നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാൻ പക്ഷേ: ഇതുപോലൊരു അച്ഛനും അമ്മയും ഭാഗ്യമാണ്: ഈ അമ്മയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഇന്ന് ഭൂമിയിൽ കാണില്ലായിരുന്നു: നീനുവിന്റെ നെഞ്ചു പിടയുന്ന വാക്കുകൾ

135

കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയുടെ ഇരയായ കെവിന്റെ പ്രണയിനിയായിരുന്ന നീനു ഇന്ന് ജീവിക്കുന്നത് കെവിന്റെ അമ്മയായ മേരിക്കൊപ്പമാണ്. തന്റെ മകന്റെ കൊലപാതകത്തിന് കാരണക്കാരായവരുടെ മകളെ, സഹോദരിയെ അവർ സ്വന്തം മകളെയെന്നപോലെ പോറ്റുന്നു.

അവരുടെ സ്നേഹമയമായ ജീവിതത്തിൽ കെവിന്റെ ഓർമകളുടെ പ്രകാശം പരക്കുന്നു. രക്തബന്ധമാണോ ഏറ്റവും ദൃഢമായ മനുഷ്യബന്ധം? അല്ല എന്നതിന് തെളിവാണ് മേരിയുടെ വീട്ടിലെ നീനുവിന്റെ ജീവിതം. വാടകവീടാണെങ്കിലും ഇതിപ്പോളൊരു സ്നേഹവീടാണ്. ഭൂമിയോളം ക്ഷമയും അലിവുമുള്ള, ഒത്തിരി നന്മയുള്ള ഒരമ്മ പ്രകാശം പരത്തുന്ന വീട്.

Advertisements

മൂന്ന് പെണ്ണുങ്ങളും ഒരു പുരുഷനുമാണ് ഈ വീട്ടിൽ പാർക്കുന്നത്. അപ്പൻ, അമ്മ, മകൾ നാലാമത്തെയാൾ അവരുടെ ആരുമല്ല. അതിനപ്പുറം ഈ വീടിന്റെ വെളിച്ചം ഊതിക്കെടുത്തിയ ഘാതകന്റെ മകളാണവൾ. എന്നിട്ടും ഒരേവീട്ടിൽ അവർ പരസ്പരം സ്നേഹിച്ചും കരുതിയും ചിരിച്ചും നഷ്ടപ്പെട്ടവനെയോർത്ത് വേദനിച്ചും ജീവിക്കുന്നു.

കേരളത്തിൽ റിപ്പോർട്ടുചെയ്യപ്പെട്ട ആദ്യത്തെ ദുരഭിമാനക്കൊലയിലെ ബലിയാടായ കോട്ടയം നട്ടാശ്ശേരി പ്ളാത്തറ കെവിന്റെ വീടാണിത്. കഴിഞ്ഞ മേയ് 28നാണ് കെവിൻ കൊലചെയ്യപ്പെട്ടത്. കേസിന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ പോയ ജീവനെ തിരിച്ചുപിടിക്കാൻ ആർക്കെങ്കിലും കഴിയുമോ? കെവിന്റെ അമ്മ മേരി നിറകണ്ണുകളോടെ ചോദിക്കുന്നു.

മേരിയാണ് ഈ വീട്ടിലെ വെളിച്ചം വിതറുന്ന അമ്മ. തന്റെ ആരുമല്ലാത്ത പെൺകുട്ടി എന്നതിനെക്കാൾ ഒരേയൊരു മകനെ മൃഗീയമായി ഇല്ലായ്മ ചെയ്തയാളുടെ മകളാണ്. പക്ഷേ, കഴിഞ്ഞ പതിനൊന്നുമാസത്തിനിടെ ഒരിക്കൽപ്പോലും വാക്കിലോ നോക്കിലോ മേരി അവളെ വേദനിപ്പിച്ചിട്ടില്ല.

പകരം നിറഞ്ഞ മനസ്സോടെ അവളെ സ്നേഹിക്കുന്നു, ഒരു വാശിപോലെ. അതിരാവിലെ എണീറ്റ് പഠിക്കുന്ന നീനുവിന് കട്ടൻകാപ്പിയിട്ടുനൽകുന്നു, പ്രാതലൊരുക്കി അവളെ കഴിപ്പിക്കുന്നു. ഉച്ചഭക്ഷണം ചോറ്റുപാത്രത്തിലാക്കി എടുത്തുകൊടുക്കുന്നു. കൊടുംവെയിലാ, കുട മറക്കല്ലേ എന്ന് ഓർമിപ്പിക്കുന്നു. പിന്നെ കോളേജിൽനിന്ന് അവൾ മടങ്ങിവരുവോളം അമ്മമനസ്സിന്റെ ആധിയോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്നു.

ഈ അമ്മയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ ഇന്ന് ഭൂമിയിൽ മുറിയുന്ന വാക്കുകളെ വിഴുങ്ങിനിന്നു നീനു. ആ ദിവസം ഓർമിക്കാൻ നീനുവിന് ധൈര്യമില്ല. ഇടിത്തീപോലെ തന്റെ ജീവിതത്തിനുമേൽ ദുരന്തംപതിച്ച ദിവസമാണത്. മേയ് 25നാണ് ഞാനും കെവിൻചേട്ടനും വിവാഹം രജിസ്റ്റർചെയ്യാൻ മുദ്രപ്പത്രം വാങ്ങിയതും വക്കീലിനെ കണ്ടതും.

എന്റെ വിരലിൽ മുറുകെപ്പിടിച്ച് ടെൻഷനടിക്കാതെടോ എന്നുപറഞ്ഞ് ധൈര്യം തന്നയാൾ. പിറ്റേന്ന് രജിസ്റ്റർഓഫീസിൽ ചെന്നപ്പോൾ എനിക്കുംകൂടി അറിയാവുന്ന ആരെയെങ്കിലും കൊണ്ടുവന്നാലേ രജിസ്റ്റർ ചെയ്യാനാവൂ, ഉത്തരവാദപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ കൂട്ടിവാ എന്നുപറഞ്ഞ് ഞങ്ങളെ മടക്കിയയച്ചു.

അന്ന് വിവാഹം രജിസ്റ്റർചെയ്യാനായില്ല. എന്നെ സുരക്ഷിതമായ ഒരിടത്തേക്ക് ആ രാത്രി മാറ്റിനിർത്തി. രാവിലെ നമ്മൾക്കു എല്ലാം ശരിയാക്കി പോയി കല്യാണംകഴിക്കാം പെണ്ണേ’ എന്നുപറഞ്ഞ് ചിരിച്ചോണ്ട് യാത്ര പറഞ്ഞയാളാണ്. പിന്നെ ഞാൻ കാണുന്നത് നീനു പറഞ്ഞു.

ആ രാത്രി കെവിൻ അമ്മാവന്റെ മകൻ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിൽ കഴിഞ്ഞുകൂടി. വിവാഹമണിമുഴങ്ങുന്ന ഹൃദയം. സ്നേഹിച്ച പെണ്ണ് പിറ്റേന്ന് ജീവിതത്തിലേക്ക് വന്നെത്തുന്നതിന്റെ ത്രില്ല്. വീട്ടുകാർ നീനുവിന് വേറെ വിവാഹം ആലോചിക്കുന്നതിനാൽ മറ്റാർക്കും അവളെ വിട്ടുകൊടുക്കാതിരിക്കാൻ രജിസ്റ്റർ വിവാഹത്തിന് ഒരുങ്ങുകയായിരുന്നു കെവിൻ.

സ്വന്തമായൊരു കിടപ്പാടം ഇല്ലാതിരുന്നിട്ടും സാമ്പത്തികമായി പിന്നിലായിട്ടും സ്നേഹിക്കുന്ന പെണ്ണിനെ തന്നിൽനിന്ന് അടർത്തിമാറ്റാതിരിക്കാൻ 23ാം വയസ്സിൽ അവൻ വിവാഹത്തിന് ഒരുങ്ങുകയായിരുന്നു. നീനുവിനും ഉറക്കം അകലെയായിരുന്നു. അപ്പനെയും അമ്മയെയും സഹോദരനെയും ധിക്കരിച്ചുള്ള വിവാഹമാണ്. എന്നാലും തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഒരാളിന്റെ കൈപിടിച്ചല്ലേ ഇറങ്ങിപ്പോകുന്നത്.

ഓരോന്നോർത്ത് പെരുമ്പകൊട്ടുന്ന മനസ്സോടെ, ഉറക്കംവരാതെ അവളും പുലരാൻ കാത്തുകിടന്നു. പാതിരാത്രി കഴിഞ്ഞപ്പോഴാണ് എല്ലാം മാറിമറിഞ്ഞത്. അവരുടെ സ്വപ്നങ്ങളെ തരിപ്പണമാക്കി അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. മാന്നാനത്തെത്തിയ അക്രമികൾ വീടുതകർത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയി. ആ നിമിഷത്തിലാണ് നീനുവിന്റെ ജീവിതത്തിനുമേൽ തീമഴപെയ്തിറങ്ങിയത്.

അതിനുമുമ്പ് രണ്ടുദിവസമായി അവളുടെ ജീവിതം അഗ്നിപർവതത്തിനുമുകളിലായിരുന്നു. നീനുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പരാതി നൽകിയതിനെത്തുടർന്ന്് സ്റ്റേഷനിലെത്തിയപ്പോഴുണ്ടായ സംഭവവികാസങ്ങൾ കെവിന്റെയൊപ്പം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയ അവളുടെ കൺമുന്നിൽവെച്ചാണ് കെവിനെ എസ്‌ഐ കഴുത്തിൽപ്പിടിച്ച് തള്ളിയത്, ഒരുമിച്ചുജീവിക്കാൻ അനുവദിക്കില്ലെന്ന് അപ്പൻ ചാക്കോ ആക്രോശിച്ചത്, സ്റ്റേഷനിൽ പോലീസുകാരുടെ കൺമുന്നിൽ വെച്ച് മാതാപിതാക്കൾ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചത്.

കെവിനെയും അനീഷിനെയും തന്റെ ബന്ധുക്കളുൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയതറിഞ്ഞ് ഗാന്ധിനഗർ പോലീസ്സ്‌റ്റേഷനിൽ പിറ്റേന്നുരാവിലെ കെവിന്റെ അപ്പനുമൊത്ത് വേവലാതിയോടെ കാത്തുനിന്ന മണിക്കൂറുകൾ. നേരിട്ട അപമാനങ്ങൾ. സ്വന്തം സഹോദരൻ ഉൾപ്പെട്ട ഗുണ്ടകളുടെ കൈയിൽ കെവിന്റെ ജീവന് എന്തും സംഭവിക്കാമെന്ന് അറിയാവുന്ന നീനു പോലീസുകാരുടെ കാലുപിടിച്ചുപറഞ്ഞിട്ടും ആർക്കും ദയയുണ്ടായില്ല.

അടുത്തദിവസം ഈ പെൺകുട്ടിയുടെ കണ്ണീർമുഖം നാം ഉൾക്കിടിലത്തോടെ ചാനലുകളിലും പത്രങ്ങളിലും കണ്ടിരുന്നു. അവളെ ചേർത്തുപിടിച്ച് മകന്റെ ജീവനറ്റ ശരീരത്തിനരികിൽ നിൽക്കുന്ന അപ്പൻ ജോസഫിനെ, ബോധമറ്റുവീണ അമ്മയെ, സഹോദരിയെ.

ശരീരമാസകലം മുറിവേറ്റ് സ്നേഹത്തിന്റെ ബാക്കിപത്രമായി അവൻ കിടന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പോസ്റ്റുമോർട്ടം നടത്തിയ ശരീരം 29ന് രാവിലെയാണ് വീട്ടിൽ കൊണ്ടുവരുന്നത്. അതിനുമുമ്പായി നീനുവിനെ ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ചു. ശവസംസ്‌കാരം നടന്നുകഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞതോടെ വീട് ശൂന്യമായി. വല്ലപ്പോഴും വന്നെത്തുന്ന സന്ദർശകർ മാത്രമായി. ചോദ്യചിഹ്നംപോലൊരു പെൺകുട്ടി കരഞ്ഞുതളർന്ന് ഉൾമുറിയിൽ കിടന്നു.

പോകാൻ മറ്റൊരു ഇടമില്ലാത്തതുകൊണ്ടാണോ നീനു ഇവിടെ തുടർന്നത്? എനിക്കറിയാം ഞാനീ വീട്ടിൽ ആരുമല്ലെന്ന്. കെവിൻചേട്ടൻ എന്റെ കഴുത്തിൽ മിന്നുകെട്ടിയില്ല, വിവാഹമോതിരം അണിയിച്ചില്ല, രജിസ്റ്റർഓഫീസിൽ ചെന്നിട്ടും വിവാഹം കഴിക്കാനാവാതെ വിധി മടക്കിയയച്ചവരാണ്. നിയമപ്രകാരം ഒരു രേഖയുമില്ലാത്ത വധുവാണ് ഞാൻ. പക്ഷേ, എന്റെ പ്രാണൻ ഇവിടെയാണ്. എന്നെ ഒരുപാട് സ്നേഹിച്ച ഒരാൾ ഇവിടെ ജീവിച്ചതല്ലേ. ഹൃദയംകൊണ്ട് ഞങ്ങൾ വിവാഹിതരായവരാണ്. കെവിൻ ചേട്ടന്റെ മുറി, വസ്ത്രങ്ങൾ, ചേച്ചി, മാതാപിതാക്കൾ ഇതൊക്കെ ആ സാന്നിധ്യം ഓർമിപ്പിക്കുകയാണ്. ഇതൊക്കെവിട്ട് ഞാനെ വിടെ പോകും ഓർമയിൽ മുഴുകി നീനു പറഞ്ഞുകൊണ്ടിരുന്നു.

അവൾക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെ കഴിയട്ടെ, പഠിക്കട്ടെ. എന്റെ മകൻ സ്നേഹിച്ച പെണ്ണല്ലേ. ജീവൻ പോകുമെന്നുറപ്പായിട്ടും മറക്കാൻപറ്റില്ലെന്ന് അവൻ പറഞ്ഞ പെണ്ണ്. അവളെ തള്ളിക്കളയാൻ ഞങ്ങൾക്കാവില്ല. മേരി അലിവോടെ പറഞ്ഞു. നീനുവും കെവിനും പരിചയപ്പെട്ടത് സുഹൃത്തുക്കൾ വഴിയായിരുന്നു. എപ്പോഴും ശോകംനിറഞ്ഞ നീനുവിന്റെ മുഖം കണ്ടാണ് കെവിൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

അതവനെ തകർത്തുകളഞ്ഞു. മാതാപിതാക്കൾ തമ്മിലുള്ള സ്വരച്ചേർച്ചക്കേടും കലഹവും നിത്യസംഭവം. ഇടയ്ക്ക് തടസ്സംപിടിക്കാനെത്തുന്ന നീനുവിന് കിട്ടുന്നത് പൊതിരെ തല്ല്. ഒരിക്കൽ മൂക്കിന് ടോർച്ചുകൊണ്ടുള്ള അപ്പന്റെ അടിയേറ്റ് ബോധരഹിതയായി. ആന്റിനയുടെ കമ്പി പഴുപ്പിച്ച് ശരീരം പൊള്ളിച്ചതിന്റെ പാട് അവൾ കോടതിയിലും കാണിച്ചുകൊടുത്തു.

മർദനമേൽക്കുമ്പോൾ കരഞ്ഞാൽ അമ്മ വായിൽ തുണി തിരുകുകയും മുളകുപൊടി വിതറുകയും ചെയ്തിരുന്നു. അവധിദിനങ്ങളിൽ ഹോസ്റ്റലിൽനിന്ന് വീട്ടിലേക്കുപോകാൻ നീനു ഇഷ്ടപ്പെട്ടിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട ജീവിതം. സ്നേഹിക്കാൻ ആരുമില്ലാതിരുന്ന ആ ദിവസങ്ങളിലേക്കാണ് കരുണയുള്ള മനസ്സുമായി കെവിന്റെ വരവ്.

മനസ്സിന്റെ മുറിവുകളിൽ സ്നേഹത്തിന്റെ മുറിവെണ്ണതൂവിയ കെവിനെ ഇഷ്ടപ്പെട്ടുതുടങ്ങിയത് അങ്ങനെയാണ്. കെവിൻചേട്ടന്റെ ജാതി ഞാൻ ചോദിച്ചില്ല. പണമുണ്ടോയെന്നും തിരക്കിയില്ല. ഞങ്ങൾക്കിടയിൽ സ്നേഹംമാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് രണ്ടാംവർഷ ജിയോളജി വിദ്യാർഥിനിയായിരുന്ന നീനു കെവിന്റെ മരണത്തിനുശേഷം ആഴ്ചകൾ കഴിഞ്ഞാണ് കോളേജിൽ പോയിത്തുടങ്ങിയത്. കൂട്ടുകാരുടെയും അധ്യാപകരുടെയും സ്നേഹവലയത്തിലായിരുന്നു അവളുടെ തുടർജീവിതം.

നഷ്ടപ്പെട്ട പാഠഭാഗങ്ങൾ കൂട്ടുകാർ മത്സരിച്ച് പറഞ്ഞുകൊടുത്തു. പുനലൂർ തെൻമല സ്വദേശിയായ നീനു കോട്ടയത്ത് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഹോസ്റ്റൽ ചെലവടക്കം സർക്കാർ വഹിക്കാമെന്നറിയിച്ചിട്ടും കെവിന്റെ വീട്ടിൽ താമസിക്കാൻ അവൾ ഹോസ്റ്റൽ ഒഴിവാക്കി. കെവിന്റെ അച്ഛൻ ജോസഫാണ് ബൈക്കിൽ അവളെ കോളേജിൽ കൊണ്ടുവിട്ടിരുന്നത്. വീട്ടിൽ കൂട്ടിന് കെവിന്റെ ചേച്ചിയുണ്ട്. ബിരുദാനന്തരബിരുദമുള്ള ചേച്ചി കൃപ കോട്ടയം മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരിയാണിപ്പോൾ.

നന്നേ ചെറിയൊരു ടൂവീലർ വർക്ക്‌ഷോപ്പാണ് ജോസഫിന്റെ വരുമാനമാർഗം. ഞാനൊന്നും സമ്പാദിച്ചില്ല. മക്കളെ രണ്ടാളെയും നന്നായി പഠിപ്പിച്ചു. അവൻ നന്നായാൽ നമ്മൾക്കെല്ലാമായി എന്നാണ് ഞാൻ ഭാര്യയോട് പറഞ്ഞിരുന്നത്. അവൻ ഗൾഫിൽ പോയപ്പോൾ ഒരുപാട് സന്തോഷിച്ചു. സ്ഥലം വാങ്ങണം, വീടുണ്ടാക്കണം, പെങ്ങളെ കല്യാണം കഴിപ്പിക്കണം ഇതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങൾ. ഒരാളെ സ്നേഹിച്ചുപോയെന്ന തെറ്റിന് എന്തിനായിരുന്നു ഇങ്ങനെ എന്റെ കുഞ്ഞിനെ കൊലചെയ്തത്? ജോസഫിന്റെ ചോദ്യം സമൂഹത്തോടുകൂടിയാണ്.

സർക്കാർ നൽകിയ രൂപകൊടുത്ത് ജോസഫ് അടുത്തിടെ നാലുസെന്റ് സ്ഥലംവാങ്ങി. ഇനി അവിടൊരു വീടുെവക്കണം. ഒറ്റയ്ക്ക് തുഴയുന്ന ജോസഫിന്റെ വരുമാനംകൊണ്ട് അതിനൊന്നും പറ്റില്ല. ‘നീനു ഇങ്ങനെ എത്രനാൾ?’ നാട്ടുകാരുടെയും കൂട്ടുകാരുടെയും ചോദ്യമുയരുമ്പോൾ നീനു സമചിത്തതയോടെ ചെറുതായി ചിരിക്കും. വലിയൊരു ലക്ഷ്യത്തിനുപിന്നാലെയാണ് അവളിപ്പോൾ.

ഡിഗ്രി പരീക്ഷകഴിഞ്ഞു. നന്നായി എഴുതിയിട്ടുണ്ട്. റിസൾട്ടുവരട്ടെ. എംഎസ്സിക്ക് ചേരണം. എൻട്രൻസ് എക്സാം എഴുതിയിട്ടുണ്ട്. എനിക്ക് ഇനിയും പഠിക്കണം. നല്ലൊരു ജോലി വേണം. ഇവിടത്തെ അച്ചയെയും അമ്മയെയും ചേച്ചിയെയും സഹായിക്കണം. കെവിൻചേട്ടൻ അവർക്കുവേണ്ടി കണ്ട സ്വപ്നങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാലാവുംവിധം അതുചെയ്യണം. അതെന്റെ കടമയാണ്. ഇവരുള്ളപ്പോൾ എനിക്കാരുമില്ലെന്ന തോന്നലില്ല. ഈ അമ്മയുടെ മരുമകളായി സ്വപ്നംകണ്ടിരുന്നതാണ് ഞാൻ. പക്ഷേ, ഇപ്പം ഞാനവർക്ക് മകളാണ്. ഇതുപോലൊരു അച്ഛനും അമ്മയും ഭാഗ്യമാണ്. പക്ഷേ, ഇതൊന്നും കാണേണ്ടയാൾ ഒപ്പമില്ലാതായിപ്പോയി നീനു നഷ്ടബോധത്തോടെ പറഞ്ഞു.

മേരിക്കെങ്ങനെ കഴിയുന്നു, നീനുവിനെ ഇങ്ങനെ സ്നേഹിക്കാൻ? അവർക്ക് ഇത്തിരിനേരം മിണ്ടാനായില്ല. പിന്നെ കണ്ണുതുടച്ച് പറഞ്ഞു: എന്നെ യേശു പഠിപ്പിച്ചതങ്ങനെയാണ്. എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയവരെ വെറുക്കാനെനിക്ക് എളുപ്പം കഴിയും. അവരെ സ്നേഹിക്കാൻ ഇത്തിരി പാടാണ്. ഇതെന്റെ വിധിയാണ്. മരണംവരെ അവനെയോർത്ത് കണ്ണീരൊഴുക്കാനാണ് ദൈവം വിധിച്ചത്. എന്റെ കുഞ്ഞിനെ കൊന്നവന്റെ മകളായി ഇവളെ ഞാൻ ഇന്നുവരെ ചിന്തിച്ചിട്ടില്ല. ഇവിടെ ഞങ്ങൾക്കുള്ളതിന്റെ ഒരു പങ്ക് അവൾക്കുമുണ്ട്. പകരത്തിനുപകരം ചെയ്യാൻ നമ്മൾക്ക് എന്തവകാശം.

Advertisement