ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പമായിരുന്നു: വെളിപ്പെടുത്തലുമായി ഉർവ്വശി

158

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിരനായികയായിരുന്നു നടി ഉർവശി. മലയാള സിനിമാ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടി ഇപ്പോഴും ശക്തമായ വേഷങ്ങളുമായി സിനിമയിൽ സജീവമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്.

പ്രസിദ്ധ നർത്തകിയും നടിയുമായ കലാരഞ്ജിനി, കല്പന എന്നിവർ ഉർവശിയുടെ സഹോദരികളാണ്. 1980 90 കാലഘട്ടത്തിലെ മലയാളികൾക്ക് പ്രിയപ്പെട്ട ഒരു നായികയായിരുന്നു ഉർവശി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

Advertisements

എന്നാൽ ഇപ്പോൾ താരത്തിന്റെ മഴവിൽ കാവടി എന്ന സിനിമയിലെ തങ്കത്തോണി എന്ന പാട്ട് രംഗത്തെ കുറിച്ചുള്ള അറിയകഥയാണ് താരം തുറന്ന് പറയുന്നത്. ഉർവ്വശിയുടെ വാക്കുകൾ ഇങ്ങനെ:

രാവിലെ എട്ടു മണിയോടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് ഓർമ്മ. അന്നെനിക്ക് വല്ലാതെ ലോ ബിപി ഉള്ള കാലമാണ്. ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ബിപി പെട്ടെന്ന് താഴും. സംവിധായകൻ സത്യൻ അന്തിക്കാട് ആക്ഷൻ പറഞ്ഞതും ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പമായിരുന്നു.

നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആഴമുള്ള കുഴിയാണ്. അവിടേക്കാണ് മൂക്കുകുത്തിയുള്ള എന്റെ വീഴ്ച്ച. ആ കിടപ്പിൽ കുറച്ചുനേരം കമിഴ്ന്നു കിടന്നത് ഓർമ്മയുണ്ട്. അപ്പോഴേക്കും ആരോ വന്നു മുഖത്ത് വെള്ളം തളിച്ചു. അധികം താമസിയാതെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയും ചെയ്തു.

ആ വീഴ്ച്ചയിൽ നിന്നുള്ള എന്റെ ഉയിർത്തെഴുന്നേൽപ്പാണ് നിങ്ങൾ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത്. ചിരിച്ച് കൊണ്ട് ഉർവശി പറഞ്ഞു. വൈകുന്നേരം നാലു മണിയോടെ ചെന്നൈയിലേക്കുള്ള ഫ്‌ലൈറ്റ് പിടിക്കേണ്ടതിനാൽ തിടുക്കത്തിൽ സീൻ എടുത്തു തീർക്കുകയാണ് സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വിപിൻ മോഹനും.

ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ഞാൻ ഓടുന്ന ഒരു ഷോട്ട് ഉണ്ട് ആ സീനിൽ. ഓട്ടം പൂർത്തിയാക്കി, ആടിനെ തിടുക്കത്തിൽ നിലത്തിറക്കിവെച്ച് തൊട്ടടുത്ത് കാത്തുനിന്ന കാറിൽ ഓടിക്കയറുകയായിരുന്നു.
സസ്‌പെൻസ് അവിടെയും അവസാനിച്ചില്ല. കോയമ്പത്തൂരിൽ ചെന്നപ്പോൾ ഫ്‌ലൈറ്റ് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറിൽ നേരെ ദിണ്ടിഗലിലേക്ക് വിട്ടു.

ആ സമയത്ത് അവിടെനിന്ന് ഒരു വണ്ടിയുണ്ടത്രേ. റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്‌ബോൾ വണ്ടി പുറപ്പെടുന്നു. ഓടിച്ചെന്ന് കയറിയതേ ഓർമ്മയുള്ളൂ. ആരോ പെട്ടിയും ബാഗും വാതിലിലൂടെ അകത്തേക്കെറിഞ്ഞതും.

സീറ്റിൽ ചെന്നിരുന്നിട്ടേ ശ്വാസം നേരെ വീണുള്ളുവെന്നും ഉർവശി പറഞ്ഞു. ഇതു മാത്രമല്ല വളരെ ബുദ്ധിമുട്ടി ത്യാഗം സഹിച്ചെടുത്ത ഇത്തരം ഗാനരംഗങ്ങൾ വേറെയുമുണ്ട്. അവയെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നതാണ് രസകരമെന്നും നടി കൂട്ടിച്ചേർത്തു.

Advertisement