ലാലേട്ടന്റെ ബറോസ് പ്രീ പ്രൊഡക്ഷൻ പണികൾ തുടരുന്നു; സംവിധായകൻ മോഹൻലാലിനൊപ്പം അണിയറയിൽ പൃഥ്വിരാജും

77

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ ഭാഗമായി നടനും സംവിധായനുമായ പൃഥ്വിരാജും. ആശിർവാദ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവർ ചർച്ച നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

തിരക്കഥകൃത്ത് ജിജോ പൊന്നൂസിനും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടരുകയാണ്. പൃഥ്വിരാജ് ബറോസിന്റെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പൃഥ്വിരാജ് അഭിനയിക്കുകയാണോ, അണിയറയിൽ പ്രവർത്തിക്കുകയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ബറോസിന്റെ പ്രവർത്തനങ്ങൾക്കായി ചെന്നൈയിലേക്ക് പോയത്.

Advertisements

മാർച്ച് അവസാനത്തോടെ ബറോസിന്റെ ചിത്രീകരണം ഗോവയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാറോസിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം മറ്റു ചിത്രങ്ങളിൽ അഭിനയിക്കണം എന്ന് പലരും ആവശ്യപെട്ടിട്ടുണ്ടെങ്കിലും താരത്തിൽ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല. ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളിൽ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹൻലാൽ ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഞങ്ങൾ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അതിനാൽ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാൻ ഒന്ന് ശ്രമിച്ചു നോക്കുകയാണെന്ന് മോഹൻലാൽ പറയുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും എത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.

കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമിയെന്നുറപ്പുള്ളയാൾക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിൻതുടർച്ചക്കാരൻ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുൻഗാമികളെ കണ്ടെത്താൻ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം. ചിത്രത്തിൽ ബറോസ് എന്ന ടൈറ്റിൽ റോളിൽ എത്തുന്നത് മോഹൻലാൽ തന്നെയാണ്.

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവർ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേൽ അമർഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement