‘ചത്താലും വിടില്ലെടാ’ അലിസ്റ്റര്‍ കുക്കിനെ പുറത്താക്കാന്‍ തലകുത്തി മറിഞ്ഞ് കോഹ്‌ലി

25

സതാംപ്ടണ്‍: ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ നന്നായി പൂട്ടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സിന് ഇറങ്ങിയത്. ഇംഗ്ലണ്ടിന്റെ മുന്‍ നിരയെ നേരത്തെ എടുത്ത് ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ അലിസ്റ്റര്‍ കുക്കിനേയും ജെന്നിങ്‌സിനേയും നേരത്തെ നഷ്ടമായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

Advertisements

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഒരു ക്യാച്ചാണ് കുക്കിനുള്ള മടക്ക ടിക്കറ്റ് നല്‍കിയത്. മൂന്ന് മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നഷ്ടപ്പെട്ടിട്ടും മറുവശത്ത് ഉറച്ചു നിന്ന കുക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാല്‍ ഇംഗ്ലണ്ട് 18-ാമത്തെ ഓവറില്‍ 36-3 എന്ന നിലയില്‍ എത്തി നില്‍ക്കെയാണ് ഇംഗ്ലണ്ട് ആരാധകര്‍ക്ക് വേദന നല്‍കി കൊണ്ട് കുക്ക് പുറത്താകുന്നത്.

കഴിഞ്ഞ ടെസ്റ്റിലെ സൂപ്പര്‍ താരമായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഒരു ഷോര്‍ട്ട് ഡെലിവറി കുക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ചു. പന്ത് തേര്‍ഡ് സ്ലിപ്പിനെ ലക്ഷ്യമാക്കി നീങ്ങി. റിയാക്ട് ചെയ്യാന്‍ അല്‍പ്പമൊന്ന് വൈകിയെങ്കിലും നായകന്‍ വിരാട് കോഹ്‌ലി പന്ത് പിടിയിലൊതുക്കി. നിയന്ത്രണം നഷ്ടപ്പെട്ട് തല കുത്തി മറിഞ്ഞാണ് വിരാട് ക്യാച്ചെടുത്തത്. ഇതോടെ 55 നേരിട്ട് 17 റണ്‍സെടുത്ത് നിന്ന കുക്ക് പുറത്ത്.

246 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുന്നത്. 78 റണ്‍സുമായി സാം കുറനാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. 40 റണ്‍സെടുത്ത് മോയിന്‍ അലിയും മികച്ച പിന്തുണ നല്‍കി. മൂന്ന് വിക്കറ്റുമായി ബുമ്രയാണ് ഇന്ത്യന്‍ ബോളിങ്ങിനെ നയിച്ചത്. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടിന് 79 എന്ന നിലയിലാണ്. പൂജാരയും കോഹ്‌ലിയുമാണ് ക്രീസില്‍.

Advertisement