വർഷങ്ങളായി തെന്നിന്ത്യൻ സനിമയിൽ നിറസാന്നിധ്യമാണ് നടി ഷീല. പഴയകാലത്ത് പ്രേം നസീർ, സത്യൻ, മധു ഉൾപ്പെടെയുള്ള മുൻനിര നായകന്മാരുടെ നായികയായി തിളങ്ങിയ ഷീല മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ്.
മലയാള സിനിമയിൽ കരുത്തുറ്റ നിരവധി നായിക കഥാപാത്രങ്ങളെ ഷീല അവതരിപ്പിച്ചിട്ടുണ്ട്. ഇടയ്ക്ക് സിനിമയിൽ ഒരു ഇടവേളയെടുത്ത ഷീല ഏറെ നാളുകൾക്ക് ശേഷം സത്യൻ അന്തിക്കായിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.
പിന്നീട് വീണ്ടും മലയാള സിനിമയിൽ സജീവമായ ഷീല ദിലീപിന് ഒപ്പം മിസ്റ്റർ മരുകനിലും മോഹൻലാലിന് ഒപ്പം സ്നേഹവീട്ടിലും അഭിനയിച്ചിരുന്നു. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ് ഷീല. അതേ സമയം തനിക്ക് സിനിമാ രംഗത്ത് നേരിട്ട അപൂർവ്വ അനുഭവം അടുത്തിടെ ഷീല പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്.
തന്നെ കെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ഒരാൾ സിനിമ എടുക്കാൻ വന്ന കാര്യം ഒരു ചാനൽ അഭിമുഖത്തിനിടെയാണ് ഷീല വെളിപ്പെടുത്തിയത്. സംഭവം ഇങ്ങനെയാണ്. ഒരിക്കൽ അമേരിക്കയിൽ നിന്നും സിനിമ നിർമ്മിക്കാനായി ഒരാളെത്തി.
സിനിമയുടെ നിർമ്മാതാവും സംവിധായകനും നായകനും താൻ തന്നെയാണെന്നും അയാൾ പറഞ്ഞു.
ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയിൽ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാൾ പറഞ്ഞു. ഇത്തരം രംഗങ്ങൾ സിനിമയിൽ പതിവാണല്ലോ. അതിനാൽ താൻ സമ്മതിച്ചുവെന്ന് ഷീല പറഞ്ഞു.
സീനിന്റെ പൂർണതയ്ക്കായി പൂക്കൾ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടർന്ന് അയാൾ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതൽ രാത്രി ഒൻപതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി.
ഉച്ചയ്ക്ക് ഊണുകഴിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലിൽ കിടക്കും. എന്നോട് ഒപ്പം കിടക്കാൻ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. ഇതിന്റെ ഗുട്ടൻസ് ഞാനടക്കം യൂണിറ്റിൽ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്.
അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോൾ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാൾ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി ഷീല പറയുന്നു.