മോഹന്‍ലാല്‍ നിരവധി അവാര്‍ഡുകള്‍ നേടിയ ആളും, കേണലുമൊക്കെയാണ്: ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യണം: പ്രശ്‌നം ഉണ്ടാക്കുന്ന നടിമാരോട് കെപിഎസി ലളിത

76

കൊച്ചി: പീഡനം സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ടെന്ന് നടി കെപിഎസി ലളിത. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നങ്ങളെ അമ്മ സംഘടനയിലുള്ളൂ. സംഘടനയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല. രാജിവെച്ചവര്‍ ആദ്യം ക്ഷമ പറയട്ടെ.

Advertisements

ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. അമ്മയുടെ കെട്ടുറപ്പിനെ ഈ പ്രശ്‌നങ്ങള്‍ ഒരു തരത്തിലും ബാധിക്കില്ലെന്നും കെപിഎസി ലളിത പറഞ്ഞു. നടന്‍ സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കെപിഎസി ലളിത.

നടിയെന്ന്​ വിളിക്കുന്നതിൽ അപമാനമൊന്നുമില്ല. തന്നെയും വീട്ടിൽ അങ്ങനെ വിളിക്കാറു​ണ്ട്. പ്രശ്​നങ്ങൾ ഉണ്ടെങ്കിൽ സംഘടനക്ക്​ അകത്തായിരുന്നു പറയേണ്ടിയിരുന്നത്​. പുറത്ത്​ പരസ്യപ്പെടുത്തി സംഘടനയെ അപമാനിക്കരുത്​. സംഘടനയെ പിളർത്താനുള്ള നടപടിയാണ്​ ഇതെന്നും ലളിത കൂട്ടിച്ചേർത്തു.

സംഘടനയില്‍ നടന്ന കാര്യങ്ങള്‍ സംഘടനകത്താണ് പറയേണ്ടത്. പുറത്തുള്ള ആളുകളെക്കൊണ്ട് കൈക്കൊട്ടി ചിരിപ്പിക്കരുത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പരാതികള്‍ പറയാന്‍ പറ്റിയ സംഘടനയാണ് അമ്മയെന്നും കെപിഎസി ലളിത പറഞ്ഞു. സിദ്ദിഖിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

എന്റെ ഭര്‍ത്താവ് സംവിധാനം ചെയ്ത ഒരു പടത്തില്‍ ആദ്യം അഭിനയിച്ച കുട്ടിക്ക് അഭിനയിക്കാന്‍ പറ്റാത്തത് കാരണം ആ വേഷത്തില്‍ അഭിനയിച്ച ആളാണ് ഇപ്പോള്‍ മോഹാന്‍ലാല്‍ നടിയെന്ന് വിളിച്ചതില്‍ പരാതി പറഞ്ഞത്. സിനിമ എന്ന് പറഞ്ഞാല്‍ കിട്ടുന്ന വേഷത്തില്‍ സംതൃപ്തയാകണം. എല്ലാവര്‍ക്കും എന്നും അവസരം ലഭിക്കണമെന്നില്ല.

ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭൂകമ്പമുണ്ടാക്കി എല്ലാവര്‍ക്കും കൈക്കൊട്ടി ചിരിക്കാന്‍ എന്തിനാണ് തുനിയുന്നത്. എല്ലാവരും ചിരിക്കാനായി നോക്കിയിരിക്കുകയാണ്. മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാര്‍ഡുകള്‍ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോട് കൂടി അഭിസംബോധ ചെയ്യേണ്ട ആളാണ് അദ്ദേഹം. നടിയെന്ന് വിളിച്ചതില്‍ പരാതി പറയുന്നതില്‍ കഴമ്പില്ല.

സംഘടനയില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതില്‍ ഒരു മാന്യതയുണ്ട്. അവര്‍ വന്ന് സംഘനയോട് മാപ്പ് പറയട്ടെ. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നത് പോലെ കണക്കാക്കിയാല്‍ മതി.

കേരളത്തിലെന്നല്ല രാജ്യത്ത് തന്നെ ഏറ്റവും നന്നായി നടന്നു പോകുന്ന സംഘടനയാണ് എഎംഎംഎ എന്ന് എല്ലാവരും പറയാറുണ്ട്. പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറഞ്ഞ് ഒത്തുതീര്‍പ്പ് ഉണ്ടാക്കണം. സംഘടനയില്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്യം ഇപ്പോഴുമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു.

Advertisement