാജയം ഉറപ്പിച്ചു. അവസാന നിമിഷം പൗളോ ഡിബാലയെ കളത്തിലിറക്കി നോക്കിയെങ്കിലും എല്ലാം അപ്പാഴേക്കും തീരുമാനിക്കപ്പെട്ടിരുന്നു. ഒരിക്കൽ കൂടി കണ്ണീരുമായി മെസിയും അർജന്റീനയും പുറത്തേക്ക്.

Advertisement