പുനലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയതിന് ശേഷം മൃഗീയ ലൈംഗിക പീഡനം നടത്തിയ ക്രൂരനായ പ്രതിയ്ക്ക് 43 വർഷം തടവും ജീവപര്യന്തവും

21

കൊല്ലം: പുനലൂരിൽ 16 കാരിയെ കൊലപ്പെടുത്തുകയും ലൈംഗികമായി ഉപയോഗിക്കുകയം ചെയ്ത സംഭവത്തിൽ സമീപവാസിയായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 43 വർഷം കഠിനതടവും ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിറവന്തൂർ സ്വദേശി സുനിൽകുമാറി (43) നെയാണ് കൊല്ലം ജില്ലാ ഒന്നാം അഡീ.സെഷൻസ് കോടതി ശിക്ഷിച്ചത്.

Advertisements

വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു.

2017 ജൂലായ് 29ന് പുലർച്ചെ രണ്ടിന് പുനലൂർ നല്ലംകുളത്താണ് കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി ഉറങ്ങികിടന്ന പെൺകുട്ടിയുടെ കഴുത്തിൽ കയർ കൊണ്ട് വരിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഭവന ഭേദനത്തിനും പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്കും പത്ത് വർഷം വീതം കഠിന തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചയ്ക്ക് 6 വർഷം തടവും 25,000 രൂപ പിഴയും ലൈംഗിക കടന്നുകയറ്റത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

പെൺകുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായ കേസ് ഏറെ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. തുടർന്ന് പോലീസ് അന്വേഷണത്തിൽ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ രംഗത്ത് വരികയും ചെയ്തു.

തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടി ഒരു വർഷം തികയും മുന്നേ വിധിയുമെത്തി.

വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വമാണ് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

പ്രതിക്ക് വധശിക്ഷയായിരുന്നു ആഗ്രഹിച്ചതെങ്കിലും വിധിയിൽ തൃപ്തിയെന്ന് പെൺകുട്ടിയുടെ മാതാവും പ്രതികരിച്ചു.

Advertisement