ബ്യൂട്ടി ഓഫ് ബോള്‍ട്ട്; വെല്ലിങ്‌ടണില്‍ ധോണി പുറത്തായത് അത്ഭുത പന്തില്‍

17

വെല്ലിങ്ടണ്‍: പരുക്കുമൂലം ന്യൂസീലന്‍ഡിനെതിരെ കഴിഞ്ഞ മത്സരത്തില്‍ എം എസ് ധോണി കളിച്ചിരുന്നില്ല. പരുക്ക് മാറി വെല്ലിങ്ടണില്‍ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ധോണിയെത്തി.

Advertisements

എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ തകര്‍പ്പന്‍ ഇന്‍ സ്വിങറില്‍ മൈതാനം വിടാനായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍റെ വിധി.

ഇന്ത്യന്‍ ഇന്നിംഗ്സിലെ 10-ാം ഓവറിലെ മൂന്നാം പന്തിലാണ് ധോണിയുടെ വിക്കറ്റ് ബോള്‍ട്ട് തെറിപ്പിച്ചത്. മികച്ച ലെങ്തില്‍ പതിച്ച പന്ത് പേരുകേട്ട ഹിറ്ററായ ധോണിക്ക് ഒരവസരവും നല്‍കാതെ ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റ് കൊയ്യുകയായിരുന്നു.

പുറത്താകുമ്പോള്‍ ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുന്‍ നായകന് ഉണ്ടായിരുന്നത്. ഇതോടെ 18 റണ്‍സ് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 252 റണ്‍സില്‍ പുറത്തായിരുന്നു. മുന്‍നിര കൂപ്പുകുത്തിയപ്പോള്‍ മധ്യനിരയാണ് ഇന്ത്യയെ രക്ഷിച്ചത്.

റായുഡു സെഞ്ചുറിക്കരികെ(90) പുറത്തായപ്പോള്‍ ശങ്കറും(45) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച പാണ്ഡ്യയും(45) ആണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ റായുഡു- ശങ്കര്‍ സഖ്യം 98 റണ്‍സെടുത്തു. കിവീസിനായി ഹെന്‍‌റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്‌ത്തി.

Advertisement