ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുത്, ഇത് ഒരു പരാജയപ്പെട്ട നായകനാണ്; മാമാങ്കത്തെ കുറിച്ച് എം പത്മകുമാർ

19

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് . സിനിമയുടെ ഇതിവൃത്തം കൊണ്ട് തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രം പിന്നീട് ശ്രദ്ധ നേടിയത് അണിയറയിലെ വിവാദങ്ങളുടെ പേരിലാണ്.

Advertisements

തിരക്കഥാകൃത്തും നവാഗതനുമായ സജീവ് പിള്ളയുടെ പുറത്താകലും സംവിധായക സ്ഥാനത്തേക്കുള്ള എം പത്മകുമാറിന്റെ വരവുമെല്ലാം വലിയ വാർത്തയായി. ഷൂട്ടിങ് ഭൂരിഭാഗവും പൂർത്തിയാക്കിയ ചിത്രത്തെ ഈ വർഷം തന്നെ തീയെറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിയുടെ ലുക്ക് കൊണ്ടും പിരീഡ് ഫിലിം എന്ന രീതിയിലും ശ്രദ്ധ നേടിയ ചിത്രം ഒരു ‘ബാഹുബലി’യോ ‘പഴശ്ശിരാജ’യോ ആയിരിക്കില്ല എന്നാണ് എം. പത്മകുമാർ പറയുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസു തുറന്നത്.

ചിത്രീകരണം ഭൂരിഭാഗവും പൂർത്തിയാക്കി പോസ്റ്റ്പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് ചിത്രം പുരോഗമിയ്ക്കുകയാണെന്നും ഈ വർഷവസാനം തീയെറ്ററിൽ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ബാഹുബലിയോ പഴശ്ശിരാജയോ പ്രതീക്ഷിക്കരുതെന്നാണ് പ്രേക്ഷകരോട് ആദ്യംതന്നെ പറയാനുള്ളത്. ഒു അർത്ഥത്തിൽ ഒരു പരാജിത നായകന്റെ കഥയാണ് മാമാങ്കം. തീർച്ചയായും ആ കഥ ആവേശമുണ്ടാക്കുന്നതും ഒരു വിനോദചിത്രത്തിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്നതുമാണ്.

അന്നത്തെ സാമൂഹ്യ അധികാരശ്രേണി അനുസരിച്ച് ഭരണവർഗത്തിന് താഴെയുണ്ടായിരുന്ന മനുഷ്യരുടെ ജീവിതത്തിലേക്കാണ് സിനിമയുടെ ഫോക്കസ് എന്നും പത്മകുമാർ പറയുന്നു.

പ്രേക്ഷകർക്ക് ബോധ്യപ്പെടുന്ന രീതിയിൽ അക്കാലം പുനരാവിഷ്‌കരിക്കുക എന്നതിലായിരുന്നു ഏറ്റവും ശ്രദ്ധ പുലർത്തിയത്.

തന്റെ സംഘം പൂർത്തിയാക്കിയ ജോലിയിൽ ആവേശമുണ്ടെന്നും പത്മകുമാർ വ്യക്തമാക്കി. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. സ്വന്തം ചിത്രം എന്ന നിലയ്ക്കാണ് മാമാങ്കം പൂർത്തിയാക്കിയിട്ടുള്ളതെന്നാണ് പത്മകുമാർ പറഞ്ഞത്.

Advertisement