കുമ്പളങ്ങി നൈറ്റ്സിലെ അമ്മ അംബികാ റാവുവിന് ഡയാലിസിസ് ചെയ്യാൻ അടിയന്തിര സഹായം ലക്ഷം രൂപ നൽകി ജോജു ജോർജ്, കൈയ്യടിച്ച് ആരാധകർ

123

സൂപ്പർഹിറ്റ് സിനിമയായിരുന്ന കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോളുടെയും സിമിയുടെയും അമ്മയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച താരമാണ് നടി അംബികാ റാവു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിൽ കഴിഞ്ഞുവരികയായിരുന്നു താരം.

സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയായിരുന്നു ഇത്രയും നാളും ചികിൽസ നടന്നത്. നിലവിൽ ആഴ്ചയിൽ രണ്ടുതവണ നടിക്ക് ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. ചികിൽസ മുന്നോട്ടുകൊണ്ടു പോവാൻ സുമനസുകളുടെ സഹായം ആവശ്യമാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ അംബികാ റാവുവിന് സഹായവുമായി നടൻ ജോജു ജോർജ്ജ് രംഗത്തെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ സാജിദ് യാഹിയയാണ് കുമ്പളങ്ങി താരത്തിന്റെ കാര്യം ജോജുവിനെ അറിയിച്ചത്. തുടർന്ന് നടിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം നൽകുകയായിരുന്നു ജോജു. സാജിദ് യാഹിയ ഇതിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

നന്ദി ജോജു ഏട്ടാ ആ നല്ല മനസിന് എന്ന കുറിച്ചുകൊണ്ടാണ് സംവിധായകൻ എത്തിയത്. സംവിധായകരായ ലാൽ ജോസ്, അനൂപ് കണ്ണൻ, നടന്മാരായ സാദിഖ്, ഇർഷാദ് തുടങ്ങിയവർ ഉൾപ്പെടുന്ന സൗഹൃദ കൂട്ടായ്മയും അംബികാ റാവുവിന് സഹായവുമായി മുന്നിൽ തന്നെയുണ്ട്. അഭിനയത്തിന് പുറമെ സഹ സംവിധായികയായും മലയാളത്തിൽ പ്രവർത്തിച്ച താരമാണ് അംബിക റാവു.

ഇത്രയും നാൾ സഹായവുമായി കൂടെയുണ്ടായിരുന്നത് സഹോദരൻ അജിയായിരുന്നു. എന്നാൽ അജിക്ക് സ്ട്രോക്ക് വന്നതോടെ നടിയുടെ ചികിൽസ പ്രതിസന്ധിയിലാവുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ ദിലീപിന്റെ മീശ മാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ് തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

കൂടാതെ തൊമ്മനും മക്കളും, സോൾട്ട് ആന്റ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും അംബിക റാവു പ്രവർത്തിച്ചിരുന്നു.

Advertisement