ചങ്ങനാശ്ശേരി ദമ്പതികളുടെ ആത്മഹത്യ: സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

28

കോട്ടയം: ആത്മഹത്യ ചെയ്ത ചങ്ങനാശ്ശേരി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. മരിച്ച സുനിലിന് മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് പാടുകളാണ് ശരീരത്തില്‍ ഉള്ളത്. അത് മര്‍ദനമേറ്റ ചതവുകളല്ല. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലുണ്ടായ പാടുകളാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരുവരുടെയും കക്ഷത്തിന്റെ ഭാഗത്താണ് പാടുള്ളത്. ഇത് എടുത്തുയര്‍ത്തിയപ്പോള്‍ ഉണ്ടായ പാടുകളായിരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

മരിച്ച സുനില്‍കുമാറിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് മുഖ്യ സാക്ഷിയായ രാജേഷ് പറഞ്ഞു. മരിച്ച സുനില്‍കുമാറിനൊപ്പം രാജേഷിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സജികുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാജേഷ്.

സ്വര്‍ണാപഹരണക്കേസില്‍ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചശേഷമാണ് ദമ്പതികള്‍ ജീവനൊടുക്കിയത്. സി.പി.ഐ.എം. നഗരസഭാ കൗണ്‍സിലറും സ്വര്‍ണക്കടയുടമയുമായ അഡ്വ. സജികുമാറിന്റെ പരാതിയിലാണ് സുനിലിനെ പൊലീസ് ചോദ്യം ചെയ്തത്. പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം വീട്ടിലെത്തിയ പുഴവാത് ഇല്ലമ്പള്ളില്‍ സുനില്‍(31) ഭാര്യ രേഷ്മ(27)യ്‌ക്കൊപ്പമാണ് വാകത്താനത്തെ വാടകവീട്ടില്‍ ജീവനൊടുക്കിയത്.

സജികുമാറിന്റെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരനായിരുന്ന സുനില്‍ ഇവിടെനിന്ന് 400 ഗ്രാം സ്വര്‍ണം അപഹരിച്ചുവെന്നായിരുന്നു പരാതി. ചങ്ങനാശ്ശേരി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ സുനിലിനെ എസ്.ഐ ഷമീര്‍ഖാന്‍ ക്രൂരമായി മര്‍ദിച്ചെന്നും അതിലുള്ള മനോവിഷമവും സ്വര്‍ണത്തിനുപകരം പണം നല്‍കാനുള്ള സ്ഥിതിയും ഇല്ലാതെ വന്നതോടെ ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചങ്ങനാശേരി തഹസില്‍ദാര്‍ ജിജോ ടി. മനോജിന്റെ സാന്നിധ്യത്തില്‍ നടത്തിയ ഇന്‍ക്വസ്റ്റില്‍ മര്‍ദനമേറ്റെന്നു പ്രഥമദൃഷ്ട്യാ തെളിയിക്കുന്ന ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. സുനിലിന്റെ ആന്തരികാവയങ്ങള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ എന്ന് ഉന്നത പൊലീസ് അധികൃതര്‍ പറയുന്നു. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തു.

ആര്‍.ഡി.ഒ.യുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചങ്ങനാശേരി തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെതിരേ കോട്ടയം ഡി.സി.സി. പ്രസിഡന്റ്് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. പ്രതിഷേധം കനത്തതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മനെ ഉച്ചകഴിഞ്ഞു മൂന്നരയോടെ വിളിച്ചുവരുത്തി വീണ്ടും ഇന്‍ക്വസ്റ്റ് നടത്തി. ഇതിനുശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നു രാവിലെ 2.30 ന് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഫാത്തിമാപുരത്തുള്ള വി.എസ്.എസ്. ശ്മശാനത്തില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കും.

ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ ചങ്ങനാശേരി പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്‌റ്റേഷന്‍ ഉപരോധിച്ച ബി.ജെ.പി. പ്രവര്‍ത്തകരെ പൊലീസ് ബലമായി നീക്കം ചെയ്യുന്നതിനിടെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിക്ക് പരുക്കേറ്റു.

ആത്മഹത്യാക്കുറിപ്പില്‍ സജികുമാറിന്റെയും എസ്.ഐയുടെയും പേര്

ചങ്ങനാശേരി: സുനിലിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പില്‍ സജികുമാറിന്റെയും എസ്.ഐ. ഷമീര്‍ഖാന്റെയും പേരുകള്‍. മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണെന്നും കത്തില്‍ പറയുന്നു.

”സുനില്‍ സജിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. 100 ഗ്രാം ചേട്ടന്‍ പലപ്പോഴായി എടുത്തിട്ടുണ്ട്. ബാക്കി സ്വര്‍ണം സജികുമാര്‍ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവന്‍ ഉത്തരവാദിത്വവും ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇനി ഞങ്ങളുടെ മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ല ” കുറിപ്പില്‍ പറയുന്നു.

എട്ടുലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നല്‍കാമെന്ന് എസ്.ഐ സുനിലിനെക്കൊണ്ടു മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതിച്ചു. ഞങ്ങള്‍ക്ക് കൊടുക്കുവാന്‍ ഒരു മാര്‍ഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങള്‍ മരിക്കുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

Advertisement