വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായി താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മിമിക്രി രംഗത്ത് നിന്നുമെത്തി ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണന്‍ ശ്രദ്ധേയനാവുന്നത്.
ബിപിന്‍ ജോര്‍ജുമായി ചേര്‍ന്ന് മൂന്നോളം സിനിമകള്‍ക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തില്‍ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി വിഷ്ണു മാറി.
ഇപ്പോഴിതാ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ കഥ പറയാനായി നടന്‍ പൃഥ്വിരാജിന്റെ അടുത്തുപോയ അനുഭവം പങ്കുവെക്കുകയാണ് താരം. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്.
പൃഥ്വിരാജിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ പലരും മുന്‍വിധിയോടെയാണ് തന്നോട് സംസാരിച്ചത്. അദ്ദേഹത്തിന് ഭയങ്കര ജാഡയാണെന്നാണ് പലരും തന്നോട് പറഞ്ഞതെന്നും എന്നാല്‍ തനിക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ വ്യത്യസ്തമായ അനുഭവമാണ് ഉണ്ടായതെന്നും വിഷ്ണു പറയുന്നു.
തന്നെ കണ്ടപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത് ആഹ്, തന്നെ എനിക്ക് അറിയാടാ എന്നായിരുന്നു. അതുകേട്ടപ്പോള്‍ തന്നെ ഒത്തിരി സന്തോഷം തോന്നിയെന്നും താന്‍ പറഞ്ഞ കഥ വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം കേട്ടതെന്നും ജാഡയുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും വിഷ്ണു പറയുന്നു.