അക്ഷയ് കുമാറിന്റെ വേഷം 2.0 വില്‍ ചെയ്യേണ്ടിയിരുന്നത് അര്‍ണോള്‍ഡ്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ശങ്കര്‍

20

ഹിറ്റ് മേക്കര്‍ ശങ്കറും സ്റ്റൈല്‍മന്നന്‍ രജനികാന്തും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ചിത്രത്തിനായി ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്.

Advertisements

അക്ഷയ് കുമാറിന്റെ മേയ്‌ക്കോവറും ഭീകര രൂപവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാര്‍സ്‌നഗറിനെ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍. നേരത്തെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഔദ്യോഗിക വിശദ്ധീകരണം ഉണ്ടായിരുന്നില്ല.

ഞങ്ങള്‍ അര്‍നോള്‍ഡിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കുകയും ഡേറ്റ് തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സമയം അദ്ദേഹത്തിന് മറ്റൊരു ഹോളിവുഡ് സിനിമ ചെയ്യേണ്ട സാഹചര്യം വന്നതിനാല്‍ അക്ഷയ് കുമാറിനെ സമീപിക്കുകയായിരുന്നു. എല്ലാവരും ഈ വേഷം ചെയ്യാന്‍ അക്ഷയ് കുമാറിനെ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ മറ്റൊന്നും പറയാതെ സമ്മതം മൂളുകയായിരുന്നു’ ശങ്കര്‍ പറയുന്നു.

ചിത്രത്തിന്റെ ഹിന്ദി റിമേക്ക് കാത്തി എന്ന പേരില്‍ എടുക്കുന്നതിന്റെ ചര്‍ച്ചകള്‍ അക്ഷയ് കുമാറും ലൈക്ക പ്രൊഡക്ഷന്‍സും തമ്മില്‍ നടത്തുന്നുണ്ടെന്നും ശങ്കര്‍ പറഞ്ഞു.

വമ്പന്‍ റിലീസിനാണ് ചിത്രമൊരുങ്ങുന്നത്. ഏകദേശം 450 തിയേറ്ററുകളില്‍ ത്രിഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ.

കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് മുളകുപാടം ഫിലിംസാണ്. ചിത്രം നവംബര്‍ 29 ന് തിയേറ്ററുകളിലെത്തും.

Advertisement