പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൾ ആണ് ഞാനും; ജാതി മാറി വിവാഹം ചെയ്തതിന് പാർട്ടി കുടുംബത്തിൽ ‘ഒരുമ്പെട്ടോൾ’ ആയി മാറിയ കഥ സിപിഎം അറിയണം; തുറന്നെഴുതി സൗമ്യ ചന്ദ്രശേഖരൻ

71

പ്രണയസാഫല്യത്തിന്റെ പേരിൽ ജീവിതകാലം മുഴുവൻ തിക്താനുഭവങ്ങൾ നേരിടുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. നമ്മുടെ സമൂഹം എത്ര തന്നെ പുരോഗമിച്ചു എന്നു പറഞ്ഞാലും ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കാനുള്ള പക്വത കൈവരിച്ചിട്ടില്ലെന്ന് ചിലരുടെ അനുഭവം വ്യക്തമാക്കുന്നു. ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കുടുംബത്തിൽ നിന്നു പോലും നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്നുണ്ടെന്ന് സൗമ്യ ചന്ദ്രശേഖരന്റെ അനുഭവം പറയുന്നു.

ഇതര ജാതിക്കാരനായ അരുണിനെ വിവാഹം ചെയ്തതിന്റെ പേരിൽ കുടുംബാംഗങ്ങൾ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൗമ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. എസ്എഫ്‌ഐ കൊടി പിടിച്ച, പാർട്ടി അംഗങ്ങളുള്ള കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ സിപിഎം പാർട്ടി അറിയാനാണ് തുറന്നെഴുത്തെന്നും സൗമ്യ പറയുന്നു.

Advertisements

സ്വജാതിയിൽ അല്ലാത്ത വ്യക്തിയെ വിവാഹം ചെയ്തതിന്റെ പേരിൽ കുടുംബക്കാർക്ക് മുന്നിൽ രുമ്പെട്ടോളായ അനുഭവം ഫേസ്ബുക്കിൽ സൗമ്യ പങ്കുവെച്ചതിങ്ങനെ:

എന്നെ സ്‌നേഹിക്കുന്നവർ (സ്‌നേഹിക്കുന്നവർ മാത്രം) ഇത് മുഴുവൻ വായിക്കണം, അങ്ങനെ അല്ലാത്തവർക്ക് മനസ്സിലാകണമെന്നില്ല’പുഴു ” വൈകിയാണ് കണ്ടത്.
പുഴു എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ എന്നിലേക്ക് തന്നെ മടങ്ങി ചെന്നു. കഴിഞ്ഞ കുറെ കാലത്തെ ഓർമകളെ വീണ്ടും തൊട്ടു. ഒരു കലാസൃഷ്ടി നമ്മുടെ ഹൃദയത്തിൽ തൊടുമ്പോൾ നാം നമ്മുടെ ജീവിതമായി അതിനെ അനുഭവിക്കാൻ തുടങ്ങും.

ALSO READ- ഫെമിനിച്ചികൾക്ക് മോന്തക്ക് കിട്ടിയ അടി, കള്ളകേസിന്റെ പേരിൽ ഒരു ദിവസം പോലും ജയിലിൽ കിടക്കാതെ പ്രതികരിച്ച വിജയ് ബാബുവിന് അഭിനന്ദനങ്ങൾ: ജോമോൾ ജോസഫ്

എന്റെ ജീവിതവുമായി ഏറെ അടുത്തു നിൽക്കുന്ന ഒന്നാണ് പുഴു എന്ന സിനിമ . അതു കൊണ്ട് തന്നെ ആ സിനിമ എന്നെ വല്ലാതെ മുറിപ്പെടുത്തി.
പുഴുവിന്റെ രാഷ്ട്രീയം ഇനിയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അത്രമേൽ ജാതി വിചാരം നമ്മുടെ നാട്ടിൽ ഉണ്ട് .
സിനിമ കണ്ടതിനു ശേഷം ‘എനിക്ക് അത്ര റിയലിസ്റ്റിക്ക് ആയി തോന്നിയില്ല ഇങ്ങനെയൊക്കെ നടക്കുമോ?’ എന്നാണ് ജിനി ചേച്ചി ചോദിച്ചത്. ചേച്ചിയുടെ ചോദ്യത്തിന് ഒട്ടും വൈകാതെ ഞാൻ മറുപടി നൽകി.
‘നടക്കും, നടക്കുന്നുണ്ട്. ‘ അതും നമ്മുടെ സാംസ്‌കാരിക കേരളത്തിൽ .
ജാതി മാറി കെട്ടിയിട്ടുള്ള കുടുംബങ്ങളിൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഇതെല്ലാം സംഭവിക്കുന്നു.

കല്ല്യാണം കഴിഞ്ഞിട്ട് ഒൻപത് വർഷങ്ങൾ പിന്നിടുന്നു. ജീവിതത്തിൽ പ്രണയമുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നില്ല. അതിന് പല കാരണങ്ങൾ ഉണ്ടായിരുന്നു.
പ്രണയ വിവാഹം ആയിരുന്നു എന്ന് പറയുന്നവരെ തിരുത്തുന്നുമില്ല.
വേറെ ജാതിക്കാരൻ എന്നതായിരുന്നു എല്ലാവരുടെയും പ്രശ്‌നം. അങ്ങനെ ഞാൻ കുടുംബത്തിലെ ‘ഒരുമ്പെട്ട്യോൾ’ ആയി.
പുതിയ തലമുറയിലെ കുട്ടികൾ അവക്ജ്ഞയോടെ നോക്കുകയും മാറി നടക്കുകയും ചെയ്യുമ്പോൾ മനസ്സ് വേദനിച്ചിട്ടുണ്ട്.

പത്ത് വർഷത്തോളം ടീച്ചർ ആയി കുട്ടികളുടെ ഇടയിൽ ഇടപഴകിയിട്ടുള്ള എനിക്ക് ഇങ്ങനെയുള്ള അനുഭവം കുടുംബത്തിൽ നിന്നുണ്ടായപ്പോൾ എന്നിലെ അധ്യാപികയ്ക്ക് ഏറ്റ വലിയ മുറിവ് തന്നെ ആയിരുന്നു. ഇങ്ങനെ മാറ്റി നിർത്തപ്പെട്ട വെറുക്കപ്പെട്ട ഒരുവൾ എങ്ങനെ കുട്ടികൾക്ക് മാതൃകയാവും. ഞാൻ ഒരുപാട് വട്ടം എന്നോട് തന്നെ ചോദിച്ച ചോദ്യം ആയിരുന്നു….
സ്‌കൂളിൽ കുട്ടികളുടെ ഇടയിൽ ഒരു പ്രണയമോ മറ്റോ കാണുമ്പോൾ ഉപദേശിക്കാൻ എനിക്ക് യോഗ്യത ഉണ്ടോ എന്ന് ഞാൻ സ്വയം ചോദിച്ചു.
പക്ഷെ എന്തുകൊണ്ട് എനിക്ക് അങ്ങനെയുള്ള കാര്യത്തിൽ ഇടപ്പെട്ടുകൂടാ?
ഞാൻ ഇന്നും അടിയുറച്ചു വിശ്വസിക്കുന്നു ഒരിക്കലും എന്റെ ജീവിതം കൊണ്ട് തെറ്റായ സന്ദേശം എന്റെ മക്കൾക്ക്, ഞാൻ പഠിപ്പിക്കുന്ന കുട്ടികൾക്ക് നൽകിയിട്ടില്ല.
ജാതി മതങ്ങൾക്കതീതമായി ചിന്തിക്കാൻ കഴിയുക എന്നത് എങ്ങനെ ഒരു തെറ്റായി മാറും.
പുഴുക്കുത്തുകൾ നിറഞ്ഞ മാനസികാവസ്ഥയുമായി ജീവിക്കുന്ന അന്ധമായി ജാതിയും മതവും നോക്കുന്നവർക്ക് ഞാൻ, അല്ലെങ്കിൽ എന്നെ പോലുള്ളവർ വലിയ തെറ്റാണ്. അവർക്ക് പൊറുക്കാനും സഹിക്കാനും കഴിയാത്തത്ര അപമാനമാണ് ഞാൻ ഉണ്ടാക്കികൊടുത്തത്.
അതുകൊണ്ട് തന്നെ ഈ ഒൻപതു വർഷക്കാലവും ഫാമിലിയിലെ എല്ലാ ആഘോഷങ്ങളിൽ നിന്നും, ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. ബന്ധുക്കളിൽ ചിലർ ചില സാഹചര്യങ്ങളിൽ സംസാരിക്കും. നമ്മൾ അത് വിചാരിച്ചു വീണ്ടും സംസാരിക്കാൻ ചെല്ലുമ്പോൾ കണ്ടതായി നടക്കില്ല. പോരാത്തതിന് അപമാനവും . ഇതൊന്നും എന്നെ ബാധിച്ചിട്ടില്ല.

പക്ഷെ മക്കളോട് പോലും ഇങ്ങനെ ചെയ്യുമ്പോൾ സഹിക്കാൻ കഴിയാറില്ല.
ഒരുപാട് പ്രശ്‌നങ്ങൾ ഈ കാലയളവിൽ ഉണ്ടായി. എന്റെ അച്ഛനെപ്പോലെ ഞാൻ കരുതിയിരുന്ന എന്റെ വല്യച്ഛന്റെ പെട്ടെന്നുള്ള മരണം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന് കാരണമുണ്ട്. എന്റെ കുട്ടിക്കാലം മുതൽ ഞാൻ വളർന്നത് ആ വീട്ടിൽ ചേച്ചിയുടെയും ചേട്ടന്റെയും കൂടെയായിരുന്നു.
അത്രയധികം ഞാൻ സ്‌നേഹിച്ച വല്യച്ഛൻ നഷ്ട്ടപ്പെട്ട വേദനയിൽ ഞാൻ നിലവിളിച്ചു കരഞ്ഞപ്പോൾ ‘അത് വെറും അഭിനയം ആണെന്നും’ സാരമില്ല എന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ വന്ന ചേട്ടനെ എന്തിനവളോട് മിണ്ടാൻ പോയി? എന്ന രീതിയിൽ ചോദ്യവും ബഹളവുമൊക്കെ ആയിരുന്നു, അതും വല്യച്ഛന്റെ മകൾ തന്നെ….
നമ്മുടെ കുട്ടികൾ ആരോ ആണെന്ന് കരുതി പറ്റിപ്പോയതാണ് എന്നായിരുന്നു അതിന് ചേട്ടന്റെ മറുപടി.
അതുപോലെ അസുഖമായി വയ്യാതെ കിടക്കുന്ന മറ്റൊരു വല്യച്ഛനെ കാണാൻ രാജഗിരി ഹോസ്പിറ്റലിൽ പോയി. ആലപ്പുഴയിൽ നിന്നും ഞാൻ മക്കളുമായി തനിയെ ട്രെയിനിൽ ആണ് പോയത്.
ഹോസ്പിറ്റലിൽ കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ മകൻ, എന്റെ ജ്യേഷ്ടൻ, ‘എന്തിനു എഴുന്നള്ളിയതാണ്? ഇനി ഇവിടെ എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നറിയില്ല’ എന്ന് പറഞ്ഞു കൊണ്ട് മുറിയുടെ വെളിലേക്ക് പോയി.

ALSO READ- നല്ലൊരു വിവാഹ ജീവിതം ലഭിക്കുക, നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് അത് ലഭിക്കുക: വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ

എന്നെ കണ്ടതും എന്റെ വല്യച്ഛൻ കരയുന്നുണ്ടായിരുന്നു. അത്രയ്ക്ക് വയ്യാതായിരുന്നു അദ്ദേഹത്തിന്. എന്നെ കെട്ടിപിടിച്ചു ഉമ്മ തന്ന് അരികിൽ ഇരുത്തി. ഒന്നും മിണ്ടാതെ മാറി ഇരുന്ന പേരമ്മയോട് ‘അവളോട് മിണ്ടെടി’ എന്ന് പറഞ്ഞു സങ്കടത്തോടെ എന്നെ നോക്കിയ അച്ഛന്റെ മുഖം ഓർക്കാത്ത ദിവസങ്ങൾ ഇല്ല. ഇപ്പോഴും വയ്യാതെ കിടക്കുന്ന അച്ഛനെ (ഞാൻ അച്ഛൻ എന്ന് തന്നെയാണ് വിളിച്ചിരുന്നത് ) ഒന്നു കാണാൻ പോകാൻ ആഗ്രഹിക്കുന്നു എങ്കിലും എന്തിന് വലിഞ്ഞു കയറി വന്നു എന്ന് ചോദിക്കുന്ന ചേട്ടന്റെ മുഖം ഓർമ്മയിൽ തെളിയും.
പക്ഷെ ഇന്നുവരെയും ഈ ചേട്ടൻ എന്റെ കുട്ടിക്കാലത്ത് സ്‌നേഹത്തോടെ എന്നോട് പെരുമാറിയത് എന്റെ ഓർമ്മയിൽ പോലുമില്ല. രണ്ട് പെൺകുട്ടികളുള്ള അദ്ദേഹത്തിന് എന്നോട് മിണ്ടുന്നതു സ്വന്തം മക്കൾ കണ്ടു കഴിഞ്ഞാൽ തെറ്റായ സന്ദേശം കൊടുക്കുമോ എന്ന ഭീതിയിൽ മക്കളോടുള്ള അമിതവാത്സല്ല്യവും കൊണ്ടാണ് എന്നെ ഒഴിവാക്കി നിർത്തിയിരിക്കുന്നത്. എന്റെ മക്കളെപ്പോലും അവക്ജ്ഞയോടെ നോക്കുന്നത്. അല്ലെങ്കിൽ പിന്നെ സ്വന്തം അച്ഛനും അമ്മക്കും ഇല്ലാത്ത എന്ത് വിഷമമാണ്, അപമാനമാണ് അദ്ദേഹത്തിന് ഞാൻ ഉണ്ടാക്കികൊടുത്തത്.
SFI യുടെ സംസ്ഥാനകമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുള്ള എനിക്ക് പാർട്ടിയുടെ വലിയ പ്രവർത്തകർ ആയിട്ടുള്ള എന്റെ കുടുംബത്തിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമ്പോൾ ഞാൻ ആരോടാണ് പരാതിപ്പെടേണ്ടത്. അന്ന് SFI യിൽ ഉണ്ടായിരുന്നക്കാലത്ത് വളരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന, കുടുംബക്കാരോട് അടുപ്പമുള്ള സഖാക്കളിൽ പലരും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്.
നിങ്ങൾ അല്ലെ, എന്റെ പാർട്ടി അല്ലെ എന്നെ ജാതിമതങ്ങൾക്ക് അധീതമായി ചിന്തിക്കാൻ പ്രവർത്തിക്കാൻ പഠിപ്പിച്ചത്?

ഇപ്പോൾ ഞാൻ എങ്ങനെ നിങ്ങൾക്ക് തെറ്റുകാരി ആയി?
CPIM എന്ന എന്റെ പാർട്ടിക്ക് ഞാൻ എഴുതുന്ന തുറന്ന കത്ത് ആയിട്ട് ഇതിനെ കാണണം. പാർട്ടി കുടുംബത്തിൽ ആണ് ജാതിയുടെ പേരിൽ ഇത്രയധികം ഞാൻ അപമാനിക്കപ്പെട്ടത് എന്നത് നിങ്ങൾ കാണാതെ പോകരുത്. പാർട്ടിക്ക് വേണ്ടി കൊടി പിടിച്ചവൾ ആണ് ഞാനും ??
എനിക്ക് ഇതൊക്കെ ഇവിടെ എഴുതിയേ മതിയാകൂ,
അതിസമ്പന്നതയിൽ ജീവിക്കുന്ന അവർക്കൊന്നും ഞാനോ എന്റെ മക്കളോ ഒരു ഘടകമേ അല്ല.
ഇത് എഴുതിയതിന്റെ പേരിൽ വീണ്ടും കുറേ കുറ്റപ്പെടുത്തലുകൾ കേൾക്കും.
അതൊന്നും എനിക്ക് പ്രശ്‌നമല്ല പക്ഷെ സ്വന്തം അച്ഛൻ പോലും ഒരു പരിധി വിട്ട് എന്നോട് മിണ്ടില്ല. അതിന് കാരണം ഈ ബന്ധുക്കളോടുള്ള ഭയമാണ്.
മാറേണ്ട സാഹചര്യം ഇല്ലാതിരുന്നിട്ട് കൂടി ആ വീട്ടിൽ നിന്ന് മാറി വേറെ വീടെടുത്തു വലിയ സാമ്പത്തിക ബാധ്യതയുമായി പോകേണ്ടി വന്നത് ഇവരുടെ ഉപദ്രവവും ഞാൻ വീട്ടിൽ നിന്നാൽ എന്റെ വീട്ടുകാരെ ഒറ്റപ്പെടുത്തും എന്നുള്ള ഭയവും കൊണ്ടാണ്.

പക്ഷെ ഒന്നുണ്ട്,ഈ അനുഭവങ്ങൾ തന്നെയാണ് ജോലി നേടാനായതും സ്വന്തമായി ഭൂമി വാങ്ങിയതും ഞാനും അരുണും മക്കളുമായി ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്നതും. അരുണിനറിയാം ഞാൻ ഈ അനുഭവിക്കുന്നതൊക്കെ എന്റെ തീരുമാനം കൊണ്ടാണ് എന്ന്, അതുകൊണ്ട് കൂടിയാവാം എന്റെ കണ്ണ് നിറയാതെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു തന്നു കൂടെ നിൽക്കുന്നത്.

ALSO READ- എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം, തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും വെളിപ്പെടുത്തി ആര്യ

ഇതൊക്കെ ഇവിടെ എഴുതിയത് വേറൊന്നിനുമല്ല. ഇങ്ങനെയൊക്കെ തന്നെയാണ് ജാതി മാറി കെട്ടിയ നമ്മുടെ കേരളത്തിലെ എല്ലാ കുടുംബത്തിലെയും പെൺകുട്ടികൾ അനുഭവിക്കുന്നത് എന്ന് പറയുവാൻ വേണ്ടിക്കൂടിയാണ്.
സിനിമയിൽ മമ്മൂക്കയെക്കൊണ്ട്, പിറക്കാൻ പോകുന്ന തങ്ങളുടെ കുട്ടിക്ക് നങ്ങേലി എന്നു പേരിടുമെന്ന് പറഞ്ഞ താഴ്ന്നജാതിക്കാരനായ കുട്ടപ്പനെ ട്രോഫികൊണ്ട് ഒറ്റയടിക്ക് കൊല്ലിച്ചതിലും മറ്റൊരടിക്ക് അച്ച്വോൾ എന്ന ഗർഭിണിയായ സഹോദരിയെ കൊല്ലിച്ചതും കാണുമ്പോൾ സത്യത്തിൽ പേടി തോന്നുന്നു.
ഇത്രത്തോളമൊ അതിൽ അപ്പുറത്തേക്കോ ക്ഷമിക്കാൻ പറ്റാത്തത്ര ദേഷ്യം മനസ്സിൽ വെച്ചുകൊണ്ടാണ് എന്റെ ഏറ്റവും പ്രിയപ്പെട്ടവർ എന്റെ മുന്നിലൂടെ ജീവിക്കുന്നത്.
അത് എന്റെ ഉള്ളിലുണ്ടാക്കുന്ന മുറിവ് ഓരോ ദിവസവും ഒരു നീറ്റലായി പടരുന്നു.
ഏറെ വേദനയോടെ…..

Advertisement