ഞെട്ടിച്ച് ത്രില്ലടിപ്പിച്ച് ഫഹദ് ഫാസിലിന്റെ ‘സി യു സൂൺ’

18

-ഫഖ്‌റുദ്ധീൻ പന്താവൂർ

ഞെട്ടിച്ചുകളഞ്ഞ ത്രില്ലർ മൂവി, ഒറ്റവാക്കിൽ സി യു സൂൺ എന്ന സിനിമയെ ഇങ്ങനെ വിശേഷിക്കാം. മൊബൈലിൽ ചിത്രീകരിച്ച ഈ സിനിമ പുതിയ സാധ്യതകളെ വിജയകരമായി അടയാളപ്പെടുത്തുന്നുണ്ട്.

Advertisements

മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സി യു സൂൺ’ ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരു പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് പറയുന്നത്.

കഥാപാത്രങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കമ്യൂണിക്കേഷനിലൂടെയാണ് (ചാറ്റ് ബോക്‌സുകൾ, വീഡിയോ കോളുകൾ) സിനിമ പോകുന്നത്. തുടക്കത്തിൽ ഒരു കല്ലുകടിയായെങ്കിലും പതിയെ പുതിയ ചലച്ചിത്രഭാഷ്യം നമ്മെ പിടിച്ചിരുത്തും.

യുഎഇയിലെ ഒരു ബാങ്കിൽ ക്ലയൻറ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റോഷൻ മാത്യു അവതരിപ്പിക്കുന്ന ജിമ്മി കുര്യൻ എന്ന കഥാപാത്രം ഒരിക്കൽ ഒരു ഡേറ്റിംഗ് ആപ്പിലൂടെ പെൺകുട്ടിയുമായി (ദർശന രാജേന്ദ്രൻ) അടുപ്പത്തിലാവുന്നു. വേഗത്തിൽ വളരുന്ന പരിചയം അവരെ വിവാഹം കഴിക്കണമെന്ന അയാളുടെ ആഗ്രഹത്തിലേക്കും വളർന്നെത്തുന്നു.

എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഏതാനും ദിവസം ഒരുമിച്ച് കഴിയുന്നുവെങ്കിലും പൊടുന്നനെ അപ്രത്യക്ഷയാവുകയാണ് ആ പെൺകുട്ടി. തുടർന്ന് കെവിൻ എന്ന ഹാക്കർ ഈ പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിൽ നിഗൂഡമായ പല സത്യങ്ങളും തിരിച്ചറിയുന്നു.

കെവിൻ നടത്തുന്ന അന്വേഷണങ്ങളും അതിലൂടെ പുറത്തുവരുന്ന കടുത്ത യാഥാർഥ്യങ്ങളുമാണ് സിനിമ.
മറ്റ് രണ്ട് കഥാപാത്രങ്ങൾ ജിമ്മിയുടെ അമ്മയും (മാലാ പാർവ്വതി) യുഎഇയിൽ തന്നെയുള്ള അയാളുടെ ഒരു ഡോക്ടർ സുഹൃത്തുമാണ് (സൈജു കുറുപ്പ്).

വളരെ ലിമിറ്റഡ് ആയ സാഹചര്യങ്ങൾ ഉപയോഗിച്ച് വൈകാരികമായ അടിയൊഴുക്കുകളുള്ള ഒരു ത്രില്ലർ സൃഷ്ടിക്കുന്നതിൽ സംവിധായകൻ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്.

(99460258 19, അധ്യാപകനും മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)

Advertisement