എന്ത് ആവശ്യമുണ്ടായാലും അറിയിക്കണം: ലിനുവിന്റെ അമ്മയെ ആശ്വസിപ്പിച്ച് മമ്മൂട്ടി

12

പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരിച്ച ലിനു എന്ന ചെറുപ്പക്കാരൻ ഈ പ്രളയത്തിന്റെ കണ്ണീരോർമ്മയാണ്. ചാലിയാർ കര കവിഞ്ഞ് ഒറ്റപ്പെട്ടു പോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനായി പോകവേയായിരുന്നു ലിനുവിന്റെ മരണം.

ഇപ്പോഴിതാ ലിനുവിന്റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ട് അവരുടെ ദുഃഖത്തിൽ പങ്കു ചേർന്ന് അവരെ ആശ്വസിപ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.

Advertisements

ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണിൽ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേർന്നത്. ലിനുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മമ്മൂട്ടി എന്ത് ആവശ്യമുണ്ടായാലും അറിയിക്കണമെന്നും പറഞ്ഞു. മമ്മൂട്ടിയെ പോലൊരു വലിയ മനുഷ്യന്റെ വാക്കുകൾ കുടുംബത്തിന് ഏറെ ആശ്വാസവും ധൈര്യവും നൽകുന്നതാണെന്ന് ലിനുവിന്റെ സഹോദരൻ പറഞ്ഞു.

ലിനുവിന്റെ മരണാനനന്തര ചടങ്ങുകൾ നടത്താനായി മാതാപിതാക്കളും സഹോദരങ്ങളും നിലവിൽ കുണ്ടായിത്തോടിലെ ബന്ധുവീട്ടിലാണ്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താനാണ് ക്യാംപിൽ നിന്നും ലിനു പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനാണ് യുവാക്കൾ രണ്ടു സംഘമായി രണ്ട് തോണികളിൽ പോയത്.

ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

Advertisement