ലോക റെക്കോഡ് പ്രകടനത്തോടെ ഹിറ്റ്മാൻ രോഹിത് ശർമ്മ; വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്

6

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ 22 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ വിൻഡീസിന്റെ സ്‌കോർ 15.3 ഓവറിൽ നാലിന് 98 എന്ന നിലയിൽ നിൽക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു.

മോശം തുടക്കമാണ് ഇന്ത്യക്കെതിരെ വിൻഡീസിന് ലഭിച്ചത്. എട്ട് റൺസെടുക്കുന്നതിനിടെ അവരുടെ ഓപ്പണർമാരായ സുനിൽ നരെയ്നും (4), എവൻ ലൂയിസും (0) പവലിയനിൽ തിരിച്ചെത്തി. പിന്നീടെത്തിയ റോവ്മാൻ പവലിന് മാത്രമാണ് (54) തിളങ്ങാൻ സാധിച്ചത്. നിക്കോളാസ് പൂരൻ 19 റൺസെടുത്തു. കീറോൺ പൊള്ളാർഡ് (8), ഷിംറോൺ ഹെറ്റ്മയേർ (6) എന്നിവർ പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ക്രുനാൽ പാണ്ഡ്യ രണ്ടും വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisements

നേരത്തെ രോഹിത് ശർമയുടെ (67) അർധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രോഹിത്തിന്റെ കരുത്തിൽ ടീമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യങ്ങൾ ഏറ്റെടുക്കാൻ സാധിച്ചില്ല. അല്ലെങ്കിൽ ഇതിലും മികച്ച സ്‌കോർ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെൽഡൻ കോട്ട്‌റെൽ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ശിഖർ ധവാൻ (23), വിരാട് കോലി (28), ഋഷഭ് പന്ത് (4), മനീഷ് പാണ്ഡെ (6) എന്നിവരാണ് പുറത്തായ താരങ്ങൾ. ക്രുനാൽ പാണ്ഡ്യ (20), രവീന്ദ്ര ജഡേജ (9) എന്നിവർ പുറത്താവാതെ നിന്നു. ഓപ്പണർമാരായ രോഹിത്- ധവാൻ സഖ്യം 67 റൺസ് കൂട്ടിച്ചേർത്തിരുന്നു. പിന്നാലെ കോലിയുമൊത്ത് 48 റൺസും രോഹിത് കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീടെത്തിയവരിൽ ആർക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സാധിച്ചില്ല. കോട്ട്‌റെലിനും തോമസിനും പുറമെ കീമോ പോൾ ഒരു വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം ആറിന് നടക്കും.

അതേ സമയം ടി20 ക്രിക്കറ്റിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ. കുട്ടിക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന ലോക റെക്കോഡാണ് ഹിറ്റ്മാന്റെ പേരിലായത്. 105 സിക്സുകൾ നേടിയിട്ടുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടി20ക്ക് മുമ്പ് 104 സിക്സാണ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. ഇന്ന് മൂന്നെണ്ണം കൂടി നേടിയതോടെ സിക്സുകളുടെ എണ്ണം 107 ആയി.

96 മത്സരങ്ങളിൽ നിന്നാണ് രോഹിത്തിന്റെ നേട്ടം. എന്നാൽ യൂണിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന ഗെയ്ൽ 58 മത്സരങ്ങളിൽ നിന്നാണ് 105 സിക്സ് സ്വന്തമാക്കിയത്. 76 മത്സരങ്ങളിൽ 103 സിക്സുകൾ നേടിയിട്ടുള്ള ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിലാണ് മൂന്നാമത്. 92 സിക്സുമായി കിവീസിന്റെ തന്നെ കോളിൻ മൺറോ നാലാമതുണ്ട്. മുൻ കിവീസ് താരം ബ്രണ്ടൻ മക്കല്ലമാണ് അഞ്ചാമത്.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ സ്വന്തമാക്കിയ താരവും രോഹിത്താണ് 232 ഏകദിന സിക്സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇന്റർനാഷണൽ തലത്തിൽ നാലാമനാണ് ഇന്ത്യൻ ഓപ്പണർ. ടി20യിൽ എന്തായാലും ക്രിസ് ഗെയ്ൽ ഇനി കളിക്കാനില്ലാത്തതിനാൽ തൽക്കാലം ഗപ്റ്റിലിനെ മാത്രം പേടിച്ചാൽ മതി ഇന്ത്യൻ ഉപനായകന്.

Advertisement