രണ്ടരക്കോടി ദിര്‍ഹത്തിന്റെ വ്യാജ ചെക്ക് തട്ടിപ്പ് കേസ്, ദുബായിയില്‍ പ്രവാസികളായ പിതാവും മകനും അറസ്റ്റില്‍

55

ദുബായ്: വ്യാജ ചെക്ക് കേസില്‍ പിതാവിനേയും മകനെയും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പലരില്‍ നിന്നുമായി 2.3 കോടി ദിര്‍ഹം തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെ ദുബായ്, ഷാര്‍ജ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതി. ഏഷ്യന്‍ രാജ്യക്കാരായ അച്ഛനും മകനുമാണ് വ്യാപരികളെയും വിവിധ ഇടപാടുകാരെയും കബളിപ്പിച്ചു പണം തട്ടിയെടുത്തത്.

തട്ടിപ്പ്, വ്യാജ ചെക്ക്, പണാപഹരണം എന്നിവയില്‍ പത്ത് കേസുകള്‍ ഇപ്പോഴുണ്ടെന്നു ദുബായ് അല്‍ റഫ പൊലീസ് സ്‌റ്റേഷന് ഡയറക്ര്‍ ബ്രിഗേഡിയര്‍ അഹ്മദ് ഥാനി ബിന്‍ ഗലീത്ത വെളിപ്പെടുത്തി. ജനങ്ങള്‍ പരാതി നല്‍കിയതോടെ ഇരുവരും ദുബായ്, ഷാര്‍ജ എമിറേറ്റുകളില്‍ പൊലീസിന് പിടിത്തം കൊടുക്കാതെ കഴിയുകയായിരിക്കുന്നു.

Advertisements

അറുപത് വയസ്സ് കഴിഞ്ഞ പിതാവിനും നാല്‍പതു കഴിഞ്ഞ മകനുമെതിരെ പരാതി നല്‍കിയതില്‍ രണ്ടു വ്യാപാരികളുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ പലരില്‍ നിന്നും പണാപഹരണം നടത്തിയ ആറു കേസുകള്‍ ദുബായില്‍ നിന്നു മാത്രം ലഭിച്ചു. കേസുകളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ദുബായ് നായിഫ് പൊലീസ്‌റ്റേഷനു പുറമേ ഷാര്‍ജ പൊലീസ് സ്‌റ്റേഷനിലും കേസുകളുള്ളതായി വ്യക്തമായി. രണ്ടു എമിറേറ്റുകളിലെയും കേസുകളില്‍ 2.3 കോടി ദിര്‍ഹമിന്റെ തട്ടിപ്പാണ് പരാമര്‍ശിക്കുന്നതെന്നു ബിന്‍ ഗലീത്ത പറഞ്ഞു. കേസുകളില്‍ മകന്റെ പേരിലുള്ള 90 ലക്ഷം ദിര്‍ഹമാണു. ബാക്കി തുകയുടെ തട്ടിപ്പു കേസുകളെല്ലാം പിതാവിന്റെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യുഎഇ ദേശീയദിന അവധി നോക്കിയാണ് ബാങ്ക് ചെക്കില്‍ പ്രതികള്‍ തന്ത്രപൂര്‍വം തിയ്യതി രേഖപ്പെടുത്തിയത്. അവധി കഴിഞ്ഞു മാത്രം ആവശ്യക്കാര്‍ ബാങ്കുകളെ സമീപിക്കാന്‍ കൂടിയാണിത്. ബാങ്കുകളെ സമീപിച്ചപ്പോഴാണ് പലര്‍ക്കും കബളിപ്പിക്കപ്പെട്ട കാര്യം വ്യകതമായത്. വ്യാപാരികളില്‍ നിന്നും വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി നാമമാത്ര സംഖ്യ നല്‍കുകയും ബാക്കി വരുന്ന തുകയ്ക്ക് ബാങ്ക് ചെക്ക് നല്‍കുകയാണ് ഇവരുടെ തട്ടിപ്പ് രീതി.

മതിയായ രേഖകളും സുരക്ഷയും ഇല്ലാതെ ഇടപാകള്‍ നടത്തരുതെന്ന് ബിന്‍ ഗലീത്ത ഓര്‍മിപ്പിച്ചു. വ്യക്തമായ ധാരണയും സുതാര്യതയും ഇടപാടുകളില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഇവരുടെ അറസ്റ്റു കൊണ്ട് സാധിച്ചതിന്റെ ആശ്വാസത്തിലാണ് പൊലീസ്. ഇരുവരെയും നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.

Advertisement