എന്നെ മുറിയിലേക്കു വിളിപ്പിച്ചിട്ട് മോഹൻലാൽ പറഞ്ഞത് ഇങ്ങനെ: ദേവാസുരത്തിൽ വാര്യർ ആയതിനെ കുറിച്ച് ഇന്നസെന്റ്

140

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ അതിമാനുഷിക കഥാപാത്രങ്ങളിലേക്ക് തുടക്കം കുറിച്ച സിനിമയായിരുന്നു 1993 ൽ ഐവി ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദേവാസുരം. മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഡൻ എന്ന അവതാരപ്പിറവിയായിരുന്നു ദേവാസുരത്തിലൂടെ സംഭവിച്ചത്.

രഞ്ജിത് രചന നിർവ്വഹിച്ച് ദേവാസുരം അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയുടെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു. മോഹൻലാലിന്റെ സന്തത സഹചാരിയായി ദേവാസുരത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച വാര്യർ എന്ന കഥാപാത്രം ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു.

Advertisements

ഇപ്പോഴിതാ ഈ ചിത്രത്തിൽ വാര്യർ എന്ന കഥാപാത്രത്തിനായി തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ ആയിരുന്നു എന്ന് പറയുകയാണ് ഇന്നസെന്റ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ:

ഞാനും മോഹൻലാലും ഒരിക്കൽ കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു.

ഐവി ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം. മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല.

അത് മനസ്സിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി. എന്നിട്ട് ഒരു സ്‌ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു. ഞാൻ ആ സ്‌ക്രിപ്റ്റ് മുഴുവൻ വായിച്ചു.

ദേവാസുരം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാൻ മോഹൻലാലിനോടു പറഞ്ഞു വാര്യരെ ഞാൻ ചെയ്യാം.’അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ചു കൂട്ടി. ശബ്ദത്തിൽ കൂടുതൽ പതർച്ച കൊടുത്താണ് രാവണപ്രഭുവിൽ അഭിനയിച്ചത്. ഇന്നും ദേവാസുരം കാണുമ്പോൾ ഞാൻ മനസ്സ് കൊണ്ട് മോഹൻലാലിന് നന്ദി പറയും.

അദ്ദേഹം നിർബന്ധിച്ചതു കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തിലെന്ന് ഇന്നസെന്റ് തുറന്നു പറയുന്നു

Advertisement