മോഹൻലാലിന് മാത്രമായി പ്രത്യേക ഇളവില്ല, ഒടിടി റിലീസ് ചെയ്യുന്ന ദൃശ്യം 2 കേരളത്തിൽ ഒരു തിയറ്ററിലും കളിപ്പിക്കില്ലെന്ന് ഫിലിം ചേംബർ

60

മലയാള സിനിമയുടെ താരരാജാവ് നടൻ മോഹൻലാലിന് എതിരെ കേരളം ഫിലിം ചേംബർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം2 തിയറ്റർ റിലീസിന് അനുവദിക്കില്ലെന്നാണ് ഫിലിം ചേംബർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒടിടിയ്ക്ക് ശേഷം ചിത്രം തിയറ്റർ റിലീസാകാമെന്ന് ആരും പ്രതീക്ഷിക്കണ്ടെന്നും മോഹൻലാലിനു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. സൂപ്പർ താരത്തിനോ സൂപ്പർ നിർമാതാവിനോ പ്രത്യേക ഇളവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

പുതുവർഷ ദിനത്തിലാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായിരിക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചത്. അതേ സമയം ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അണിയര പ്രവർത്തകർ. അതിനെ എതിർത്തുകൊണ്ടാണ് ഫിലിം ചേമ്പർ രംഗത്തെത്തിയിരിക്കുന്നത്.

മോഹൻലാൽ എന്ന നടന് സിനിമ മേഖലയോട് കൂടുതൽ പ്രതിബദ്ധതയുണ്ടെന്നും ദൃശ്യം 2 ഒടിടിക്ക് നൽകരുതായിരുന്നെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് വിജയകുമാർ പ്രതികരിച്ചു. സിനിമയുടെ കാര്യത്തിൽ ചേമ്പറിന് ഒരു വേർതിരിവുമില്ല. ദൃശ്യവും സൂഫിയും സുജാതയും ഒരുപോലെ തന്നെയാണ്.

മോഹൻലാൽ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്താൽ പിന്നീട് തിയറ്ററിൽ പുറത്തിറക്കാൻ സാധിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഒരു വേർതിരിവുമില്ല. ദൃശ്യമായാലും സൂഫിയും സുജാതയായലും ഒരുപോലെയാണ്. മോഹൻലാൽ അഭിനയിച്ച പടമായാലും പുതുമുഖം അഭിനയിച്ച പടമായാലും ഒരേ കണ്ണിലാണ് ഞങ്ങൾ കാണുന്നത്.

മോഹൻലാലെന്ന നടന് മലയാള സിനിമയോട് പ്രതിബദ്ധതയും ഉത്തരവാദിത്വവും കൂടുതൽ ഉണ്ടാവേണ്ടതാണ്. അദ്ദേഹം തിയറ്ററിൽ ആളുകൾ കയറാത്ത ഈ പ്രതിസന്ധി സമയത്ത് ദൃശ്യം 2 പോലുള്ളതോ അല്ലെങ്കിൽ അതിനേക്കാൾ മികച്ച സിനിമയെടുത്ത് തിയറ്ററിൽ റിലീസ് ചെയ്ത് തിയറ്ററിലേക്ക് ആളുകളെ ആവാഹിക്കേണ്ട മനുഷ്യനാണ്.

അദ്ദേഹം ഒടിടിയിൽ സിനിമ കൊടുത്തതിൽ ഞങ്ങൾക്ക് പ്രതിഷേധമുണ്ട്. ആ സിനിമ തിരിച്ച് തിയറ്ററിൽ വന്നാൽ കളിക്കില്ല. കേരളത്തിലെ ഒരു തിയറ്ററിലും കളിക്കില്ല. അതിൽ സംശയമില്ലെന്നും വിജയകുമാർ വ്യക്തമാക്കി. ഫെബ്രുവരി 19നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.

ഏകദേശം ഒരു വർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ തീരമാനമായത് ജനുവരി ആദ്യവാരമാണ്. ദൃശ്യം 2 ഒടിടി റിലീസിനായി തീരുമാനിച്ചതിന് പിറ്റേ ദിവസമാണ് സംസ്ഥാനത്ത് തിയറ്ററുകൾ പ്രവർത്തിക്കാമെന്ന സർക്കാർ ഉത്തരവ് വന്നത്.

ഇതേ തുടർന്ന് ആദ്യം മുതലെ ഫിലിം ചേമ്പർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കുറച്ച് ദിവസം മുമ്പാണ് ചിത്രത്തിന്റെ ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടത്. ഫെബ്രുവരി എട്ടിന് പുറത്തിറക്കാനിരുന്ന ട്രെയ്ലർ ചോർന്നതിനെ തുടർന്നാണ് നേരത്തെ റിലീസ് ചെയ്തത്. അമസോൺ പ്രൈമിന് അബന്ധം പിണഞ്ഞ് ട്രെയിലർ പുറത്തുവിടുകയായിരുന്നു.

ട്രെയിലർ പിൻവലിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ വിവിധ യുട്യൂബ് ചാനലുകളിൽ ട്രെയിലർ എത്തുകായണ് ഉണ്ടായത്. ഏഴ് വർഷങ്ങൾക്കിടയിൽ ജോർജ്ജുകുട്ടിയുടെ കുടുംബത്തിന് വന്ന മാറ്റങ്ങളിലൂടെയാണ് ദൃശ്യം 2ന്റെ ട്രെയിലർ തുടങ്ങുന്നത്. തുടർന്ന് നാട്ടിൽ ആളുകൾ വരുണിനെയും ജോർജ്ജു കുട്ടിയുടെ മകളെയും കുറിച്ച് കഥകൾ പറഞ്ഞുണ്ടാക്കുകയാണ്.

ഏഴ് വർഷം മുമ്പ് ജോർജുകുട്ടിയുടെ കുടുംബത്തോട് ഉണ്ടായ നാട്ടുകാരുടെ വിശ്വാസത്തിന് ചെറിയ തോതിൽ മാറ്റം വരുന്നത് ട്രയിലറിൽ കാണാം. ചിത്രത്തിലെ പുതിയ പൊലീസ് കഥാപാത്രങ്ങളും, ഗീതാ പ്രഭാകറും ട്രെയ്ലറിലുണ്ട്. ദുരൂഹതകൾ ബാക്കിവെച്ചു കൊണ്ടാണ് ദൃശ്യം 2 ട്രെയിലർ അവസാനിപ്പിക്കുന്നത്.

Advertisement