കോഹ്ലിയെ പിന്നിലാക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി രോഹിത് ശര്‍മ

19

മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരും ടീം ഇന്ത്യക്കൊപ്പമാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഒന്നാംസ്ഥാനമലങ്കരിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തൊട്ടു താഴെയുണ്ട്. ഇരുവരും തമ്മില്‍ പോയിന്റിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ.

Advertisements

ഏകദിനത്തില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളാണ് കോഹ്‌ലിയെ ഒന്നാംസ്ഥാനത്തു തന്നെ നിലനിര്‍ത്തുന്നത്. രോഹിത്താവട്ടെ ഇന്ത്യ കളിച്ച അവസാനത്തെ 10 ഏകദിന പരമ്പരകളിലും ഓരോ സെഞ്ച്വറി നേടിയിട്ടുമുണ്ട് ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്.

എന്നാല്‍ ഹിറ്റ്മാന്റെ ഈ റെക്കോര്‍ഡ് ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ പരമ്പരയില്‍ തകരുകയും ചെയ്തു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കു ശേഷം കോഹ്‌ലി നാട്ടിലേക്കു മടങ്ങിയിരുന്നു. ബിസിസിഐ താരത്തിന് വിശ്രമം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

മൂന്നാം ഏകദിനത്തിനു ശേഷം ടീം വിടുമ്പോള്‍ കോഹ്‌ലിക്കു 896ഉം രോഹിത്തിന് 876ഉം പോയിന്റാണുണ്ടായിരുന്നത്. വ്യത്യാസം 20 പോയിന്റ് മാത്രം. അവസാന രണ്ടു മല്‍സരങ്ങളിലും കളിക്കാതിരുന്നതിനാല്‍ കോഹ്‌ലിക്കു ഒമ്പതു പോയിന്റാണ് നഷ്ടമായത്.

റാങ്കിങില്‍ കോഹ്‌ലിയെ മറികടന്ന് ലോകത്തിലെ നമ്പര്‍ വണ്‍ ഏകദിന ബാറ്റ്‌സ്മാനെന്ന നേട്ടം തന്റെ പേരിലാക്കാനുള്ള അവസരമാണ് രോഹിത് നഷ്ടപ്പെടുത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയെങ്കിലും നേടിയിരുന്നെങ്കില്‍ രോഹിത് ലോക റാങ്കിങില്‍ തലപ്പത്തേക്കു കയറുമായിരുന്നു. എന്നാല്‍ കരിയറില്‍ ആദ്യമായി നമ്പര്‍ വണ്‍ ആവാനുള്ള സുവര്‍ണാവസരം മോശം പ്രകടനത്തിലൂടെ ഹിറ്റ്മാന്‍ നഷ്ടപ്പെടുത്തുകയായിരുന്നു

അവസാന രണ്ട് ഏകദിനങ്ങളില്‍ രോഹിത് തീര്‍ത്തും നിറം മങ്ങിയിരുന്നു. യഥാക്രമം ഏഴും രണ്ടും റണ്‍സാണ് രോഹിത്തിന് നേടാനായത്. മോശം പ്രകടനത്തിലൂടെ ഒന്നാംറാങ്കിലെത്താനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുക മാത്രമല്ല രോഹിത്തിന്റെ പോയിന്റിലും കുറവുണ്ടായിട്ടുണ്ട്. പുതിയ റാങ്കിങ് അനുസരിച്ച് കോലിക്ക് 887ഉം രോഹിത്തിന് 854ഉം പോയിന്റാണുള്ളത്.

Advertisement